ബഹിരാകാശത്ത്‌ ഞാറുനട്ട്‌ ചൈന



ബഹിരാകാശനിലയത്തിൽ കുറഞ്ഞ സമയംകൊണ്ട്‌ ‘ഞാറുനട്ട്‌’ ചൈന.  ടിയാഗോങ്‌ നിലയത്തിൽ ആരംഭിച്ച പരീക്ഷണങ്ങളുടെ ഭാഗമായാണ്‌ കഴിഞ്ഞദിവസം മൈക്രോ ഗ്രാവിറ്റിയിൽ നെൽവിത്തുകൾ മുളച്ചത്‌.  കൂടാതെ കടുകുചെടിയും പൂത്തു. തങ്ങളുടെ ബഹിരാകാശ ഉദ്യാനം തഴച്ചുവളരുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ഷെൻഷു 14–-ാം ദൗത്യ ഗഗനചാരികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഭൂഗുരുത്വാകർഷണമില്ലാത്ത മേഖലകളിൽ ചെടികളുടെ വളർച്ചയും മാറ്റങ്ങളും പഠിക്കുന്നതിനും ഭാവി ഗോളാന്തരയാത്രകളിൽ ഭക്ഷ്യവസ്‌തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ ആരായുകയാണ്‌ ലക്ഷ്യം. നെൽച്ചെടിയുടെ വളർച്ച അത്ഭുതകരമെന്ന്‌ ഗവേഷകർ പറയുന്നു. കടുകുചെടിയും വേഗത്തിൽ വളർന്ന്‌ പൂവിട്ടു കഴിഞ്ഞു. ഇവയുടെ സമ്പൂർണ ജീവിതചക്രം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണ്‌ ഗവേഷകർ. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിലും ഇത്തരം പരീക്ഷണം നടക്കുന്നുണ്ട്‌. പച്ചക്കറികളും  ധാന്യങ്ങളും വിളയിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ്‌ ഇത്‌. ചൈനയുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാഗോങ്ങിന്റെ നിർമാണം കഴിഞ്ഞവർഷം ഏപ്രിലിലാണ്‌ തുടങ്ങിയത്‌. പ്രധാന ഭാഗമായ ടിയാൻഹെ വിക്ഷേപിച്ചായിരുന്നു തുടക്കം. ജൂണിൽ ആദ്യ ഗഗനചാരികൾ നിലയത്തിലെത്തി. 400 കിലോമീറ്ററിന്‌ മുകളിൽ ഭൂമിയെ വലംവയ്‌ക്കുന്ന നിലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗമാണ്‌ പുരോഗമിക്കുന്നത്‌. ഏറ്റവും ആധുനിക സംവിധാനങ്ങളും പരീക്ഷണ ഉപകരണങ്ങളമുള്ള നിലയം ഈവർഷം അവസാനം പൂർണസജ്ജമാകും. നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിന്റെ ദൗത്യ കാലാവധി വരുംവർഷങ്ങളിൽ അവസാനിക്കും. ഇതോടെ  കൂടുതൽ മികച്ച സാങ്കേതിക വിദ്യകളോടുകൂടിയ പകരക്കാരനാകുകയാണ്‌ ടിയാഗോങ്‌. നിലവിൽ ഒരു വനിതയടക്കം മൂന്ന്‌ ബഹിരാകാശയാത്രികരാണ്‌ ടിയാഗോങ്ങിൽ ഉള്ളത്‌. ഈവർഷം ജൂണിലാണ്‌ ഇവർ എത്തിയത്‌.  നിലയത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനൊപ്പം മറ്റു പരീക്ഷണങ്ങളും ഇവർ നടത്തും. Read on deshabhimani.com

Related News