‘‘എന്റെ മകനെ രക്ഷിച്ചത് ജോ’’



തൃക്കാക്കര പൂണിത്തുറ ചമ്പക്കര ചർച്ച്‌ റോഡിലെത്തിയ ഡോ. ജോ ജോസഫിനെ ചേർത്തുപിടിക്കുമ്പോൾ ആ അമ്മയുടെ കണ്ണു നിറഞ്ഞു. രണ്ടു കൈയും തലയിൽവച്ച്‌ അനുഗ്രഹിച്ചു. എന്നിട്ടും മതിവരാതെ, ഡോ. ജോ പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോൾ പുഷ്‌പകിരീടമണിയിച്ച്‌ തോപ്പുപറമ്പിൽ സരള പറഞ്ഞു ‘എന്റെ മകനെ രക്ഷിച്ച ഡോക്ടറാണ്‌. ലിസി ആശുപത്രിയിലായിരുന്നു ഓപ്പറേഷൻ. രണ്ട്‌ ബ്ലോക്കുണ്ടായിരുന്നു. ഇതുപോലെ നല്ല മനുഷ്യരല്ലേ ജയിക്കേണ്ടത്‌. ജോ ഡോക്ടർ ജയിച്ചിരിക്കയാണ്‌.’ സരള നിർത്താതെ പറഞ്ഞു. മകൻ സുനിലിനെ രണ്ടു വർഷംമുമ്പാണ്‌ ഡോക്ടർ ശസ്‌ത്രക്രിയയിലൂടെ രക്ഷിച്ചത്‌. ചമ്പക്കര ഫിഷ്‌ മാർക്കറ്റിൽ മാതാ ഫിഷിലെ സ്‌റ്റാഫാണ്‌ സുനിലെന്ന്‌ സഹോദരൻ അനീഷ്‌ പറഞ്ഞു. ഇപ്പോൾ കുടുംബസമേതം എരൂരിലാണ്‌ താമസം. പര്യടനം വൈകിയെങ്കിലും ഒരോ കേന്ദ്രങ്ങളിലും വലിയ ജനക്കൂട്ടം സ്വീകരിക്കാനെത്തി. സുദർശനം വീടനുമുന്നിൽ കാത്തുനിന്ന മൂന്നുവയസ്സുകാരി ജാൻവി കൃഷ്‌ണയ്‌ക്ക്‌ ഒരു റോസപ്പൂ നീട്ടി ജോ ജോസഫിന്റെ വാത്സല്യം. പുഞ്ചിരിപ്പൂവായി കുരുന്നിന്റെ മറുപടി. കസ്‌റ്റംസ്‌ കോളനിയിൽ പഴക്കൂട നിറയെ ഫലങ്ങളുമായി സ്വീകരണം. ചമ്പക്കര ചർച്ച്‌ റോഡിൽ പ്രകമ്പനമായി സൂരജ്‌, ശ്യാം, വിഘ്‌നേഷ്‌ എന്നീ മൂവർസംഘത്തിന്റെ നാസിക്‌ ഡോൾ. തൈക്കൂടത്ത്‌ താളതരംഗം. രാവിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ച് പിന്തുണതേടിയാണ് ഡോ. ജോ ജോസഫ് വെള്ളിയാഴ്‌ചത്തെ പര്യടനം ആരംഭിച്ചത്. വാഴക്കാല കുന്നേപ്പറമ്പിലെ കെന്റ് ഓക്ക് വില്ല സന്ദർശിച്ച ഡോ. ജോ ജോസഫ്‌ അവരുടെ ബുദ്ധിമുട്ടികൾ ചോദിച്ച് മനസ്സിലാക്കി. മന്ത്രി വി അബ്ദുറഹ്‌മാൻ, എ എൻ ഷംസീർ എംഎൽഎ എന്നിവരോടൊപ്പം സർക്കാരിന്റെ ഒന്നാംവാർഷികം കെന്റിലെ നിവാസികളൊടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് തന്റെ പുസ്തകമായ ‘ഹൃദയപൂർവം ഡോക്ടർ' സമ്മാനിച്ചു. പടമുകൾ പള്ളി കെ ടി ജലീൽ എംഎൽഎയോടൊപ്പം സന്ദർശിച്ചു. വെണ്ണല തളിപ്പറമ്പിലെ ഭവനസന്ദർശനത്തിൽ ദേവസ്വംമന്ത്രി കെ രാധാകൃഷ്ണനും പങ്കെടുത്തു. Read on deshabhimani.com

Related News