ലൊഖി സൊരൺ ; കണ്ണീർകൊണ്ട് 
കരുത്തയായവൾ

ലൊഖി സൊരൺ സഹോദരൻ ലൊഖിറാം മുർമുവിനൊപ്പം


തൃശൂർ ലൊഖി സൊരന്റെ  ഓർമയിൽ ഇന്നും ആ രാത്രിയുണ്ട്. ലൊഖിയെയും കുഞ്ഞുങ്ങളെയും അനാഥമാക്കിയ 2009 ആഗസ്ത് 13 ലെ ചോര മണക്കുന്ന  രാത്രി. ഭർത്താവ് സുരേന്ദ്ര മുർമു കൺമുന്നിൽ അതിക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ ഓർമകൾ കടലിരമ്പമായി എത്തുമെങ്കിലും ലൊഖി ഇപ്പോൾ കരയാറില്ല. ഭർത്താവ് കൈയിലേന്തിയ ചെമ്പതാക കൂടുതൽ മുറുകെപ്പിടിച്ച്  യാത്ര തുടരുകയാണ്. ജാർഖണ്ഡിലെ  ജാംതോടയിൽ കർഷകയായ ലൊഖി സഹോദരൻ ലൊഖിറാം മുർമുവിനൊപ്പമാണ്  സമ്മേളനത്തിനെത്തിയത്. പാടങ്ങളിൽ സ്വയം ഉരുകിത്തീരുന്ന കർഷകരുടെ മുഖമായിരുന്നു ലൊഖി സൊരണിന്‌.  ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാനുള്ള  ശ്രമം തടഞ്ഞതിനാണ് ലൊഖിയുടെ ഭർത്താവ് സുരേന്ദ്ര മുർമുവിനെ ഭൂസ്വാമിമാരുടെ ദല്ലാളുകൾ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഒപ്പമുണ്ടായിരുന്ന ലൊഖിക്കും പിറകിൽ കഠാരകൊണ്ട് മാരകമായ കുത്തേറ്റു. ഇന്നും ദേഹത്ത് ആ പാടുണ്ട്. 2018 ൽ രോഗം ബാധിച്ച് മകനും നഷ്ടമായി. എങ്കിലും തളരാതെ ജാർഖണ്ഡിലെ കർഷകർക്കും തൊഴിലാളികൾക്കുമായുള്ള പോരാട്ടത്തിന്റെ മുൻനിരയിലുണ്ട് ലൊഖി. "എട്ടുമണിക്കൂർ ജോലി ചെയ്താൽ 200 രൂപയാണ് കൂലി’. കേരളത്തിൽ ഇത് 900 മുതൽ 1200 വരെ നീളുമെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ അത്ഭുതംകൊണ്ട് വിടർന്നു. "തൊഴിലുറപ്പ് പദ്ധതി മുഴുവനായും ബിജെപിക്കാരായ ദല്ലാൾമാരുടെ കൈയിലാണ്. സ്വന്തംതൊഴിൽ കാർഡ്പോലും കൈയിൽ വയ്ക്കാൻ അവകാശമില്ലാത്തവരാണ് ജാർഖണ്ഡിലെ തൊഴിലാളികൾ. ദല്ലാൾമാരാണ് തൊഴിൽ തരുന്നത്. കൂലി അവർക്ക് ആവശ്യമുള്ളത് എടുത്ത് ബാക്കി തൊഴിലാളികൾക്ക് നൽകും. സമരം ചെയ്തവരെ സർക്കാർ തീവ്രവാദികളും ദേശവിരുദ്ധരുമാക്കി ജയിലിലടയ്‌ക്കും’–- ലൊഖി പറഞ്ഞു. കിസാൻസഭ ജാർഖണ്ഡ് സംസ്ഥാന കമ്മിറ്റി അംഗംകൂടിയാണ് ലൊഖി സൊരൺ.   Read on deshabhimani.com

Related News