സുലേഖയ്‌ക്ക്‌ സുഖമായി; 
താങ്ങായവർക്ക്‌ നന്ദി



കൊച്ചി> ‘ഈ സഹായത്തിന്‌ ഞങ്ങൾ എങ്ങനെയാണ്‌ നന്ദി പറയുക...’ നർത്തകി കൂടിയായ ഭാര്യ സുലേഖയുടെ തേഞ്ഞുതീർന്ന കാൽമുട്ടുകൾ സൗജന്യമായി മാറ്റിവച്ച എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരോട്‌ അതിരില്ലാത്ത സ്‌നേഹവും കടപ്പാടും അറിയിക്കുകയാണ്‌ പ്രശസ്‌ത നാടകപ്രവർത്തകനും സംസ്ഥാന സർക്കാരിന്റെ ഗുരുപൂജ പുരസ്‌കാരജേതാവുമായ കബീർദാസ്‌. സുലേഖ (59)യും 45 വർഷം സജീവ നാടകപ്രവർത്തകയായിരുന്നു. കാലം ദമ്പതികൾക്ക്‌ സമ്മാനിച്ചത്‌ രോഗങ്ങൾ മാത്രം. സർക്കാരിന്റെ ക്ഷേമപെൻഷൻ മാത്രമാണ്‌ ഏക ആശ്രയം. വാടകവീട്ടിൽ മകൻ പ്രവീൺദാസും കുടുംബവും കൂടെയുണ്ട്‌. അവർക്കും വരുമാനമില്ല. സമീപവാസിയും എറണാകുളം മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം മേധാവിയുമായ ഡോ. എ എം ജോർജ്കുട്ടിയാണ്‌ കൊല്ലം സ്വദേശികളായ ഇവരെ ആശുപത്രിയിൽ എത്തിച്ചത്‌. സുലേഖയ്‌ക്ക്‌ നടക്കാനാകില്ലായിരുന്നു. രണ്ടുലക്ഷം രൂപ ചെലവ്‌ വരുന്ന ചികിത്സയ്‌ക്ക്‌ ആരോഗ്യ ഇൻഷുറൻസായിരുന്നു പ്രതീക്ഷ. എന്നാൽ, കാർഡ്‌ പുതുക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ്‌ മെഡിക്കൽ കോളേജ്‌ അധികൃതർ ഇവരെ ചേർത്തുപിടിച്ചത്‌. കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ പ്രയോജനപ്പെടുത്തി രണ്ടുലക്ഷം രൂപ അനുവദിച്ച്‌ ശസ്‌ത്രക്രിയ സൗജന്യമായി ചെയ്യാൻ സൂപ്രണ്ട്‌ ഡോ. ഗണേഷ്‌ മോഹൻ സഹായിച്ചു. 15 ദിവസത്തിനുശേഷം  സുലേഖ ആശുപത്രി വിട്ടു. ഇപ്പോൾ കാൽമുട്ടിന്‌ വേദനയില്ല.  രണ്ട്‌ കാൽമുട്ടും ഒരേസമയം ശസ്‌ത്രക്രിയ ചെയ്യുന്ന സംസ്ഥാനത്തെ ഏക സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയാണ്‌ എറണാകുളത്തേത്‌. ഒന്നരവർഷത്തിനിടെ 250 ശസ്‌ത്രക്രിയ ചെയ്‌തെന്ന്‌ ഡോ. എ എം ജോർജ്‌കുട്ടി പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നാലരമുതൽ ആറുലക്ഷം രൂപവരെയാണ്‌ ചെലവ്‌.   Read on deshabhimani.com

Related News