എൻഐഎയെ പേടിച്ച്‌ പ്രതിപക്ഷം



തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ വിവാദം മറയാക്കി മുതലെടുപ്പിനിറങ്ങിയ പ്രതിപക്ഷത്തിന്‌ എൻഐഎ അന്വേഷണം തലവേദനയാകും. എൻഐഎ വലയിൽ ആരൊക്കെ കുടുങ്ങുമെന്നത്‌ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും ബിജെപിയെയും  ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്‌.  കേസിൽ പ്രതിചേർത്തവരിൽ സ്വപ്‌ന സുരേഷ്‌ ഒഴികെയുള്ളവർ ബിജെപിക്കാരാണ്‌. സ്വപ്‌നയാകട്ടെ ബിജെപി നേതാക്കളുടെ സുഹൃത്‌വലയത്തിൽപ്പെട്ടയാളും. ഇതോടെയാണ്‌  എൻഐഎ പോര എന്ന ആവശ്യമുയർത്തി പ്രതിപക്ഷം തത്തിക്കളിക്കുന്നത്‌. സ്വർണത്തിന്റെ ഉറവിടം, ആർക്കുവേണ്ടി കടത്തി, ലഭിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന്‌ ഉപയോഗിച്ചോ തുടങ്ങിയ വിവരങ്ങളാണ്‌ പുറത്തുവരേണ്ടത്‌. ഇത്‌ അന്വേഷിക്കാൻ ഉതകുന്ന ഏജൻസിയെന്ന നിലയിലാണ്‌ എൻഐഎ കേസ്‌ ഏറ്റെടുക്കുന്നതും. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ എൻഐഎയെ തള്ളിപ്പറഞ്ഞത്‌ ദുരൂഹമാണ്‌. സിബിഐ, എൻഐഎ, റോ എന്നിവയുടെ പ്രവർത്തനരീതി അറിയുന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ തെളിഞ്ഞത്‌ സത്യം പുറത്തുവരരുതെന്ന ഗൂഢലക്ഷ്യമാണ്‌.സാധാരണ കൊലപാതക, അഴിമതിക്കേസുകളുമാണ്‌  സിബിഐ അന്വേഷണപരിധിയിൽ വരുന്നത്‌. റിസർച്ച്‌ ആൻഡ്‌ അനലിസിസ്‌ വിങ്‌ (റോ) ആകട്ടെ ചാരശൃംഖലകളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷിക്കുന്നതും. സിബിഐ ഏറ്റെടുത്താലുള്ള കാലതാമസം മുൻനിർത്തി കലക്കവെള്ളത്തിൽ മീൻപിടിക്കാമെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വം കരുതിയത്‌. അത്‌ പൊളിഞ്ഞതിന്റെ ജാള്യവും കുരുക്ക്‌ മുറുകുമോ എന്ന ഭയവുമാണ്‌ തെരുവിൽ യുദ്ധമുറ തീർക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. അതേസമയം, സ്വർണക്കടത്തുകേസിൽ  ഒന്നും ഒളിക്കാനില്ലെന്നു തന്നെയാണ്‌ സർക്കാരിന്റെ ഉറച്ചനിലപാട്‌. എം ശിവശങ്കറിനെ നീക്കിയത്‌ സ്വർണക്കടത്തിലുള്ള ബന്ധത്തിന്റെ പേരിലല്ല. സ്വർണക്കടത്തിൽ അദ്ദേഹത്തിന്‌ പങ്കുള്ളതായി കസ്റ്റംസ്‌ അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ്‌ സംശയനിഴലിൽ എന്ന്‌ പ്രചരിപ്പിക്കുന്നത്‌ പ്രതിപക്ഷം ആത്മരക്ഷാർഥമാണ്‌. Read on deshabhimani.com

Related News