36 കോടി നിക്ഷേപം ; തിളങ്ങി കേരള സ്‌റ്റാർട്ടപ്പുകൾ



തിരുവനന്തപുരം പ്രതിസന്ധിക്കിടയിലും 36 കോടിയുടെ നിക്ഷേപം നേടി കേരളത്തിന്റെ സ്വന്തം സ്‌റ്റാർട്ടപ്പുകൾ. സ്റ്റാർട്ടപ് മിഷന്റെ  മേൽനോട്ടത്തിലുള്ള ക്ലൂട്രാക്ക്‌, ഫാർമേഴ്സ് ഫ്രഷ് സോൺ പ്ലാറ്റ്‌ഫോമുകളാണ്‌ നേട്ടം കൊയ്‌തത്‌. ഉപഭോക്താവിന്റെ താൽപ്പര്യം കണ്ടെത്തി ബ്രാൻഡുകൾക്ക്‌ കൈമാറുന്ന ക്ലൂട്രാക്കിനെ തേടി 30 കോടി നിക്ഷേപമാണെത്തിയത്‌. കാർഷികോൽപ്പന്നം നേരിട്ട്‌ സംഭരിച്ച് ഓൺലൈൻ വിപണിയിലെത്തിക്കുന്ന ഫാർമേഴ്സ് ഫ്രഷ് സോണിന്‌ ആറു കോടിയും ലഭിച്ചു.  കൊച്ചി ആസ്ഥാനമായാണ്‌ ഇവയുടെ പ്രവർത്തനം. ഷമീൽ അബ്ദുള്ളയും സുബ്ബകൃഷ്‌ണ റാവുവും ചേർന്ന് 2017 ലാണ് ക്ലൂട്രാക്ക്‌ ആരംഭിച്ചത്‌.  ബാങ്കിങ്‌, ഓട്ടോമോട്ടീവ്, ട്രാവൽ, മൊബൈൽ ആപ് അധിഷ്ഠിത സേവന മേഖല, ചില്ലറ വ്യാപാരമേഖല എന്നിവയിലാണ്‌ പ്രവർത്തനം. അമേരിക്കയിലും യൂറോപ്പിലും സാന്നിധ്യമുണ്ട്. നിക്ഷേപത്തുക ഉൽപ്പന്ന വികസനത്തിനായി ഉപയോഗിക്കുമെന്ന്‌ ഷമീൽ അബ്ദുള്ള പറഞ്ഞു. പി എസ്‌ പ്രദീപ്‌ 2015 ലാണ്‌ ഫാർമേഴ്സ് ഫ്രഷ് സോണിന്‌ തുടക്കമിട്ടത്‌.  മൂവായിരത്തിലധികം കർഷകരുമായി ഉപഭോക്താക്കളെ ബന്ധിപ്പിച്ചാണ്‌ പ്രവർത്തനം. കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ്‌ പ്രധാന പ്രവർത്തനം. തമിഴ്നാട്ടിലേക്കും സേവനം വ്യാപിപ്പിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News