ഇവിടുണ്ട്‌ കരളലിവിന്റെ 
കാവലാൾ

കരള്‍ദാന ശസ്ത്രക്രിയക്കുശേഷം തിരിച്ചെത്തിയ വിജയന്‍ മക്കള്‍ക്കൊപ്പം 
മാറാട് കൈതവളപ്പിലെ വീട്ടില്‍


ഫറോക്ക്   സ്‌നേഹം പങ്കിടാൻ വയ്യാത്ത കാലത്ത്‌ സഹജീവിയ്‌ക്കായി കരളുപങ്കിടാൻ മടിയില്ലാത്ത മനുഷ്യരുമുണ്ട്‌, നമുക്കിടയിൽ. മതത്തിന്റെ പേരിൽ മനുഷ്യർ പരസ്‌പരം വെട്ടിമരിച്ച മാറാടിന്റെ മണ്ണിലുണ്ട്‌ അങ്ങനൊരാൾ. ബേപ്പൂർ മാറാട് സുനാമി കോളനിയിലെ നമ്പൂനി വിജയൻ. സിപിഐ എം കൈതവളപ്പ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായ ഇദ്ദേഹം അർബുദവും കരൾ രോഗവും ബാധിച്ച  സൃഹൃത്തിനാണ്‌ തന്റെ കരൾ പകുത്ത്‌ നൽകുന്നത്‌. കോഴിക്കോട് നഗരത്തിലെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ്‌ രോഗി.  ഇയാളുടെ ബന്ധുക്കളടക്കം പലരുടെയും കരൾ മാറ്റിവയ്‌ക്കാൻ ആലോചിച്ചുവെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. ഭാര്യക്കും കരൾ നൽകാനായില്ല. ഈ ഘട്ടത്തിലാണ്‌ വിജയൻ ആ കരളലിവുമായെത്തിയത്‌. പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ വിജയന്റെ ഭാര്യ ഷീജ  ഭർത്താവിന്റെ തീരുമാനത്തിന്‌ ഒപ്പം നിന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ മെയ്‌ 30ന്‌ ശസ്ത്രക്രിയ നടന്നു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിന്‌ ശേഷം  കഴിഞ്ഞ ദിവസം  വീട്ടിലെത്തി. ഒരുമാസം ഡോക്ടർമാർ പരിപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്.  മാറാട് തീരമേഖലയിലെ സാമൂഹ്യ സേവന രംഗത്ത്‌ സജീവ സാന്നിധ്യമാണ്‌ വിജയൻ. ബേപ്പൂർ സഹകരണ ബാങ്കിൽ വാച്ച്മാനാണ്‌. അമ്മ ദേവിയും സജീവ പാർടി പ്രവർത്തകയായിരുന്നു. ബേപ്പൂർ ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ്‌ വിദ്യാർഥി ദീപ്തി വിജയൻ, ചേനോത്ത്‌ യുപി സ്‌കൂളിലെ നാലാം ക്ലാസുകാരി വൈഗ വിജയൻ എന്നിവരാണ് മക്കൾ.   Read on deshabhimani.com

Related News