ആഘോഷരാവിൽ ആടിപ്പാടി കൊച്ചി



കൊച്ചി കൊച്ചിക്ക്‌ ആഘോഷരാവൊരുക്കി എം ജി ശ്രീകുമാറും സംഘവും. മനംമയക്കും സ്വരധാരയിൽ അലിഞ്ഞ ആസ്വാദകർ കൂടെപ്പാടിയും ചുവടുവച്ചും ദർബാൾ ഹാൾ ഗ്രൗണ്ടിൽ നടന്ന മെഗാ ഇവന്റ്‌  ഉത്സവമാക്കി.  ദേശാഭിമാനി 80–-ാം വാർഷികാഘോഷത്തിന്‌ മാറ്റുകൂട്ടി മലയാളികളുടെ പ്രിയ ഗായകന്റെ നേതൃത്വത്തിലുള്ള മെഗാ ഇവന്റ്‌. പ്രൗഡമായ സാംസ്‌കാരികസദസിന്‌ ശേഷമായിരുന്നു കലാവിരുന്ന്‌. പ്രൗഢഗംഭീര സദസ്സിന്റെ ആകാംക്ഷയ്ക്ക്‌ വിരാമമിട്ട്‌ സ്‌റ്റേജിൽ ആദ്യമെത്തിയത്‌ എം ജി ശ്രീകുമാർ. കാതടപ്പിക്കും കൈയടിയോടെയായിരുന്നു സ്വീകരണം.  സദസ്സിന്റെ മനസ്സറിഞ്ഞുള്ള ഗായകന്റെ വാക്കുകൾക്കുപിന്നാലെയെത്തിയ ‘സ്വാമിനാഥ പരിപാലയ’ ആദ്യഗാനംതന്നെ വരാനിക്കുന്ന ആവേശ നിമിഷങ്ങളുടെ സാമ്പിളായി. പ്രതീക്ഷ തെറ്റിയില്ല. പ്രതിഭയുടെ നിറവിൽ ഗായകർ മത്സരിച്ച്‌ പാടിയപ്പോൾ സർഗലഹരിയിലായി ആസ്വാദകർ. മലയാളി എന്നും കേൾക്കാനിഷ്ടപ്പെടുന്ന ഗാനങ്ങളും പുതുതലമുറയുടെ ആഘോഷങ്ങളെ ത്രസിപ്പിക്കുന്ന ഫാസ്‌റ്റ്‌ നമ്പറുകളും ഹൃദയത്തിലേറ്റി. ‘ചിന്നമ്മ, അടി കുഞ്ഞി പൊന്നമ്മ’, ‘പൊൻവീണേ’, ‘കിളിച്ചുണ്ടൻ മാമ്പഴമേ’, ‘പാലാപള്ളി’ തുടങ്ങിയ ഗാനങ്ങൾക്കൊപ്പംപാടി സദസ്സും. വയലിൻ തന്ത്രികളിൽ മനസ്സുതൊടും സംഗീതവുമായി ശബരീഷും ആസ്വാദകരെ കൈയ്യിലെടുത്തു. എം ജി ശ്രീകുമാറിനുപുറമെ മൃദുല വാര്യർ, രാജലക്ഷ്‌മി, മിഥുൻ, ശ്രേയ, കൗശിക്‌ എന്നിവരും ഉള്ളംനിറച്ചു. Read on deshabhimani.com

Related News