കേരളം പറഞ്ഞു ഗെറ്റൗട്ട്‌ ; ഗവർണറുടെ ചാൻസലർക്കളി വേണ്ട



തിരുവനന്തപുരം   ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആർഎസ്‌എസിന്റെ ചട്ടുകമാകുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ നിലയ്ക്കുനിർത്തുമെന്ന മുന്നറിയിപ്പുമായി കേരളം. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ചൊവ്വാഴ്‌ച നടത്തിയ രാജ്‌ഭവൻ പ്രതിഷേധക്കൂട്ടായ്‌മ ഗവർണറുടെ ഇടങ്കോൽ രാഷ്‌ട്രീയത്തിനെതിരായ ജനമുന്നേറ്റമായി. രാജ്‌ഭവനിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും രാവിലെ മുതൽ തന്നെ ജനങ്ങളുടെ ഒഴുക്ക്‌ തുടങ്ങിയിരുന്നു. ഗവർണർമാരെ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരുകളെ വേട്ടയാടുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരായി ദേശീയ പോരാട്ടത്തിനുള്ള ദിശാബോധം നൽകുന്നതായി പ്രതിഷേധം.    രാജ്‌ഭവനുകൾ ബിജെപിയുടെ രാഷ്‌ട്രീയ ഏജൻസിയായി അധഃപതിച്ചെന്ന്‌ കൂട്ടായ്‌മ ഉദ്ഘാടനംചെയ്ത്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മറ്റു സംസ്ഥാനങ്ങളും അണിചേരണമെന്നും യെച്ചൂരി അഭ്യർഥിച്ചു. സമരം കേരളത്തിന്റേതു മാത്രമല്ലെന്നും വേട്ടയാടപ്പെടുന്ന ബിജെപി ഇതര സംസ്ഥാനങ്ങളുടെ ആകെയാണെന്നും തുറന്നടിച്ച ഡിഎംകെ നേതാവ്‌ തിരുച്ചി ശിവയുടെ വാക്കുകൾ ജനം ഹർഷാരവത്തോടെ വരവേറ്റു.   രാവിലെ ഒമ്പതോടെ മ്യൂസിയം, വെള്ളയമ്പലം, വഴുതക്കാട്‌ മേഖലകൾ ജനനിബിഡമായി. പത്തരയോടെ പ്രകടനം രാജ്‌ഭവനിലേക്ക്‌ പുറപ്പെട്ടു.  ‘ഇത്‌ കേരളമാണ്‌ ഖാൻ, നിങ്ങൾക്ക്‌ സ്ഥലം മാറിപ്പോയി, ഇവിടെ കളി നടക്കില്ല, കാവിവൽക്കരണം അംഗീകരിക്കില്ല’ തുടങ്ങി മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും കേരളത്തിന്റെ മനസ്സായി. ഗേറ്റിന്‌ ഏതാനുംവാര അകലെ ബാരിക്കേഡ്‌വച്ച്‌ പൊലീസ്‌ പ്രകടനം തടഞ്ഞു. പതിനൊന്നിന്‌ ഉദ്ഘാടനം. മണിക്കൂറുകൾ കഴിഞ്ഞും ജനം രാജ്‌ഭവൻ ഭാഗത്തേക്ക്‌ ഒഴുകി. നഗരസ്തംഭനം ഒഴിവാക്കാൻ വിവിധ മേഖലകളിൽനിന്ന്‌ ചെറുജാഥകളായാണ്‌ രാജ്‌ഭവനിലേക്ക്‌ എത്തിയത്‌. നാടൊന്നാകെ എത്തിയതോടെ വലിയൊരു വിഭാഗത്തിന്‌ വെള്ളയമ്പലം രാജ്‌ഭവൻ റോഡിലേക്ക്‌ പ്രവേശിക്കാനായില്ല. യുവജന വിദ്യാർഥി സംഘടനകളുടെ അഭിവാദ്യപ്രകടനങ്ങളും ജനങ്ങളെ ആവേശഭരിതരാക്കി. ലക്ഷത്തിലധികം പേർ പങ്കെടുത്ത്‌ നടത്തിയ പ്രകടനം ക്രമീകരണങ്ങളോട്‌ സഹകരിച്ചും അച്ചടക്കം പാലിച്ചും മാതൃകയായി. Read on deshabhimani.com

Related News