കവിതയുടെ സ്വച്ഛദർപ്പണം



"എഴുത്തച്ഛനെതെഴുതുമ്പോൾ' എന്ന കവിത അമ്പത് വർഷം മുമ്പ് കവി സച്ചിദാനന്ദൻ എഴുതിയതാണ്. അരനൂറ്റാണ്ടിനുശേഷം അതേപേരിൽ, കവിയും ഗാനരചയിതാവുമായ കെ ജയകുമാർ എഴുതിയ “എഴുത്തച്ഛൻ എഴുതുമ്പോൾ” എന്ന ഖണ്ഡകാവ്യം നാം ജീവിക്കുന്ന ചുറ്റുപാടുകളെ അദ്ധ്യാത്മരാമായണ രചനയുടെ കാലവുമായി ചേർത്തുവയ്‌ക്കുന്നു. മലയാളകവിതയുടെ പതിവുരീതികളെയാകെ പൊളിച്ചെഴുതുന്ന ഈ "കൃതി' എഴുത്തച്ഛന്റെ വർത്തമാനകാല പ്രസക്തിയെ  പ്രതിപാദിക്കുന്നു. കെ സച്ചിദാനന്ദന്റെ അവതാരികയും "കഷ്ടരാശിയിൽ കവിത ചെയ്യുന്നത്' എന്ന കെ ജയകുമാറിന്റെ തന്നെ ലേഖനവും ഉൾപ്പെടുന്ന ഏഴു ഖണ്ഡമുള്ളതാണ്‌ പുസ്‌തകം.  ഇരുൾ മാത്രം പരന്ന ഒരു നാട്ടിൽ അക്ഷരപ്പന്തം കൊളുത്തിയ പൂർവകവിയെ ഓർമിക്കുന്നതാണ് "ധ്യാനം' എന്ന ആദ്യഖണ്ഡം. ചാരത്തിനുള്ളിലെ തീക്കനൽ ദൃഷ്ടിയാൽ നമ്മുടെ നേർക്ക് ചോദ്യമെറിയുന്ന എഴുത്തച്ഛനെ ഇവിടെ അവതരിപ്പിക്കുന്നു. ‘കവി നടന്ന വഴി' എന്ന രണ്ടാം ഖണ്ഡം മധ്യകാല കേരളത്തെ വെളിപ്പെടുത്തുന്നു. അടുത്ത ഖണ്ഡം ‘മാമാങ്കം' ആണ്. എഴുത്തച്ഛന്റെ കാലത്തിനു തൊട്ടുമുമ്പ് നാടുവാഴികൾ തമ്മിലുള്ള കിടമത്സരത്തിന്റെ ഭാഗമായി ബലിക്കല്ലിൽ ജീവിതം എറിഞ്ഞുടയ്‌ക്കേണ്ടി വന്ന ചാവേറുകളെ നമുക്കിവിടെ കാണാം. "ഒന്നായ നിന്നെ' യെന്ന ഖണ്ഡം ജ്ഞാനപ്പാനയുടെ  ഈണത്തിൽ രചിക്കപ്പെട്ടതാണ്. ഈ വരികൾ ഭക്തിപ്രസ്ഥാന കാവ്യരീതിയെ പുനഃസൃഷ്ടിക്കുന്നു. "സൂര്യമാനസം' എന്ന ഖണ്ഡത്തിൽ അറിവിന്റെ സൂര്യകിരണാവലിയല്ലാതെ ആയുധം മറ്റേതുമില്ല എന്ന് വ്യക്തമാക്കുന്നു. "അക്ഷരവിദ്യ' യെന്ന ഖണ്ഡം അക്ഷര വെളിച്ചത്താൽ അധികാര തിമിരത്തെ എങ്ങനെ തുടച്ചു മാറ്റുമെന്നതിനെക്കുറിച്ചാണ്.  "അമൃതസ്യപുത്രർ' എന്ന അവസാനഖണ്ഡം കവിക്ക് ശിക്ഷാവിധി കൽപ്പിക്കാനായി രാജസവിധത്തിൽ മത്സരിക്കുന്ന പ്രമാണിമാരെ അവതരിപ്പിക്കുന്നു. എന്നാൽ പുതിയ തലമുറ, കവിയുടെ മഹാകാവ്യങ്ങൾ പകർപ്പെടുത്തു എന്നത് ഭാവിയുടെ നന്മയെ കാണിക്കുന്നു. ധർമത്തെ മുക്കിക്കൊല്ലുന്നവർക്കെതിരെ ഉന്മാദംപോലെ വാക്കുകൾ കടന്നു വരുമെന്ന പ്രതീക്ഷയാണ് കെ ജയകുമാർ നിലനിർത്തുന്നത്. ഭയത്തിന്റെ ഉള്ളറകളിൽ വാക്കിന്റെ തിരിവയ്‌ക്കുകയാണ് കവി. Read on deshabhimani.com

Related News