പാട്ടു കേട്ടേൻ ആട്ടം കണ്ടേൻ

നാടൻകലാരംഗത്ത്‌ അരനൂറ്റാണ്ടിന്റെ അനുഭവം പറയുന്നു ഫോക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ


മണ്ണിൽ ചവിട്ടി‌ മാനത്തേക്ക്‌ ഉയർന്നുനിൽക്കുന്നവരുടെ പാട്ടിന്‌ എത്രവയസ്സായിക്കാണും. അവർ പാടിത്തുടങ്ങിയിടത്തോളം! പക്ഷേ അക്കാദമിക്‌ മേഖലയും അരങ്ങും നാടൻപാട്ടിലേക്കും കലയിലേക്കും ഇഴഞ്ഞെത്തുകയായിരുന്നു. വിശ്വാസത്തിന്റെയോ അനുഷ്‌ഠാനത്തിന്റെയോ ബലത്തിലല്ലാതെ പൊതു അരങ്ങിൽ ആ പാട്ടുകളും കലാരൂപങ്ങളും എത്താൻ തുടങ്ങിയിട്ട്‌ അധിക കാലമായില്ല. 1980കൾ ‌ തൊട്ടുള്ള നാടൻപാട്ട്‌ സംഘങ്ങളുടെ രൂപീകരണമാണ്‌  പൊതു ഇടത്തിലേ‌ക്കുള്ള  ഇവയുടെ പ്രവേശനം എളുപ്പമാക്കിയത്‌. ‌ പേരോ പെരുമയോ ഇല്ലാത്ത എണ്ണമറ്റ‌ കലാപ്രവർത്തകർ ഈ മേഖലയിലുണ്ട്‌. അവർ ഗോത്രങ്ങളിലും സമുദായത്തിലും പാടത്തും പറമ്പിലും കാട്ടിലും നാട്ടിലും തീരത്തുമുണ്ട്‌... നാടൻ കലാസംഘങ്ങൾക്ക്‌  ഒപ്പമുള്ള സി ജെ കുട്ടപ്പൻ, രമേഷ്‌ കരിന്തലക്കൂട്ടം, പ്രസീത ചാലക്കുടി എന്നിവരുടെ അനുഭവമറിയാം   വെളിച്ചം വന്നുദിച്ചേ   അതിജീവനത്തിന്റെ സംഗീതമാണ്‌ നാടൻപാട്ട്‌; പ്രതിരോധത്തിന്റെ വാക്കും വാമൊഴിയും‌. കാർഷികവും കാർഷികേതരവുമായ ഉപജീവന, അതിജീവന സമ്പ്രദായങ്ങളുടെ ഭാഗമായി, അധ്വാനം, അനുഷ്‌ഠാനം, ആയോധനം, ആഘോഷം, വിനോദം എന്നീ നിലകളിലൊക്കെയാണ്‌ നാടൻപാട്ട് സമ്പ്രദായങ്ങൾ രൂപപ്പെട്ടതും നിലനിൽക്കുന്നതും.    ഈ വരികൾ ശ്രദ്ധിക്കൂ: ‘അരിയരിയോ..തിരി ‐തിരിയോ/തൊരത്തിതിയും  കൊണപതിയും'  "തിക്കു തെളിയണം തേയം തെളിയണം/തേയത്താല‐ ഞ്ചീചരൻ തെളിയണം/ മണ്ണുതെളിയണം...മായം തെളിയണം/ മാലൊഴിഞ്ഞീ മാറണം തെളിയണം’–- ഈ പ്രാർഥനാ ഗാനങ്ങളുടെ പൊരുളും പടുതിയും ശ്രദ്ധിച്ചാൽ അവയിലെ സാമൂഹ്യവീക്ഷണം, പ്രതിബദ്ധത, ഈ ജീവപ്രപഞ്ചത്തോടും സഹജീവികളോടുമുള്ള കരുതലിന്റെ അടങ്ങാത്ത ദാഹവും ഒക്കെ വ്യക്തമാകും. ഇത്‌ വഴിപാടല്ല‐സമർപ്പണമാണ്‌.    1970‐80 കാലത്തിന്‌ മുമ്പ്‌‌ കേരളത്തിൽ പൊതുവേദികളിൽ നാടൻപാട്ടുസംഘങ്ങൾ ഉള്ളതായി അറിവില്ല.  സാമൂഹ്യമായി മുഖ്യധാരയുടെ സാംസ്‌കാരിക പൊതുസ്വത്തായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അനുഷ്‌ഠാനപരമായ പാട്ടുകൾ മാത്രമായി അവ നിലനിന്നിരുന്നു.     1970ന്റെ രണ്ടാംപകുതിയും എൺപതുകളും കേരളത്തെ സംബന്ധിച്ച്‌ കലാസാംസ്‌കാരിക പ്രവർത്തകരുടെയും എഴുത്തുകാരുടെയും നാടകസിനിമാപ്രവർത്തകരുടെയും ഇടതുപക്ഷ പുരോഗമനപ്രസ്‌ഥാനങ്ങളുടെയും മറ്റിതര ജനകീയ സംഘടനകളുടെയും വിദ്യാർഥികളുടെയുമൊക്കെ കൂട്ടായ സാമൂഹ്യ രാഷ്‌ട്രീയ ഇടപെടലുണ്ടായ കാലമാണ്‌.     അടിയന്തരാവസ്‌ഥയുടെ ഭീകരനാളുകളിൽ ഞാൻ കണ്ണൂരിലാണ്‌‌. വയനാട്‌ ഉൾപ്പെട്ട കണ്ണൂർ.  മേപ്പാടിക്കടുത്ത്‌  ചായത്തോട്ടത്തിനുള്ളിലെ ശ്‌മശാനത്തിൽ കല്ലറയ്‌‌ക്ക്‌ മുകളിലായിരുന്നു ഒരുമാസം  അന്തിയുറക്കം. കഥാപ്രസംഗവും നാടകവും പാട്ടും പോരാട്ടവും ഒക്കെയായി സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.  1980ൽ തിരുവല്ല കേന്ദ്രമായി പ്രവർത്തിച്ച ഡൈനമിക്‌ ആക്‌ഷൻ എന്ന പ്രസിദ്ധീകരണത്തിന്റെ സർക്കുലേഷൻ മാനേജരായി ചുമതലയേറ്റു. ഡൈനാമിക്‌ ആക്‌ഷൻ   കലാസംഘത്തിലൂടെയാണ്‌ നാടൻപാട്ടുകളുടെ ജനകീയ അവതരണത്തിൽ ഇടപെടുന്നത്‌.    അക്കാലത്ത്‌ തിരുമൂലപുരം കുറ്റൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച‌ ലളിതകലാസംഘത്തിലും   പാടാൻ അവസരം ലഭിച്ചു‌.  മുൻപാട്ടുപാടിയിരുന്ന മണിച്ചേച്ചിയെയും കൊട്ടാനും പാടാനും ഒപ്പമുണ്ടായിരുന്ന ചിത്രകാരൻകൂടിയായിരുന്ന ഗംഗയെയും മറക്കാനാകില്ല.    ഡൈനാമിക്‌ ആക്‌ഷൻ സംഘത്തിലെത്തുംമുമ്പ്‌ അമച്വർ നാടകവും മത്സര നാടകവേദിയും ഒക്കെ ആയിട്ടായിരുന്നു ബന്ധം. തുടർന്ന്‌  എപ്പിക്‌ സങ്കേതം സ്വീകരിച്ചുകൊണ്ടുള്ള നാടകാവതരണത്തിലേക്ക്‌ പ്രവേശിച്ചു.  ഒപ്പം നാടൻപാട്ടുകളും പാടി തുടങ്ങി.  സമ്പാദനം, ആലാപനം എന്നതിലുപരി നാടൻപാട്ടുകളുടെ ആത്മസ്വരൂപം  തിരിച്ചറിഞ്ഞുതുടങ്ങി‌. നാടൻപാട്ടുകൾക്ക്‌ ജനകീയ അംഗീകാരം ഏറിവന്നു.     നാടൻപാട്ടുകളും  ജനകീയഗാനങ്ങളും കോർത്തിണക്കി  ഒമ്പത്‌ പേരുള്ള  പാട്ടുസംഘമുണ്ടാക്കി.  കേരളത്തിലെ ആദ്യത്തെ ജനകീയ നാടൻപാട്ടുസംഘം. കുമരകം ബാബു, ജയപാലൻ, ജോൺസൺ, അമ്പിളി, സുഭദ്ര, ചെല്ലപ്പൻ, രാമചന്ദ്രൻ, മോഹനൻ, പിന്നെ ഞാനും(ഇതിൽ കുമരകം ബാബു, ജയപാലൻ, ചെല്ലനച്ചായൻ എന്നീ പ്രിയസഖാക്കൾ ജീവിച്ചിരിപ്പില്ല).  പിന്നീട്‌ പലഘട്ടങ്ങളിൽ സംഘം വിപുലീകരിച്ചു. എഴുത്തുകാർ, പാട്ടുകാർ, കൊട്ടുകാർ എന്നിങ്ങനെ. കേരളത്തിനകത്തും പുറത്തും പാട്ടിന്റെ പകർച്ചക്കാരായി, പഠിതാക്കളായി, സമ്പാദകരായി ജനകീയ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി‌.  പാട്ടുകൊടുത്ത്‌ പകരം പണത്തിന്‌ കൈനീട്ടുമ്പോൾ പകരം വയ്‌ക്കാനില്ലാത്ത പഴയ ഓർമകൾ തികട്ടിവരും.   അന്നൊക്കെ   വിശേഷനാളുകളിലും ഒഴിവുദിനങ്ങളിലും  ഏതെങ്കിലും ഗ്രാമത്തിൽ ഒത്തുകൂടും.  കോളനികൾ, ചേരികൾ, തൊഴിലാളികൾ കൂട്ടം ചേർന്നു വസിക്കുന്ന തൊഴിലിടങ്ങൾ ഒക്കെയാണ്‌  തെരഞ്ഞെടുക്കാറ്‌. ലഘുനാടകങ്ങൾ, നാടൻപാട്ടുകൾ, ജനകീയഗാനങ്ങൾ, വിപ്ലവഗാനങ്ങൾ, സ്‌കിറ്റുകൾ എന്നിവ  ഉണ്ടാകും. പുലരുംവരെ നീളും കൂടിച്ചേരൽ.  കൊടുക്കാൻ മാത്രമല്ല ഞങ്ങൾക്ക്‌ നൽകാൻ ഒട്ടേറെ വിഭവങ്ങൾ അവരിലുമുണ്ടാകും.  പങ്കുവയ്‌ക്കലിന്റെ അനുഭവവുമായിരുന്നു.  സ്റ്റേജോ, ലൈറ്റോ മറ്റാർഭാടങ്ങളോ ഒന്നുമുണ്ടാകില്ല.   അത്താഴത്തിന്‌ കഞ്ഞിയോ പുഴുക്കോ സംഘടിപ്പിച്ചുതരും. അയൽവീടുകളിൽ കഴിഞ്ഞുകൊണ്ട്‌ സ്വന്തം വീട്‌ ഞങ്ങൾക്കുറങ്ങാൻ തന്നവരുമുണ്ട്‌. കാലത്തും ഉച്ചയ്‌ക്കും വൈകിട്ടും ഭക്ഷണപ്പൊതികൾ തന്ന പാവപ്പെട്ട തൊഴിലാളികളുടെ സ്‌നേഹവും വാത്സല്യവും  മറക്കാനാകില്ല.     നാടൻപാട്ടുകളുടെ ജനകീയവൽക്കരണത്തിനായി ഇടതുപക്ഷ പ്രസ്ഥാനങ്ങളും   ഡിവൈഎഫ്‌ഐയുമൊക്കെ വേദിയൊരുക്കി.  ആകാശവാണിയും  ദൂരദർശനും   നാടക–-സിനിമ–-വിദ്യാഭ്യാസ മേഖലകളും നാടൻപാട്ട്‌ ജനകീയമാക്കുന്നതിൽ വിലപ്പെട്ടസംഭാവന  നൽകി‌.    ആദ്യ കാസെറ്റ്‌    നാടൻപാട്ടിന്റെ ആദ്യ കാസെറ്റ്‌ ഇറങ്ങുന്നത്‌ സംഘമായി പാടിത്തുടങ്ങി പത്തുവർഷത്തിനുശേഷം‌, 1993ൽ.  ഇരുപത്തിമൂന്നുപാട്ടുകൾ ഉൾപ്പെടുത്തി കേരളത്തിലെ ആദ്യത്തെ നാടൻപാട്ട്‌ കാസെറ്റ്‌ (വോള്യം 1 , വോള്യം 2) ഒറ്റ ദിവസംകൊണ്ട്‌ റിക്കോർഡിങ്‌ പൂർത്തിയാക്കി. റിക്കോർഡിങ് കരുനാഗപ്പള്ളി ശ്രീരാഗ്‌ സ്റ്റുഡിയോയിൽ‌. പിറ്റേന്ന്‌  തിരുവല്ലയിലെ ഇരവിപേരൂരിൽ ശ്രീകുമാരഗുരുദേവ ജയന്തി ആഘോഷത്തിൽ  കാസെറ്റ്‌  വിറ്റുതീർന്നു. കവറും ഫ്ളാപ്പുമില്ലാത്ത കാസെറ്റിന്‌ തിരുവനന്തപുരത്തുനിന്നും മാവേലിക്കരയിൽനിന്നും വന്നെത്തിയ ഫൈൻആർട്‌സ്‌ കോളേജ്‌ വിദ്യാർഥികൾ കാസെറ്റ്‌ ഷെല്ലിന്റെ വലിപ്പത്തിൽ പേപ്പർ മുറിച്ച്‌   സ്‌കെച്ച്‌ പെന്നുകൊണ്ട്‌ ചെറുചിത്രങ്ങൾ വരച്ച്‌ പേരെഴുതിക്കൊടുക്കുകയാണ്‌ ചെയ്‌തത്‌. മൂന്നാംനാൾ കേരളമാകെ നാടൻപാട്ടിന്റെ തുടിയൊച്ച മുഴങ്ങി.     കുടുംബം, കുട്ടിക്കാലം    ജനിച്ചതും പത്തുവയസ്സുവരെ  വളർന്നതും ചെങ്ങരൂരിലെ പള്ളിക്കൽ കുടുംബത്തിൽ.  കാരണവർ നടുവൻ (എന്റെ വലിയച്ഛൻ ചൂരകുറ്റിക്കൽ നടുവൻ, പള്ളിക്കൽ നടുവനാകാൻ ഒരുകാരണമുണ്ട്‌). ഇന്നത്തെ പിആർഡിഎസ്‌ മന്ദിരങ്ങൾ അക്കാലത്ത്‌ പള്ളി എന്ന വിളിപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.  കുമാരഗുരുദേവന്റെ അനുയായികൾക്ക്‌‌ പള്ളി പണിയാൻ ഭൂമി നൽകിയവർ എന്നനിലയിലും പള്ളി നിലനിന്നിരുന്ന ഇടം എന്നതിനാലുമാണ്‌ വലിയച്ഛനും കുടുംബവും പള്ളിക്കൽ കുടുംബം എന്നറിയപ്പെട്ടത്‌. അച്ഛൻ കുമാരദാസ്‌(കുമാരഗുരു ചൊല്ലിവിളിച്ച പേരാണ്‌), അമ്മ തങ്കമ്മ. അന്ന്‌ പള്ളി സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്താണ്‌ ഇന്നത്തെ പിആർഡിഎസ്‌ മന്ദിരം‌. ഒരേക്കർ പുരയിടവും അതിൽ ഫലവൃക്ഷങ്ങളും വെട്ടുകല്ലിൽ തീർത്ത ഒരു നെടുനീളൻ വീടും. അച്ഛന്റെ സഹോദരിമാരുടെ മക്കൾ ആരെങ്കിലുമൊക്കെ എപ്പോഴും വീട്ടിലുണ്ടാകും. വീടിനോട്‌ ചേർന്ന്‌ ആയോധനക്കളരിയും ആരാധനാലയങ്ങളും ഉണ്ടായിരുന്നതിനാൽ കളരിയാശാന്മാരോ ഉപദേശിമാരോ ആരെങ്കിലുമൊക്കെ കാണും.  അടിയന്തര കൂട്ടായ്‌മകൾക്ക്‌ കൊട്ടും പാട്ടും തീനും കുടിയും പതിവ്‌. വലിയച്ഛൻ എവിടെപ്പോയാലും എന്നെ ഒപ്പം കൂട്ടും. അദ്ദേഹം മരിക്കുമ്പോൾ ഞാൻ നെഞ്ചത്തൊട്ടിപ്പിടിച്ചു  കിടക്കുന്നുണ്ടായിരുന്നു. അഞ്ചിൽ പഠിക്കുമ്പോഴായിരുന്നു അത്‌. ഒരു കൊല്ലം കൂടിയേ അവിടെ താമസിച്ചുള്ളൂ. വിമോചനസമരം പൊട്ടിപ്പുറപ്പെട്ടതോടെ കറുത്തവർക്ക്‌  നിൽക്കാൻ പറ്റാതായി. കമ്യൂണിസ്റ്റു‌കാരെ തെരഞ്ഞുപിടിച്ച്‌ ഉപദ്രവിക്കുന്ന കാലം.  നിരണം പടയെ പേടിച്ച്‌  ആരും പുറത്തിറങ്ങില്ല. സഖാവ്‌ കോട്ടൂർ കുഞ്ഞൂഞ്ഞ്‌ കൊല്ലപ്പെടുന്നത്‌ അക്കാലത്താണ്‌. അച്ഛന്റെ ബന്ധുക്കൾ കിഴക്കൻ മലയോരത്ത്‌ കുടിയേറി. ചിലർ പാലക്കാട്ടും നിലമ്പൂരുമായി ചിതറി. അച്ഛൻ ഞങ്ങളെയും കൂട്ടി ഇടുക്കി ഉടുമ്പൻചോലയിലെ  പാമ്പാടുംപാറയ്‌ക്ക്‌ സമീപമുള്ള കുടിയേറ്റ കോളനിയിലേക്ക്‌ പോയി.   ഇന്നത്‌ ആദിയാർപുരമെന്ന്‌ അറിയപ്പെടുന്നു.   ആനയും കരടിയും പുലിയും ചെന്നായയും വിഹരിക്കുന്ന കാടും മലയും. സ്‌ത്രീകളും കുട്ടികളും ഏറുമാടത്തിലാണ്‌ അന്തിയുറക്കം. രാത്രിയിൽ പുരുഷന്മാർ ഊഴമിട്ട്‌ ഉറങ്ങാതിരിക്കും. ഇല്ലെങ്കിൽ ആനയും പന്നിയും കൃഷിനശിപ്പിക്കും.  ഷെഡ്ഡും ചവിട്ടിപ്പൊളിക്കും. ബീഡി വലിച്ചും  കട്ടൻ കാപ്പി കുടിച്ചും‌ മുളയും മരമുട്ടിയും പാട്ടയും കൊട്ടിപ്പാടിയും   കൊമ്പുവിളിച്ചും പടാങ്കി പൊട്ടിച്ചും നേരം വെളുപ്പിക്കും.ഒരുപക്ഷേ ഇവയൊക്കെ ചേർന്നതായിരിക്കണം എന്റെ പാട്ടുവഴി. എന്താണീ മണ്ണിന്റെ സംഗീതം എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌‌. ഒടുവിൽ  എന്നിൽ തന്നെ കണ്ടെത്തി. ഞാൻ സംഗീതമായിരിക്കെ എന്തിന്‌ സംഗീതത്തെ തേടി അലയണം. 1998ൽ സ്വന്തമായി തായില്ലം എന്ന പേരിൽ കലാസംഘമുണ്ടാക്കി.നാലു പാട്ടു സിഡികൾ തായില്ലം പുറത്തിറക്കി.   24 സിനിമകളിൽ പാടി. ഒടുവിൽ പാടിയത്‌ പടവെട്ടിൽ. റിലീസായിട്ടില്ല. ആദ്യം പാടിയ സിനിമ ജയരാജ്‌ സംവിധാനം ചെയ്‌ത കരുണം. വസന്തത്തിന്റെ കനൽവഴികൾ എന്ന സിനിമയ്‌ക്കും വിവിധ നാടകങ്ങൾക്കും ആൽബങ്ങൾക്കുമായി നിരവധി പാട്ടെഴുതിയിട്ടുണ്ട്‌.   തിരുവല്ലയിലാണ്‌ സി ജെ കുട്ടപ്പൻ കുടുംബസമേതം താമസം.   കരിന്തലക്കൂട്ടം @ 25   ‘കരിന്തലക്കൂട്ട’ത്തിന്‌ 25 വയസ്സുകഴിഞ്ഞു. കേരളത്തിലെ ഏറെസജീവമായ കലാസംഘത്തിൽ ഒന്ന്‌.‌ കലാസമിതിയുടെ രൂപീകരണത്തെക്കുറിച്ച്‌ രമേഷ്‌ കരിന്തലക്കൂട്ടം    തുടക്കം ക്യാമ്പസിൽനിന്ന്‌   തറവാട്ടിൽനിന്ന്‌ (പുളിയേലി തറവാട്‌) പാക്കനാർ കലകളായ വട്ടമുടിയാട്ടം, കോലൻമുടി എന്നിവയുമായി വീടുകളിൽ പടിതെണ്ടി കളിച്ച്‌ കിട്ടുന്ന വഴിപാടും വിത്തുമായി രാത്രിയാകുമ്പോൾ തട്ടകത്തമ്മയുടെ നടയ്‌ക്കൽ കൊട്ടും കളിയുമായി ചെന്ന്‌ വിത്തും വഴിപാടും അർപ്പിക്കും. ശേഷം നാട്ടുപന്തങ്ങളുടെ വെളിച്ചത്തിൽ നേരം വെളുക്കുവോളം കൊട്ടിക്കളിച്ച്‌ മുടിയാട്ടവും നടത്തിയിരുന്നു. തറവാട്ടിലെ മൂത്ത കാരണവരായ കോരനപ്പൂപ്പനായിരുന്നു എല്ലാത്തിനും ചുക്കാൻ പിടിച്ചത്‌. പുലയരുടെ കൊട്ടും കളിയും കാളകളിയും മുടിയാട്ടവും തട്ടകത്തമ്മയുടെ നടയിലും വന്നിരുന്ന കാലമുണ്ടായിരുന്നു. ഇതെല്ലാം കണ്ടും കേട്ടുമാണ്‌  വളർന്നത്‌.   1995ൽ തൃശൂർ പിജി സെന്ററിൽ മലയാളത്തിന്‌ പഠിക്കുന്ന കാലത്താണ്‌  പാട്ടു ശേഖരണം തുടങ്ങിയത്‌.  ഇതിന്റെ ഭാഗമായി  പലയാത്രകളും നടത്തി.  ജെറി, ബിജു, തോമസ്‌, ജോമോൻ, ഷാലി എന്നിവരായിരുന്നു ഒപ്പം‌. ആ വർഷം നവംബർ ഒന്നിന്‌ രമേഷ്‌, ജെറി, ഉമേഷ്‌, സീന, മിനി, ലത എന്നിവർ നാടൻപാട്ട്‌ അവതരിപ്പിച്ചു. പരിപാടി ഉദ്‌ഘാടനം ചെയ്യാൻ വന്ന ഡോ. സി ആർ രാജഗോപാലൻ മാഷാണ്‌ സംഘത്തിന്‌ കൂട്ടം എന്ന പേര്‌ നൽകിയത്‌.  കുഴൂർ കൈനാട്ടുത്തറയിലെ കുട്ടികളെ ചേർത്താണ്‌‌  ഇന്ന്‌ കാണുന്ന രൂപം നൽകിയത്‌.   ‘വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യൻ പകവാനും/ഇന്നെന്താ പകവാനും വന്നുദിക്കാനിത്ര താമസിച്ചേ...’കുണ്ടൂരിലെ കുഞ്ഞപ്പനാണ്‌ ആദ്യമായി ഇത്‌ പാടിത്തന്നത്‌.   കരിന്തലകൾ   മക്കളെ എന്നും കാത്ത്‌ പോന്ന പ്രകൃതി മാതാവിന്‌ മുന്നിൽ ഒരായിരം പെണ്ണുങ്ങൾ മുടിയാടി കളിച്ചിരുന്ന പുരാവൃത്ത സങ്കൽപ്പമാണ്‌ കരിന്തലക്കൂട്ടം. കരിന്തലകൾ എന്നാൽ തലമുറകൾ എന്നാണ്‌ അർഥം. മകരക്കൊയ്‌ത്ത്‌ കഴിഞ്ഞ്‌ വിത്തുംവഴിപാടുമായി സ്‌ത്രീകളും കുട്ടികളും പുരുഷന്മാരും തട്ടകത്തെ അമ്മ ദൈവക്കാവുകളിൽ കൊട്ടുംകളിയും മുടിയാട്ടവുമായി വന്ന്‌ വിത്ത്‌ അളക്കുന്നു. അമ്മദൈവക്കാവുകളിൽ  എത്തുന്ന കൂട്ടങ്ങളിൽ ഒന്നാണ്‌ കരിന്തലക്കൂട്ടം.   തൃശൂരിൽനിന്നും പരിസരപ്രദേശങ്ങളിൽനിന്നുമായി ഇരൂനൂറിലധികം പാട്ടുകൾ സംഘം ശേഖരിച്ചിട്ടുണ്ട്‌. കരിന്തലക്കൂട്ടം സംസ്ഥാനതലത്തിൽ ഫോക്‌ലോർ അവാർഡുകൾ നൽകി കലാകാരന്മാരെ ആദരിക്കുന്നുണ്ട്‌. കണ്ണമുത്തൻ, പുത്തിരി, കെ സി കണ്ണൻ എന്നിവരുടെ പേരിലാണിത്‌. പുത്തിരി, അമ്മൂമ്മയാണ്‌. നിരവധി പാട്ടുകൾ പാടി തന്നിട്ടുണ്ട്‌. അച്ഛൻ രാമനും പാട്ടുകാരനായിരുന്നു.   12  പാട്ട്‌ എഴുതിയിട്ടുണ്ട്‌. അവ വേദിയിൽ പാടുന്നുണ്ട്‌. മറ്റുള്ള സംഘങ്ങളും  ഏറ്റുപാടാറുണ്ട്‌‌.  പത്തുപാട്ട്‌ ചേർത്ത്‌ ‘ഇത്‌ ഞങ്ങടെ നിങ്ങടെ നമ്മുടെ പാട്ട്’ എന്ന പേരിൽ ‘പുത്തിരി’   ഓഡിയോസ്‌ സിഡി പുറത്തിറക്കിയിട്ടുണ്ട്‌. കരിന്തലക്കൂട്ടം‌, കണ്ണമുത്തൻ, ചുള്ളോത്തി, പുത്തിരി എന്നീ സിഡികളും ഇറങ്ങി. 2005ന്‌ ശേഷം വീഡിയോകൂടി ചെയ്‌തുവരുന്നു‌. 25 ‌ കലാകാരന്മാർ സ്ഥിരമായി സംഘത്തിലുണ്ട്‌. ഇവരിൽ സർക്കാർ –-സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും കൂലിപ്പണിക്കാരുമുണ്ട്‌‌. നാട്ടു വാദ്യോപകരണങ്ങളാണ്‌ ഞങ്ങൾ ഉപയോഗിക്കുന്നത്‌. പറയർ, പുലയർ, ഉള്ളാടർ, വേട്ടുവർ, മലയർ സമുദായങ്ങളിലെ കലാകാരന്മാർ കാവുകളിൽ മാത്രം പാടിയിരുന്ന പാട്ടുകളും കലാരൂപങ്ങളും പൊതുവേദിയിൽ അവതരിപ്പിക്കാൻ തയ്യാറായിരുന്നില്ല. ‘ഇത്‌ ഞങ്ങളുടെ സ്വത്വമാണ്‌. വംശീയ പാരമ്പര്യമായ ആട്ടമാണ്’‌ എന്ന നിലയിൽ തന്നെ കൊണ്ടുവരികയായിരുന്നു. ‌ കരിങ്കാളി മുടി, വട്ടമുടി, മുടിയാട്ടം, കാളകളി തുടങ്ങിയവ ‌ പൊതുവേദിയിൽ ആദ്യമായി കൊണ്ടുവന്നത്‌ ഞങ്ങളാണ്‌.   ജീവിതം തന്നെ കല   മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ ഒരു നാടൻ പാട്ടു സംഘം ആദ്യമായാണ് പങ്കെടുത്തത്, 2014ൽ. 20 രാജ്യത്തെ കലാകാരന്മാർ പങ്കെടുത്തു.  രണ്ടായിരത്തിലധികം സംഘങ്ങൾ  കേരളത്തിലുണ്ട്‌. തൊണ്ണൂറുകളിൽ വിരലിൽ എണ്ണാവുന്ന സമിതികൾ മാത്രമായിരുന്നു. 2015ൽ ആണ്‌ വേദിയിൽ പാടുന്ന കലാകാരന്മാരെ ചേർത്ത്‌ നാട്ടുകലാകാരന്മാരുടെ സംഘമുണ്ടാക്കിയത്‌. അതിൽ 3500 ഓളംഅംഗങ്ങളുണ്ട്‌. നാടൻകലാകാരന്മാരുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലാണ്‌. ഈയിടെ തീച്ചാമുണ്ഡി ചെയ്‌തപ്പോൾ ഗുരുതരമായി പൊള്ളലേറ്റ കലാകാരന്റെ കാല്‌ മുറിച്ചുമാറ്റേണ്ടി വന്നത്‌ ഓർക്കണം.   കെട്ടുറപ്പുള്ള സംഘടനയുണ്ടെങ്കിൽപരസ്‌പരം സഹായിക്കാമല്ലോ എന്ന നിലയ്‌ക്കാണ്‌‌‌ സംഘടനയ്‌ക്ക്‌ രൂപം നൽകിയത്‌. മിക്ക നാടൻകലാകാരന്മാരുടെയും വരുമാനം അന്നന്ന്‌ ജീവിച്ചുപോകാൻമാത്രമേ ഉണ്ടാകൂ‌. ജീവിതം മുഴുവൻ കലയ്‌ക്കായി അർപ്പിക്കുന്ന ഇത്തരം കലാകാരന്മാർക്ക്‌ ലഭിക്കുന്ന പുരസ്‌കാരങ്ങൾക്ക്‌ മറ്റ്‌  അവാർഡ്‌ തുകയുമായി വലിയ അന്തരമുണ്ട്‌.    ആട്‌ പാമ്പേ ആടാട്‌ പാമ്പേ ആടാട്‌ പാമ്പേ/ ആട്‌ പാമ്പേ കാവിലിളം പാമ്പേ ... വിജീഷ്‌ ലാൽ ശേഖരിച്ച പാട്ടാണിത്‌. കണ്ണൻ ചെങ്ങാല്ലൂർ ആണത്‌ പാടിത്തന്നത്‌. സംഘത്തെക്കുറിച്ച്‌ ഫിലിം ഡിവിഷൻ ഓഫ്‌ ഇന്ത്യ നിർമിച്ച്‌ രഞ്‌ജിത്‌ കുഴൂർ സംവിധാനംചെയ്‌ത  18'Feet എന്ന  ഡോക്യുമെന്ററിയുണ്ട്‌. സംഘാംഗങ്ങളുടെ അനുഭവമാണ്‌ അതിൽ പറയുന്നത്‌. സംഘത്തിന്റെതായി ഒറ്റമരം കാവല്ല എന്ന പേരിൽ ഇക്കോ ഷോപ്പും പ്രവർത്തിക്കുന്നുണ്ട്‌.   മാളയ്‌ക്ക്‌ അടുത്ത്‌ വടവയിലാണ്‌ രമേഷിന്റെ‌ താമസം. കെഎസ്‌ആർടിസി കൊടുങ്ങല്ലൂർ ഡിപ്പോ സ്റ്റേഷൻ മാസ്റ്ററാണ്‌.    ചാലക്കുടിയിലെ പാട്ടുപെണ്ണ്‌   പ്രസീതയിലെ പാട്ടുകാരിയെ തിരിച്ചറിഞ്ഞതും ചേർത്തുനിർത്തിയതും തൃശൂർ കേരളവർമ കോളേജിലെ വിദ്യാർഥിക്കൂട്ടമാണ്‌. ചെറുപ്പം മുതലേ കാവിലും വീട്ടുമുറ്റത്തും മുടിയാട്ടവൂം നാടൻ പാട്ടുകളും നിറഞ്ഞുനിന്നെങ്കിലും കെട്ടുപൊട്ടി ചിതറിയത്‌ ബിഎസ്‌സിക്ക്‌ കോളേജിലെത്തിയപ്പോൾ‌. കർഷകത്തൊഴിലാളിയായ അച്ഛനിൽനിന്നും അമ്മയുടെ അമ്മാവനിൽനിന്നുമാണ്‌ ആദ്യകാലത്ത്‌ പാട്ടു കേട്ടത്‌. ദീർഘദൂര ഓട്ടക്കാരിയായിരുന്നു സ്‌കൂൾ കാലത്ത്‌. ദാരിദ്ര്യംമൂലം ഓട്ടം നിലച്ചു.  ചാലക്കുടിയിലെ കാഞ്ഞിരപ്പിള്ളി ഗ്രാമത്തിൽനിന്ന്‌ പലപ്പോഴും വിശന്ന വയറുമായാണ്‌ ക്യാമ്പസിലെത്തിയത്‌. ഇല്ലായ്‌മകൾ മറക്കാൻ പാട്ടുകൾ കൂട്ടായി. കൂട്ടുകാർക്കൊപ്പം പാടിത്തിമിർത്തു.  എസ്‌എഫ്‌ഐ കലാജാഥയിലും സജീവമായി. ബിരുദപഠനകാലത്ത്‌  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതിയ ‘നിന്നെ ക്കാണാൻ എന്നെക്കാളും ചന്തംതോന്നും കുഞ്ഞിപ്പെണ്ണേ’ പാട്ട്‌ പാടാൻ അവസരം ലഭിച്ചു. അതാണ്‌ വഴിത്തിരിവായത്‌. തൃശൂരിലെ അഡ്വ. വി ഡി പ്രേംപ്രസാദ്‌ തലവനായ ‘ജനനയന’യിലൂടെയായിരുന്നു പാട്ട്‌ വന്നുചേർന്നത്‌‌. ‘കുഞ്ഞിപ്പെണ്ണ്‌’ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. സ്‌ത്രീകൾ പൊതുവേദികളിൽ പാടാൻ മടിച്ച കാലത്ത്  എത്രയോ സ്ഥലങ്ങളിൽ പാടാൻ പോയി. ഏത്‌ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാമെന്ന ആത്മവിശ്വാസം ‌ തെരുവ്‌ നാടകാനുഭവം തന്നതാണ്‌.  കൊറോണക്കാലത്തും‌ വിശ്രമമില്ല. നാട്ടുകാരുടെ മുറിവുണക്കാൻ  പാടുന്നു. ഓൺലൈൻ ലൈവുകളിലൂടെ ഇത്രയേറെ മലയാളികൾക്കിടയിൽ എത്തിയ മറ്റൊരുപാട്ടുകാരിയുണ്ടാകില്ല. 2002ലാണ്‌ നാടൻപാട്ട് അവതരണവുമായി പൊതുവേദിയിൽ എത്തുന്നത്‌.    എംഎ ഫോക്‌ലോറിൽ രണ്ടാംറാങ്കുണ്ടായിരുന്നു.  എംഫില്ലിനുശേഷം പിഎച്ച്‌ഡി ചെയ്യുകയാണ്‌. വടകര സെന്ററിൽ എംഎയ്‌ക്ക്‌ പഠിക്കുമ്പോൾ അവിടെയുണ്ടായിരുന്ന  ‘നാട്ടുപന്തൽ ’സംഘത്തിലെ പ്രധാന ഗായികയായിരുന്നു. കോഴിക്കോട്ടെ വേദിയിൽവച്ചാണ്‌ വി എം കുട്ടി  ഗാനമേള സംഘത്തിലേക്ക്‌ ക്ഷണിക്കുന്നത്‌. 2010ൽ പത്തുപാട്ട്‌ ചേർത്ത്‌ ചിരുതക്കുട്ടിയെന്ന ആൽബം പുറത്തിറക്കി. ഇഞ്ചക്കാട്‌ ബാലചന്ദ്രൻ രചിച്ച ഇനി വരുന്നൊരു തലമുറയ്‌ക്ക്‌ എന്ന പാട്ടും ആൽബമായി‌. എംസി ഓഡിയോസിലൂടെ നിരവധി പാട്ടുകളും പുറത്തിറങ്ങി. നാടൻപാട്ട്‌ രംഗത്തിന്‌ കലാഭവൻ മണി നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണ്‌. ആ ആദരവും ബഹുമാനവും എപ്പോഴുമുണ്ട്‌. 2010ൽ   പതി ഫോക്‌ അക്കാദമി എന്ന പേരിൽ കലാസമിതിക്ക്‌ രൂപം നൽകി. സിനിമാ പിണന്നി ഗാനരംഗത്തുമുണ്ട്‌. ബ്രിട്ടൻ, സ്വിറ്റ്‌സർലൻഡ്‌, ഓസ്‌ട്രേലിയ, ഗൾഫ്‌ രാജ്യങ്ങൾ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചു. ഏഴോളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. തൃശൂർ പെരുമ്പിലാവിലാണ്‌ താമസം.     Read on deshabhimani.com

Related News