അതിജീവനത്തിന്റെ റിലീസുകൾ



കോവിഡ്‌ പ്രതിസന്ധിക്കിടയിലും ഈ ഓണക്കാലത്ത്‌ വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകളിൽ റിലീസ്‌ ചെയ്‌ത നാലു മലയാള സിനിമകളുടെ വിശേഷങ്ങൾ കോവിഡ് ബാധയും ലോക്‌ഡൗണുംമൂലം ഏറ്റവും അധികം പ്രതിസന്ധിയിലായ മേഖലകളിലൊന്നാണ്‌ സിനിമ. ലോകമെമ്പാടുമെന്നപോലെ  കേരളത്തിലും തിയറ്ററുകൾ എന്ന്‌ പൂർവസ്ഥിതിയിലാകുമെന്ന്‌ പറയാനാകില്ല. അതിനിടയിലും ചില നിർമാതാക്കൾ പ്രതിസന്ധി അതിജീവിക്കാൻ ഓൺലൈനിലെ സമാന്തര പ്രദർശനവേദി (OTT Platforms) കളെ ആശ്രയിച്ച് സിനിമകൾ പ്രേക്ഷകനിലെത്തിക്കാനുള്ള ശ്രമങ്ങൾ  പ്രതീക്ഷയേകുന്നു. ഓണക്കാലത്ത്,‌ സീസണിൽ തിയറ്ററുകൾ അടഞ്ഞുകിടന്നിട്ടും ടൊവിനോ തോമസ്, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ എന്നീ   പ്രമുഖതാരങ്ങളുടെ പുതിയ സിനിമകൾ  പ്രേക്ഷകരിലെത്തി. നാല് വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകളിൽ പ്രീമിയർ ചെയ്‌ത നാലു സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങൾ.   കള്ളനോട്ടം (The False Eye) ഒറ്റമുറിവെളിച്ചം എന്ന ആദ്യ സിനിമയ്‌ക്ക്‌ മികച്ച ചിത്രത്തിനുള്ളത് ഉൾപ്പെടെ നാല് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ രാഹുൽ റെജി നായരുടെ പുതിയ സിനിമ. പ്രീമിയർ ഷോ ന്യൂയോർക്ക് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. പൂർണമായും  ഗോപ്രോ ക്യാമറയിൽ ചിത്രീകരിച്ച പരീക്ഷണ സിനിമ. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരു കൊച്ചുബാലൻ, തന്റെ നാട്ടിൻപുറത്തുള്ള ചെറിയകടയിൽ നിരീക്ഷണാർഥം വച്ച ഗോപ്രോ ക്യാമറ ആരും കാണാതെ കൈക്കലാക്കുന്നു.  മോഷണം അല്ല , തന്റെ സിനിമ ചിത്രീകരിച്ച ശേഷം എടുത്തിടത്ത് തന്നെ ക്യാമറ വയ്‌ക്കണം എന്നാണ് ഉദ്ദേശ്യം. അവൻ എടുക്കുന്നത് മുതൽ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ആണ് സിനിമ. കുട്ടികളുടെ സിനിമപോലെ നിഷ്‌കളങ്കമായ സംഭവങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും രസകരമായി മുന്നോട്ട് പോകുന്ന കഥാഗതി ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ മുതിർന്നവരുടെ ക്രൂര യാഥാർഥ്യങ്ങളിലേക്ക്  സഞ്ചരിക്കുന്നു. സദാചാര പൊലീസിങ്ങും ജനമൈത്രിപൊലീസിങ്ങും പീഡനവും ക്രിമിനൽ പ്രവണതകളുമെല്ലാം  പതിയുന്നു.. സമൂഹത്തിലേക്ക് അലക്ഷ്യമായി തുറന്നുവച്ച ക്യാമറ എന്നത് വളരെയധികം വിശാലമായ സാധ്യതകളുള്ള  സംഗതി ആയിരുന്നിട്ടും അത്രയധികമൊന്നും തിരക്കഥയിൽ അത് ഉപയോഗപ്പെടുത്തിയിട്ടില്ല. ‘സദാചാരപൊലീസിങ്‌ നല്ലതിന്' എന്ന പാസീവ് ആയ സന്ദേശവും സിനിമ വഹിക്കുന്നുണ്ടോ എന്ന് സംശയിക്കാം. എന്നിരുന്നാലും പരീക്ഷണോദ്യമം എന്ന നിലയിൽ ‘കള്ളനോട്ടം' കൊള്ളാം. സംവിധായകനൊപ്പം വാസുദേവ്, സൂര്യദേവ്, ആൻസു മേരി എന്നീ ബാലതാരങ്ങളും പ്രത്യേക പരാമർശം അർഹിക്കുന്നു.. സീ യു സൂൺ ഒരർഥത്തിൽ ‘കള്ളനോട്ട'ത്തിന്റെ മറ്റൊരു വേർഷൻ.  മൂന്നുനാല്  കഥാപാത്രങ്ങൾ വിവിധ ഓൺലൈൻ നെറ്റ്‌വർക്കിങ്‌ സൈറ്റുകളിലൂടെ നടത്തുന്ന ചാറ്റിങ് ടെക്‌സ്റ്റ്‌, സൗണ്ട് ക്ലിപ്പ്, വീഡിയോ ക്ലിപ്പ് എന്നിവയിലൂടെയുള്ള ആശയ വിനിമയത്തിലേക്ക് ഒളിഞ്ഞുനോക്കുകയാണ് സംവിധായകൻ മഹേഷ് നാരായണനും നമ്മളും. പ്രധാനകഥാപാത്രങ്ങളുടെ ലാപ്‌ടോപ്പിന്റെയോ മൊബൈൽ ഫോണിന്റെയോ മോണിറ്ററുകളിലെ ചാറ്റ് വിൻഡോസ്, കുറച്ച് ഫോൺ സംഭാഷണങ്ങൾ, കുറച്ച് സിസി ടിവി ഫുട്ടേജുകൾ എന്നിവ മാത്രം ഉപയോഗിച്ചാണ് ഈ ത്രില്ലർ ഒരുക്കിയത്.  ഹോളിവുഡ് ത്രില്ലർ സെർച്ചിങ്‌ (2018) ആണ് ഈ ഫോർമാറ്റിന് പ്രചോദനമെന്ന്  ഒളിച്ചുവച്ചിട്ടില്ല. യു എ ഇയിലെ ബാങ്കിൽ ജോലി ചെയ്യുന്ന ജിമ്മി ഡേറ്റിങ് സൈറ്റ് ആയ ടിൻഡറിലൂടെ പരിചയപ്പെടുന്ന അനുവിനെ കൂടുതൽ അന്വേഷണേ കൂടാതെ ഒരാഴ്‌ചയ്‌ക്കകം  കല്യാണം കഴിക്കാൻ തീരുമാനിക്കുകയും കൂടെ താമസിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ്  പ്രമേയം. കുരുക്കഴിക്കാൻ ജിമ്മി സൈബർ വിദഗ്ധനായ കസിൻ കെവിന്റെ സഹായം തേടുന്നു.    ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌ത സീ യു സൂൺ, കോവിഡ്കാല അടച്ചിരിപ്പിന്റെ എല്ലാവിധ പരാധീനതകളും വച്ച്  ഐ ഫോൺ ഉപയോഗിച്ചാണ്‌ ചിത്രീകരിച്ചത്‌.  ത്രില്ലർ മൂഡ് നിലനിർത്തിക്കൊണ്ട്  പ്രേക്ഷകനെ ഒപ്പം കൂട്ടാൻ കഴിഞ്ഞത്  തിരക്കഥയുടെയും സംവിധാനത്തിന്റെയും മികവ്‌.  ആ മൂഡ്‌  വികസിപ്പിച്ച് ഗംഭീരമായൊരു പരിസമാപ്തി നൽകാൻ കഴിഞ്ഞില്ല എന്നത് തൽക്കാലം കണ്ടില്ലെന്ന് നടിക്കാം. റോഷൻ മാത്യു (ജിമ്മി), ഹഹദ് ഫാസിൽ (കെവിൻ) എന്നിവരുടെ അഭിനയവും ഗോപി സുന്ദറിന്റെ പശ്‌ചാത്തല സംഗീതവും  കേമം.          കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് ഓണനാളിൽ ഏഷ്യാനെറ്റിൽ റിലീസ് ചെയ്‌ത ഫീൽഗുഡ് എന്റർടെയ്‌നർ,  ഫെസ്റ്റിവൽ സിനിമയുടെ  ഉല്ലാസാന്തരീക്ഷവും ശുഭാന്ത്യവുമുള്ള ചിത്രം മാർച്ചിൽ റിലീസ് നിശ്ചയിക്കപ്പെട്ടിരുന്നതാണ്‌.  ചാനൽ റിലീസ്  നായകനായ ടൊവിനോയും ക്യാമറാമാൻ സിനു സിദ്ധാർഥും ഉൾപ്പെടെയുള്ള നിർമാതാക്കൾക്ക് ആശ്വാസമായി.  കുഞ്ഞുദൈവം, രണ്ടു പെൺകുട്ടികൾ എന്നിങ്ങനെയുള്ള  ആദ്യ സിനിമകളിലൂടെ  നിരൂപകശ്രദ്ധ നേടിയ ജിയോ ബേബിയാണ്‌ സംവിധാനവും തിരക്കഥയും സംഭാഷണവും. കോട്ടയം ജില്ലയിലെ തലനാട് സ്വദേശി  ജോസ്‌ മോന്റെ (ടൊവിനോ) ഗ്രാമീണജീവിതവും സൗഹൃദങ്ങളും കുടുംബ പ്രാരാബ്‌ധങ്ങളും മരിച്ചുപോയ അപ്പന്റെ ബുള്ളറ്റിനോടുള്ള ആത്മബന്ധവുമൊക്കെയായി നാടൻ സെറ്റപ്പിൽ തുടങ്ങുന്ന സിനിമ  ലക്ഷണമൊത്ത  റോഡ്മൂവി ആയി മാറുന്നു. ലോട്ടറിയടിച്ച പണവുമായി ലോകം ചുറ്റാൻ ഇറങ്ങിയ കാത്തി(ഇന്ത്യ ജാർവിസ്‌) എന്ന അമേരിക്കക്കാരിയെ ബുള്ളറ്റിൽ ഇന്ത്യ കാണിച്ചുകൊടുക്കാനുള്ള ജോലി അഭ്യുദയകാംക്ഷിയായ റിസോർട്ട് ഉടമ ജോസ്‌ മോനെ ഏൽപ്പിക്കുന്നു.   ‘യാത്രയിൽ ഇല്ലാതാവുന്ന ദൂരങ്ങൾ' എന്ന പരസ്യവാചകത്തെ അന്വർഥമാക്കിക്കൊണ്ട് തുടർന്ന് നമ്മൾ പ്രതീക്ഷിക്കുന്നതൊക്കെ തന്നെ സംഭവിക്കുന്നു. റോഡ് മൂവിക്ക്‌ സാധ്യമായ പല തുറസ്സുകളിലേക്കും സിനിമ എത്തിനോക്കിയിട്ടില്ല. വെളിയിട വിസർജനം പോലുള്ള ഏതാനും ചില കാര്യങ്ങൾ മാത്രമേ പ്രശ്‌നവൽക്കരിക്കാൻ ശ്രമിച്ചിട്ടുള്ളു.             മണിയറയിലെ അശോകൻ ഓണദിനത്തിൽ നെറ്റ്ഫ്ലിക്‌സിൽ സ്‌ട്രീം ചെയ്‌ത  ‘മണിയറയിലെ അശോകൻ' നിർമാതാവായും അതിഥി താരമായും ഉള്ള ദുൽഖർ സൽമാന്റെ സാന്നിധ്യത്തിലൂടെ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. ശീർഷകത്തിന്റെ നിലവാരക്കുറവ് സിനിമയിൽ ഉടനീളമുണ്ട്‌.   ഉയരക്കുറവ് കാരണം ജന്മനാ അപകർഷതാബോധം ഉള്ള ഒരു യുവാവിന് ജാതകദോഷം കൂടി ഉണ്ടെങ്കിൽ കല്യാണപ്രായമെത്തുമ്പോൾ സമൂഹത്തിൽ അയാൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ  ഗംഭീരമായ പ്ലോട്ട് ആണ്.  അശോകന്( ജേക്കബ് ഗ്രിഗറി)  സംവിധായകൻ ഷംസു സയ്ബയും തിരക്കഥാകൃത്ത് വിനീത് കൃഷ്‌ണനും ഒരുക്കിയ വഴികൾ വിചിത്രം. ദുർബലമായ കഥാഗതിയും ദയനീയമായ സ്‌ക്രിപ്റ്റും അശോകനെ  കോമാളി ആക്കുന്നു. അശോകന്റെ സൃഷ്ടിദോഷത്തിനുമുന്നിൽ ഗ്രിഗറിയും നിസ്സഹായൻ.   സ്ഥാനത്തും അസ്ഥാനത്തും വന്നുപോകുന്ന കാമിയോ റോളുകളും നായികമാരും പാട്ടുകളും മുഴച്ചു നിൽക്കുന്നുണ്ട്   താരപ്പകിട്ടുള്ള  നടിയെ പടം അവസാനിക്കുമ്പോൾ അശോകന്റെ നായികയായി കൊണ്ടുവന്നത്  പ്രേക്ഷകർക്ക് നേരിയ ആഹ്ലാദം പകർന്നേക്കാം. Read on deshabhimani.com

Related News