‘കൊച്ചരേത്തി’ സിനിമയിലേക്ക്‌ 
നടക്കുമ്പോൾ മടക്കം



കൊച്ചി ആദ്യമെഴുതിയ നോവൽ എന്തെങ്കിലുമൊന്നായി കാണാനുള്ള ആഗ്രഹത്തോടെയാണ്‌ ‘കൊച്ചരേത്തി’യുടെ കൈയെഴുത്തുപ്രതിയുമായി നാരായൻ പല സിനിമാക്കാരെയും സമീപിച്ചത്‌. എഴുത്തുകാരനായി പേരെടുത്തിട്ടില്ലാത്ത കാലം. പിന്നീട്‌ ‘കൊച്ചരേത്തി’ മലയാളസാഹിത്യത്തിൽ ചലനങ്ങൾ സൃഷ്‌ടിച്ചപ്പോൾ നാരായനിൽ വീണ്ടും  സിനിമാമോഹം ഉണർന്നു. ‘കൊച്ചരേത്തി’ എന്തെങ്കിലുമായി കാണാനായിരുന്നില്ല,  ഇതുവരെ സിനിമയിൽ കണ്ടതൊന്നുമല്ല യഥാർഥ ഗോത്രജീവിതം എന്ന്‌ ലോകത്തോട്‌ പറയാൻമാത്രം. തിരക്കഥയെഴുതി പൂർത്തിയാക്കിയെങ്കിലും ‘കൊച്ചരേത്തി’  സിനിമയായി കാണാനുള്ള മോഹം ബാക്കിനിൽക്കെയാണ്‌ നാരായന്റെ വിയോഗം. സിനിമയിൽ കണ്ടതൊന്നും ശരിയായ ആദിവാസി ജീവിതമല്ലെന്ന്‌ നാരായൻ എപ്പോഴും പറയുമായിരുന്നു. അന്നൊന്നും ആദിവാസി വിഭാഗത്തിലെ മലയരയരുടെ ജീവിതം പകർത്തിയ ‘കൊച്ചരേത്തി’ സിനിമയാക്കാൻ ആലോചിച്ചിരുന്നുമില്ല. പുതുക്കലവട്ടത്തെ സുഹൃദ്‌സദസിൽനിന്നാണ്‌ അതിന്‌ പ്രചോദനമുണ്ടായത്‌. പിന്നെ ആലോചിച്ചില്ല. സുഹൃത്തായ അനാരി കൃഷ്‌ണൻകുട്ടിയുമായി ചേർന്ന്‌ തിരക്കഥ പൂർത്തിയാക്കി. തിരക്കഥയുടെ ഏണുംകോണുമൊന്നും പിടിയില്ലെങ്കിലും ആദിവാസി ജീവിതത്തിന്റെ ചൂടുംചൂരും സിനിമാഭാഷയിലാക്കാൻ നാരായന്‌ പ്രയാസമില്ലായിരുന്നു. നോവലിലെ അതേ ആഖ്യാനമല്ല തിരക്കഥയിൽ സ്വീകരിച്ചത്‌.  ദൃശ്യഭാഷയുടെ സാധ്യതകൾക്കനുസരിച്ച്‌ മാറ്റംവരുത്തി. ‘കൊച്ചരേത്തി’ വലിയ പണംവാരി സിനിമയൊന്നുമാകില്ലെന്ന്‌ നാരായൻ പറഞ്ഞിരുന്നു. എങ്കിലും സാഹിത്യലോകത്തുണ്ടാക്കിയ ചലനം സിനിമയിലും ഉണ്ടാക്കുമെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. തിരക്കഥ പൂർത്തിയാക്കിയശേഷം ചില നിർമാതാക്കളുമായി സംസാരിച്ചിരുന്നു. തുടർചർച്ചകൾക്കായി ചിലർ ക്ഷണിച്ചു. അതിനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹമെന്നും കൃഷ്‌ണൻകുട്ടി പറഞ്ഞു. Read on deshabhimani.com

Related News