സ്‌നേഹവീട്ടിലെ ഹൃദയതാളം



പയ്യാമ്പലം കനിയിൽ പാലത്ത്‌ ശ്രീലക്ഷ്‌മിയുടെ വീടിന് താക്കോൽ കെെമാറിയപ്പോൾ താളംപിടിച്ച് ഗുജറാത്ത് പ്രതിനിധി സംഘവും കണ്ണൂർ ‘ഏഴോം വടക്കൻസി’ന്റെ ചെണ്ടയുടെ താളത്തിനൊപ്പം കൊട്ടിക്കയറി നളിനി ജഡേജ. സിപിഐ എം ഗുജറാത്ത് സെക്രട്ടറിയറ്റ് അംഗമായ നളിനി, പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പാർടി കോൺഗ്രസിന്റെ ഭാഗമായി 23 സ്‌നേഹവീടുകൾ നിർമിച്ചതറിഞ്ഞ്‌ ഉദ്‌ഘാടനച്ചടങ്ങ്‌ കാണാൻ ഗുജറാത്ത്‌ പ്രതിനിധിസംഘവും വന്നു. അവിടത്തെ സന്തോഷത്തിലും ആവേശത്തിലും അവർ അലിഞ്ഞുചേർന്നു. പയ്യാമ്പലം കനിയിൽ പാലത്ത്‌ ശ്രീലക്ഷ്‌മിക്ക്‌ നിർമിച്ച വീട്ടിലായിരുന്നു ഉദ്‌ഘാടനം. ‘ഗുജറാത്തിൽ ബിജെപി സർക്കാർ ജനങ്ങളെ വർഗീയതയുടെ പേരിൽ തമ്മിലടിപ്പിക്കുകയാണ്‌. ആളുകളെ ഭിന്നിപ്പിച്ച്‌  അധികാരം നേടുന്നു. ഇവിടെയുള്ള ഇടതുപക്ഷ സർക്കാരും സിപിഐ എമ്മും ജനങ്ങളുടെ നന്മയ്‌ക്കാണ്‌ പ്രവർത്തിക്കുന്നത്‌. ആ സന്തോഷത്തിലാണ്‌ നമ്മളെല്ലാം’–- നളിനി ജഡേജ പറഞ്ഞു.  ബിജെപി വർഗീയകലാപങ്ങളിലൂടെ പാവങ്ങളുടെ വീടുകൾ തകർക്കുമ്പോൾ, കേരളത്തിൽ സിപിഐ എം പാവങ്ങൾക്ക്‌ വീട്‌ നിർമിച്ചുനൽകുകയാണെന്ന്‌ ഗുജറാത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം അരുൺ മേത്ത പറഞ്ഞു. ഗുജറാത്തിൽനിന്നുള്ള എട്ടു പ്രതിനിധികളാണ്‌ ‘സ്‌നേഹവീട്ടി’ലേക്ക്‌ എത്തിയത്‌. Read on deshabhimani.com

Related News