മുസ്ലിം ജനസംഖ്യ: കെട്ടുകഥ പൊളിച്ച്‌ കണക്കുകൾ



ന്യൂഡൽഹി> ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ ഇതര മതവിഭാഗങ്ങളെ അപേക്ഷിച്ച്‌ പെരുകുന്നുവെന്ന പ്രചാരണം കെട്ടുകഥയെന്ന് അന്താരാഷ്ട്ര ​ഗവേഷണ സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ട്.  1992ൽ മുസ്ലിം കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 4.4 എങ്കില്‍ 2015ൽ ഇത്‌ 2.6 ആയി ചുരുങ്ങി. ഹിന്ദു കുടുംബങ്ങളില്‍ ഇത്‌ യഥാക്രമം 3.3ഉം 2.1 ഉം ആണ്. ക്രൈസ്‌തവ കുടുംബങ്ങളിൽ  2.9, രണ്ട്‌ എന്ന നിലയ്ക്കും. കുടുംബത്തിലെ കുട്ടികളുടെ എണ്ണത്തിലെ ദേശീയശരാശരിയായ 2.2നോട്‌ അടുത്തുനിൽക്കുന്നതാണ്‌ മൂന്ന്‌ പ്രധാന മതവിഭാഗത്തിലെയും നിരക്ക്‌. കാനേഷുമാരി, ദേശീയ കുടുംബാരോഗ്യ സർവേ എന്നിവ അടിസ്ഥാനമാക്കി വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ പ്യൂ റിസർച്ച്‌ സെന്ററാണ് പഠനം നടത്തിയത്. മുസ്ലിം ജനസംഖ്യാ വളർച്ചയുടെ നിരക്കും കുറഞ്ഞുവരുന്നു. 1951–-61ല്‍ ഇത്‌ 32.7 ശതമാനമായിരുന്നത്‌ 2001–2011ൽ   24.7 ശതമാനംമാത്രം. പൊതു ജനസംഖ്യാ വളർച്ച  ഇക്കാലങ്ങളിൽ യഥാക്രമം 21.6 ശതമാനം, 17.7 ശതമാനം എന്നിങ്ങനെയായിരുന്നു.  1951–-61ൽ രണ്ടും തമ്മിലുള്ള വ്യത്യാസം 11.1 ശതമാനം. 2001–-2011ൽ ഏഴ്‌ ശതമാനംമാത്രം. കുട്ടികൾ കൂടുതലുള്ള കുടുംബങ്ങളില്‍ മുന്നില്‍  ബിഹാറും (3.4) യുപിയും(2.7). ഏറ്റവും കുറവ്‌ കേരളത്തില്‍. കേരളീയ കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 1.6 മാത്രം. തമിഴ്‌നാട്ടിൽ 1.7. ഹിന്ദു, മുസ്ലിം, ക്രൈസ്തവ, ബുദ്ധ, സിഖ്‌, ജൈന വിഭാ​ഗങ്ങളില്‍ പെടാത്ത എൺപത്‌ ലക്ഷത്തോളം പേർ രാജ്യത്തുണ്ട്. ഏറിയപങ്കും ആദിവാസികള്‍. 50 ലക്ഷം  ആദിവാസികൾ ജാർഖണ്ഡിലെ ശർണ വിഭാഗം. 10 ലക്ഷത്തോളം പേർ ഗോണ്ടുകളാണ്‌. പാഴ്‌സി ഒഴികെ എല്ലാ മതവിശ്വാസികളുടെയും എണ്ണം രാജ്യത്ത്‌ വർധിച്ചുവരുന്നു. 1951ൽ 1,10,000 പാഴ്‌സികൾ ഉണ്ടായിരുന്നത് 2011ൽ 60,000 ആയി. Read on deshabhimani.com

Related News