‘കുത്തേറ്റുവീണ’ ഹാളിൽ ശ്രീക്കുട്ടനെത്തി



തിരുവനന്തപുരം 36 വർഷം മുമ്പ്‌ തന്നെ ‘കുത്തിവീഴ്‌ത്തിയ’ ഹാളിലേക്ക്‌ ‘ശ്രീക്കുട്ടൻ’ വീണ്ടുമെത്തി. അന്ന്‌ അതിക്രമിച്ചാണ്‌ കയറിയതെങ്കിൽ ഇപ്പോൾ എല്ലാവരും ചേർന്ന്‌ ആനയിച്ചുകൊണ്ടുവരികയായിരുന്നു. മലയാള സിനിമയിലെ താര രാജാവായിട്ടായിരുന്നു ആ മടങ്ങിവരവ്‌...! ദേശാഭിമാനി അക്ഷരമുറ്റം മെഗാ ഇവന്റിന്റെ വേദിയായ കേരള സർവകലാശാലാ സെനറ്റ്‌ ഹാളിലേക്ക്‌ മലയാളികളുടെ സൂപ്പർതാരം മോഹൻലാൽ  കടന്നുവന്നപ്പോൾ എല്ലാവരുടെയും മനസ്സിലേക്ക്‌ ഓടിയെത്തിയത്‌ ‘ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ’ എന്ന പാട്ടും അദ്ദേഹം അവതരിപ്പിച്ച ശ്രീക്കുട്ടൻ എന്ന കഥാപാത്രവുമായിരുന്നു. വീണ്ടും സെനറ്റ്‌ ഹാളിലെത്തിയപ്പോൾ തന്റെ മനസ്സിലും ആ ചിത്രത്തിന്റെ ഓർമകൾ അലയടിച്ചെത്തിയെന്ന്‌ മോഹൻലാൽ ദേശാഭിമാനിയോട്‌ പറഞ്ഞു. ആ ചിത്രത്തിനുശേഷം ഒരുപാട്‌ പരിപാടികൾക്ക്‌ സെനറ്റ്‌ ഹാളിൽ വന്നിട്ടുണ്ടെന്നും അവയുടെ ഓർമകളും മനസ്സിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു.  1986 ൽ പുറത്തിറങ്ങിയ ‘നിന്നിഷ്‌ടം എന്നിഷ്‌ടം’ എന്ന ഹിറ്റ് സിനിമയിലെ പാട്ടാണ്‌ ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ. പാട്ടും  ക്ലൈമാക്‌സ്‌ രംഗവും പൂർണമായും ചിത്രീകരിച്ചത്‌ സെനറ്റ്‌ ഹാളിലായിരുന്നു. ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തെയാണ്‌ മോഹൻലാൽ അവതരിപ്പിച്ചത്‌. നായിക പ്രിയ അവതരിപ്പിച്ച ചിക്കു (ശാലിനി) എന്ന കഥാപാത്രമാണ്‌ പാട്ടുപാടി അഭിനയിച്ചത്‌. എസ് ജാനകിയാണ് പാട്ടുപാടിയത്. ആലപ്പി അഷ്‌റഫ്‌ സംവിധാനം ചെയ്‌ത സിനിമയുടെ തിരക്കഥയൊരുക്കിയത്‌ പ്രിയദർശനായിരുന്നു. കണ്ണൂർ രാജനായിരുന്നു സംഗീതം. Read on deshabhimani.com

Related News