ഇതാണ് യഥാര്‍ഥ വൈബ് ; അതിജീവനത്തിന്റെ അഴകായി അവരുമുണ്ട്‌



കൊച്ചി കലോത്സവസദസ്സുകളിൽ അതിജീവനത്തിന്റെ അഴകായി അവരുമുണ്ട്‌–- സെറിബ്രൽപാൾസി ബാധിതരായ ആദിത്യയും ഷാദിയയും. മത്സരാർഥികളല്ലെങ്കിലും വിജയികളാണിവർ. അരങ്ങിൽ അല്ല, ജീവിതത്തിൽ. മത്സരങ്ങൾ സ്വയംമറന്ന്‌ ആസ്വദിച്ച്‌ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഇവരും കലോത്സവത്തിലെ താരങ്ങൾതന്നെ. മഹാരാജാസ്‌ കോളേജിലെ ബിരുദവിദ്യാർഥികളാണ്‌ ആദിത്യ സണ്ണിയും പി കെ ഷാദിയയും. കലോത്സവം അടിപൊളിയാണെന്ന്‌ രണ്ടുപേരും പറയുമ്പോൾ, വാക്കുകളിൽ അഭിമാനവും സന്തോഷവും. മഹാരാജാസ്‌ രണ്ടാംസ്ഥാനത്താണിപ്പോൾ. നല്ല പ്രതീക്ഷയുണ്ടെന്ന്‌ ആദിത്യ. സംഘാടകനായും കാണിയായും കലോത്സവത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ആഹ്ലാദമെന്നും ഈ മിടുക്കൻ. മഹാരാജാസിലെ യൂണിയൻ മെമ്പറാണ്‌. ഈ കോളേജിലെ എസ്‌എഫ്‌ഐയിൽ പ്രവർത്തിക്കാനാണ്‌ സ്വദേശമായ വയനാട്ടിൽനിന്ന്‌ ഇവിടെയെത്തിയത്‌. പരമാവധി പഠിക്കണം. അതിന്‌ ഒന്നും തടസ്സമല്ല. സഹതാപത്തിന്റെ കണ്ണിലൂടെയല്ല തങ്ങളെപ്പോലുള്ളവരെ നോക്കേണ്ടത്‌. തുല്യരായി കാണണമെന്നും ആദിത്യ. കോഴിക്കോട്‌ നരിക്കുനിക്കാരിയാണ്‌ ഷാദിയ. മഹാരാജാസിൽ ചേർന്നത്‌ തന്നെപ്പോലുള്ളവരെക്കുറിച്ച്‌ സമൂഹത്തിൽ ചിലർക്കെങ്കിലുമുള്ള തെറ്റിദ്ധാരണ മാറ്റാൻകൂടിയാണ്‌. രക്ഷിതാക്കളുടെ കരുതൽ വേണമെന്നും ദൂരസ്ഥലങ്ങളിൽ പോയി പഠിക്കാൻ കഴിയില്ലെന്നുമാണ്‌ ആ ധാരണ. ഇത്‌ തെറ്റാണ്‌. ലൂംപാനിക്‌സ്‌ ബുക്ക്‌ സ്‌റ്റോർ നടത്തി പഠനത്തിനുള്ള ചെലവ്‌ സ്വയം കണ്ടെത്തുകയാണ്‌. ഓൺലൈനായാണിത്‌. അധ്യാപികയാകാനാണ്‌ ആഗ്രഹമെന്നും ഷാദിയ.   Read on deshabhimani.com

Related News