ജ്വലിച്ചുനിൽപ്പൂ ചരിത്രസത്യം ; മലബാർ സമരത്തിന്‌ നൂറാണ്ട്‌

1946 ആഗസ്‌ത്‌ 20 ന്‌ ‘ആഹ്വാനവും താക്കീതും’ പ്രസിദ്ധീകരിച്ചതിന്‌ ആഗസ്‌ത്‌ 24ന്‌‌ കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസും പ്രസും ബ്രിട്ടീഷ്‌ പൊലീസ്‌ കൈയേറി‌യ 
വാർത്ത മലബാർ കലാപത്തിന്റെ 50–--ാം വാർഷികത്തിൽ 1971 ആഗസ്‌ത്‌ 20 ന്‌ 
പുനപ്രസിദ്ധീകരിച്ചപ്പോൾ


മലപ്പുറം മാപ്പിള ലഹളയെന്ന്‌ മുദ്രകുത്തി ബ്രിട്ടീഷ്‌ ചരിത്രകാരന്മാരും അവരെ പിൻപറ്റിയവരും അപഹസിച്ച മലബാർ ‘കലാപ’ത്തെ കർഷക സമരമായി അടയാളപ്പെടുത്തിയത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും ‘ദേശാഭിമാനി’യും. നേതാക്കളെ അറസ്‌റ്റ്‌ചെയ്‌തും ‘ദേശാഭിമാനി’ക്ക്‌ പിഴ ചുമത്തിയും ബ്രിട്ടീഷ്‌ ഭരണകൂടം നടത്തിയ വേട്ടയാടലുകളെ അതിജീവിച്ച്‌ നാടിന്റെ പോരാട്ടത്തിനൊപ്പം പാർടിയും പത്രവും അടിയുറച്ചുനിന്നു. സമരത്തിന്‌ നൂറാണ്ടാകുമ്പോൾ ചരിത്രസത്യം കൂടുതൽ തെളിയുന്നു.  മലബാർ സമരത്തിന്റെ 25-ാം വാർഷികദിനത്തിൽ, 1946 ആഗസ്‌ത്‌ 20നാണ്‌ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന പേരിൽ ‘ദേശാഭിമാനി’ ലേഖനം പ്രസിദ്ധീകരിച്ചത്‌. കമ്യൂണിസ്‌റ്റ്‌ പാർടി സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഇ എം എസ്‌ ആണ്‌ അത്‌ തയ്യാറാക്കിയത്‌‌. സമരത്തെ കാർഷിക കലാപമായി വിലയിരുത്തിയ ആദ്യ ചരിത്രരേഖ‌. സമരം മൗലികമായി ജന്മിത്തവിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായിരുന്നു എന്ന്‌ ലേഖനം അടിവരയിട്ടു. സമരം വർഗീയ സംഘട്ടനത്തിലേക്ക്‌ വഴുതിമാറിയതിനെ കുറ്റപ്പെടുത്തി. ലേഖനത്തെ വിമർശിച്ച്‌ പിറ്റേന്ന്‌ ‘മാതൃഭൂമി’ രംഗത്തെത്തി. അതിന്‌ ഇ എം എസ്‌ ‘ദേശാഭിമാനി’യിൽ മറുപടി എഴുതി. പിറ്റേന്ന്‌ ‘ദേശാഭിമാനി’ കോഴിക്കോട്‌ ഓഫീസ്‌  പൊലീസ്‌ കൈയേറി. പത്രം നിരോധിച്ചു. ഇ എം എസിനെ അറസ്‌റ്റ്‌ ചെയ്‌തു. 1947 ഫെബ്രുവരി 26ന്‌ ‘മലബാർ ലഹള’യുമായി ബന്ധപ്പെട്ട്‌ ലേഖനം പ്രസിദ്ധീകരിച്ചതിന്‌  ബ്രിട്ടീഷ്‌ ഭരണകൂടം ദേശാഭിമാനിക്ക്‌ 4000 രൂപ പിഴചുമത്തി. ബ്രിട്ടീഷ്‌ പൊലീസ്‌ സൂപ്രണ്ട്‌ ഹിച്ച്‌കോക്കിന്റെ വള്ളുവമ്പ്രത്തെ പ്രതിമ പൊളിച്ചുമാറ്റാൻ മാർച്ച്‌ ചെയ്‌തവർക്ക്‌ ആവേശംപകർന്ന്‌ കമ്പളത്ത്‌ ഗോവിന്ദൻ നായർ രചിച്ച പാട്ട്‌ 1944ൽ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ വാരിക കണ്ടുകെട്ടി. ‘മലയാള മനോരമ’യും ‘മാതൃഭൂമി’യും ഉൾപ്പെടെ സമരത്തെ വർഗീയ കലാപമായി മുദ്രചാർത്തിയപ്പോഴാണ്‌ ‘ദേശാഭിമാനി’ ധീരമായ നിലപാട്‌ സ്വീകരിച്ചത്‌.   Read on deshabhimani.com

Related News