തിരുമ്പി വന്തിട്ടേന്ന്‌ സൊല്ല്... അകാരണമായി പിരിച്ചുവിട്ട മുന്‍ ജീവനക്കാരന്‍ ഇപ്പോള്‍ പ്രസിഡന്റ്‌



കരിമണ്ണൂർ (ഇടുക്കി) ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി പുറത്താക്കിയപ്പോൾ കണ്ണീരോടെ പടിയിറങ്ങിയ നായകൻ വർഷങ്ങൾക്കുശേഷം അതേ സ്ഥലത്തേക്ക്‌ വിജയശ്രീലാളിതനായി തിരികെയെത്തുന്നു–- സിനിമാക്കഥകളെ വെല്ലുന്ന നാടകീയതയാണ്‌ ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റായ എം ലതീഷിന്റെ ജീവിതത്തിൽ‌. പഞ്ചായത്തിലെ താൽകാലിക ജോലിയിൽനിന്ന് 10 വർഷം മുമ്പ് യുഡിഎഫ് ഭരണസമിതി ലതീഷിനെ പിരിച്ചുവിട്ടത് പ്രത്യേകിച്ച് കാരണമൊന്നും പറയാതെയായിരുന്നു. പിരിച്ചുവിടുന്ന ഉത്തരവിൽ ഒപ്പിട്ട പ്രസിഡന്റിന്റെ കസേരയിലേക്കാണ്‌‌‌ ഇപ്പോൾ തിരിച്ചുവരവ്‌‌‌. സിവിൽ എൻജിനിയറിങ്‌ ഡിപ്ലോമയുള്ള ലതീഷ്‌ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എൻജിനിയറായാണ്‌ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്‌തിരുന്നത്‌. പദ്ധതി പ്രവർത്തനങ്ങൾ മികച്ചനിലയിൽ മുന്നോട്ടുപോകുമ്പോഴാണ് യുഡിഎഫ് അധികാരത്തിൽവന്നത്. വൈകാതെ അവർ ലതീഷിനെ പിരിച്ചുവിട്ടു. രാഷ്ട്രീയം മാത്രമായിരുന്നു കാരണം.  കലക്ടറുടെ നിർദേശം മറികടന്ന്‌, പ്രത്യേക  ഉത്തരവ് ഇറക്കിയായിരുന്നു പിരിച്ചുവിട്ടത്‌. ഉത്തരവിൽ ഒപ്പുവച്ച അന്നത്തെ പ്രസിഡന്റ് ഇക്കുറിയും പഞ്ചായത്തിലേക്ക്‌ മത്സരിച്ചെങ്കിലും തോറ്റു.  ആരോടും പരാതിയും പരിഭവവും ഇല്ലാതെ, എല്ലാവരുടെയും പ്രതിനിധിയായി പഞ്ചായത്തിനെ മികച്ചനിലയിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റിയംഗം കൂടിയായ ലതീഷ് പറഞ്ഞു. Read on deshabhimani.com

Related News