സാനു മാസ്റ്റർ എന്ന മൂല്യം



സാഹിത്യവിമർശകൻ, ജീവചരിത്രകാരൻ എന്നിങ്ങനെ എഴുത്തുകാരൻ എന്ന നിലയ്‌ക്കുള്ള പ്രൊഫ. എം കെ സാനുവിന്റെ സ്ഥാനം നിസ്‌തുലമാണ്‌. മാഷിന്റെ സമ്പൂർണകൃതികൾ 12 വാല്യങ്ങളിൽ പതിനായിരത്തിലേറെ പേജുകളായി പരക്കുന്നു. അതിനുശേഷവും വന്നു രണ്ടു പഠനഗ്രന്ഥങ്ങൾ–- കുമാരനാശാന്റെ പ്രരോദനത്തെസംബന്ധിച്ചും നളിനിയെക്കുറിച്ചും. അക്ഷരവടിവ്‌ തെളിഞ്ഞുകിട്ടാത്തവിധം സാനു മാസ്‌റ്ററുടെ കണ്ണുകൾ ദുർബലമായി; എന്നാൽ എഴുതാൻ പേന എടുക്കുമ്പോൾ അദ്ദേഹത്തിന്റെ അന്തർനേത്രങ്ങൾ സൂക്ഷ്‌മതരമാകുന്നു. കവിതയുടെ രസമയരാജ്യസീമയിൽ വിടരുന്ന അർഥരുചികളിലേക്ക്‌ അവ നീണ്ടുചെല്ലുന്നു. എന്നിട്ടോ, ഏതു മുഗ്‌ദ്ധബുദ്ധിക്കും കരഗതമാകുംവിധം അവ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അനുവാചകൻ അമ്പരക്കണമെന്നല്ല, ഹൃദ്യമായ കാവ്യാനുഭൂതിയിലേക്ക്‌ ആനയിക്കപ്പെടണമെന്നാണ്‌ അദ്ദേഹം ആഗ്രഹിക്കുക. അതീവഗഹനമായ ആശയലോകങ്ങളെക്കുറിച്ച്‌ അദ്ദേഹം എഴുതിയിട്ടുണ്ട്‌. ഐ എ റിച്ചാർഡ്‌സിന്റെ വിമർശനവും വിമർശനതത്വങ്ങളും അങ്ങേയറ്റം സങ്കീർണവും സാങ്കേതികത്വം നിറഞ്ഞതുമാണ്‌. പക്ഷേ, സാനു മാസ്‌റ്റർ ആ ലോകത്തിന്റെ കുരുക്കുകൾ വേർപെടുത്തി വിവരിച്ചുതരുമ്പോൾ സാഹിത്യവിദ്യാർഥി അനുഭവിക്കുന്ന ആശ്വാസം ചെറുതല്ല. പ്രതിപാദനം സുഗ്രഹമാവുക എന്നത്‌ വിട്ടുവീഴ്‌ചയില്ലാത്ത ആദർശമായി അദ്ദേഹം സൂക്ഷിക്കുന്നു. ജന്മനാ അധ്യാപകനാണ്‌ സാനു മാസ്‌റ്റർ. ചെറുപ്പത്തിൽത്തന്നെ അദ്ദേഹം അതു തിരിച്ചറിയുകയും ചെയ്‌തു. വിദ്യാഭ്യാസം പൂർത്തിയാക്കുംമുമ്പുതന്നെ അധ്യാപകവൃത്തിയിലേക്ക്‌ പ്രവേശിച്ചു. ആയിരക്കണക്കിന്‌ ശിഷ്യരാണ്‌ മാഷിനുള്ളത്‌. ആൾക്കൂട്ടത്തിൽ ഒരുവനായല്ല, ഓരോരുത്തരുടെയും തനതുവ്യക്തിത്വം അറിഞ്ഞും അംഗീകരിച്ചുമാണ്‌ അദ്ദേഹം ഇപ്പോഴും അവരോട്‌ ഇടപെടുന്നത്‌. ഈ ഗുണവൈശിഷ്‌ട്യങ്ങൾ എവിടെനിന്ന്‌ ഉറവെടുക്കുന്നുവെന്ന്‌ ചോദിച്ചാൽ നാം എത്തിച്ചേരുന്നത്‌ സവിശേഷമായ ഒരു മനോഘടനയിലാണ്‌. ‘സ്‌നേഹം പ്രചോദിപ്പിക്കുകയും അറിവ്‌ വഴികാട്ടുകയും ചെയ്യുന്ന ജീവിതമാണ്‌ ഉത്തമജീവിതം’ എന്ന ബർട്രന്റ്‌ റസ്സലിന്റെ വാക്യം സാനു മാസ്‌റ്റർ ഉദ്ധരിച്ചിട്ടുണ്ട്‌. ഈ വെളിച്ചം അദ്ദേഹത്തിന്റെ കണ്ണിൽനിന്ന്‌ ഒരിക്കലും മറഞ്ഞിട്ടില്ല. നന്മ പുഷ്‌പിക്കുമ്പോൾ അനുമോദിക്കുകയും അധർമം ആടിത്തിമിർക്കുമ്പോൾ രോഷംകൊള്ളുകയും ചെയ്യുന്നതാണ്‌ ആ മനസ്സ്‌. തിന്മയും ഹിംസയും ജയിച്ചുമുന്നേറുമ്പോഴും ആത്യന്തികവിജയം നന്മയുടേതായിരിക്കുമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അതു മനുഷ്യനിലുള്ള വിശ്വാസമാണ്‌. മനുഷ്യത്വം ഏത്‌ കെടുവാതത്തിലും കെട്ടുപോകില്ലെന്ന വിശ്വാസമാണ്‌. സാനു മാസ്‌റ്ററെ ആദരിക്കുമ്പോൾ നാം ഒരു മൂല്യത്തെയാണ്‌ ആദരിക്കുന്നത്‌. ഈ മൂല്യത്തിലുള്ള പിടി അയഞ്ഞുപോകരുതെന്ന്‌ നമ്മെത്തന്നെ ഓർമിപ്പിക്കുകയാണ്‌. Read on deshabhimani.com

Related News