വീടും റോഡുമെല്ലാം നിർമിക്കാൻ ‘കുടുംബശ്രീ കൺസ്‌ട്രക്‌ഷൻസ്‌'



കൊച്ചി 2013ൽ കുടുംബശ്രീ നൽകിയ ഒരു പത്രപരസ്യത്തിൽനിന്നാണ്‌ "കുടുംബശ്രീ കൺസ്‌ട്രക്‌ഷൻസി'ന്റെയും ബീനയുടെയും യാത്രയുടെ തുടക്കം. നിർമാണമേഖലയിൽ താൽപ്പര്യമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനെക്കുറിച്ചായിരുന്നു പരസ്യം. പരിശീലനം പൂർത്തിയാക്കി 2014ൽ ആണ് കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ബീനയുടെ നേതൃത്വത്തിൽ "കുടുംബശ്രീ കൺസ്‌ട്രക്‌ഷൻസ്‌' തുടങ്ങുന്നത്‌. രണ്ടരലക്ഷം രൂപ ധനസഹായം ലഭിച്ചു. ഒമ്പതുവർഷം പിന്നിടുമ്പോൾ നിർമാണമേഖലയിൽ സ്വന്തം കൈയൊപ്പ്‌ ചാർത്താൻ കഴിഞ്ഞിട്ടുണ്ട്‌ കുടുംബശ്രീക്ക്‌. "തുടക്കം എളുപ്പമായിരുന്നില്ല. ആ സമയത്ത്‌ നിർമാണമേഖലയിൽ അധികം സ്‌ത്രീകൾ ഉണ്ടായിരുന്നില്ല. വർക്കുകൾ ലഭിക്കാൻ വലിയ പ്രയാസമായിരുന്നു. സ്‌ത്രീകളെ ഏൽപ്പിക്കാൻ എല്ലാവരും മടി കാണിച്ചു. എന്നാൽ, ഇന്ന്‌ സ്ഥിതി മാറി. മേഖലയിൽ കൂടുതൽ മുന്നോട്ട്‌ പോകാനാകുമെന്ന പ്രതീക്ഷയുണ്ട്' –  ജില്ലയിലെ- കുടുംബശ്രീ കൺസ്‌ട്രക്‌ഷൻസ്‌ പ്രസിഡന്റ്‌ ബീന പോൾ പറയുന്നു. പറവൂരിൽ പ്രളയത്തിൽ തകർന്ന ആറുവീടുകൾ പുനർനിർമിച്ചത്‌ കുടുംബശ്രീ കൺസ്‌ട്രക്‌ഷൻസാണ്‌. എടയ്ക്കാട്ടുവയലിൽ 87 ആദിവാസി കുടുംബങ്ങൾക്ക് വീടുവച്ചുനൽകുന്ന പദ്ധതിയിൽ 38 വീടുകൾ നിർമിച്ചു. വാഴക്കുളം പഞ്ചായത്തിൽ കോൺക്രീറ്റ് റോഡ് നിർമാണവും ഏറ്റെടുത്ത് പൂർത്തിയാക്കി. പ്രളയശേഷം കെടിഡിസിയുടെ മുനമ്പം ബീച്ച്‌ നവീകരണം കുടുംബശ്രീ കൺസ്‌ട്രക്‌ഷൻസിന്റെ നേതൃത്വത്തിലായിരുന്നു. നിലവിൽ കുടുംബശ്രീ അംഗങ്ങൾക്കുപുറമെ നിർമാണം നടക്കുന്ന പഞ്ചായത്തിലെ തൊഴിലുറപ്പ്‌ തൊഴിലാളികൾക്കും ജോലി നൽകാറുണ്ട്‌. പ്രത്യേക വൈദഗ്‌ധ്യംവേണ്ട ജോലികളിൽ പുറത്തുനിന്നുള്ളവരെയും ഉൾപ്പെടുത്തും.   Read on deshabhimani.com

Related News