കണ്ണീരൊഴുക്കി കൊക്കയാർ



ഇടുക്കി കൊക്കയാർ പഞ്ചായത്തിന്റെ ഏഴാം വാർഡായ മാക്കോച്ചിയിൽ  ഉരുൾപൊട്ടലിൽ ഏഴ്‌ വീടുകൾ പൂർണമായും മണ്ണിൽ പുതഞ്ഞു. ശനി പകൽ പത്തരയോടെ പൂവഞ്ചി ടോപ്പ് ചേരിക്കൽ പുരയിടത്തിലെ 1000 അടി ഉയരത്തിൽനിന്ന് വലിയ ശബ്ദത്തോടെയാണ്‌ ഉരുൾപൊട്ടിയെത്തിയത്. വലിയ പാറക്കല്ലുകളും വൃക്ഷങ്ങളും വീടുകളിലേക്ക്‌ പതിച്ചു. പുരയ്‌ക്കൽ ഷാഹുലിന്റെ വീടാണ്‌ ആദ്യം ഒലിച്ചത്‌. മകൻ സച്ചു ഷാഹുലിനെ കാണാതായി. സി ജെ ജോസഫ് ചേരിക്കൽ, മാത്യു ഉമ്മൻ മറ്റത്തുപടീറ്റതിൽ, നസീർ കല്ലുപുരയ്‌ക്കൽ, ഷാജി ചിറയിൽ എന്നിവരുടെ വീടുകളും മണ്ണിനടിയിൽപ്പെട്ടു.  കല്ലുപുരയ്‌ക്കൽ നസീറിന്റെ മകൾ ഫൗസിയ സിയാദ്‌ വീട്ടിലെത്തിയത്‌ സഹോദരന്റെ കല്യാണ ഒരുക്കത്തിനാണ്‌. ഉരുൾപൊട്ടുമ്പോൾ ബാപ്പ നസീറും സഹോദരൻ ഫൈസലും കല്യാണ വസ്ത്രം വാങ്ങാൻ പോയിരുന്നു. കുഞ്ഞുങ്ങളും ഫൗസിയായും ഉരുളിൽപോയത്‌ വിശ്വസിക്കാനാകാതെ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഭർത്താവ്‌ സിയാദ്‌  ഹൃദയംപൊട്ടി കരയുകയാണ്‌. കൊക്കയാറിലേക്കുള്ള പാതകൾ വെള്ളംകയറിയും മണ്ണ്‌ വീണും തകർന്നടിഞ്ഞു. പുല്ലകൈയാറിന്റെ പാലങ്ങൾ നന്നാക്കിയും ഗതാഗതം പുനഃസ്ഥാപിച്ചുമാണ്‌ രക്ഷാപ്രവർത്തനം. നൂറുകണക്കിന്‌ വീടുകളിൽ വെള്ളംകയറി. തോട്ടംമേഖലയായ മാകോച്ചിയിൽ അറുപത്‌ വർഷത്തിനിടെ ആദ്യാനുഭവമാണെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. Read on deshabhimani.com

Related News