നിറഞ്ഞു , കോടിയേരി 
സ്‌മരണ

ജനകീയ പ്രതിരോധ ജാഥയുടെ തലശേരിയിലെ സ്വീകരണ കേന്ദ്രത്തിൽ കോടിയേരി ബാലകൃഷ്‌ണന്റെ കട്ടൗട്ടുകൾ


തലശേരി ഏവരുടെയും മനസ്സിൽ നിറഞ്ഞുനിന്നത്‌ കേരള രാഷ്‌ട്രീയത്തിലെ സൗമ്യസാന്നിധ്യമായിരുന്ന ആ മുഖമായിരുന്നു. കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന്‌ ഓർക്കാത്തവരായി ആരുമുണ്ടായില്ല. ജനകീയ പ്രതിരോധ ജാഥയുടെ തലശേരിയിലെ സ്വീകരണത്തിൽ നിറഞ്ഞുനിന്നത്‌ വിപ്ലവ കേരളത്തിന്റെ പ്രിയപുത്രൻ കോടിയേരി ബാലകൃഷ്‌ണൻ. കോടിയേരിയുടെ പേരിലുള്ള നഗറിൽ, കോടിയേരിയുടെ ചിത്രങ്ങളും കട്ടൗട്ടുകളും നിറഞ്ഞ പന്തലിലായിരുന്നു  സ്വീകരണം. അരനൂറ്റാണ്ടിനിടയിൽ കോടിയേരിയുടെ സാന്നിധ്യമില്ലാത്ത ആദ്യജാഥാ സ്വീകരണമായിരുന്നു തലശേരിയിൽ. ഇതുവഴി കടന്നുപോയ എണ്ണമറ്റ ജാഥകളുടെ സംഘാടകനായും നായകനായും വഴികാട്ടിയായും കോടിയേരിയുണ്ടായിരുന്നു.  സ്വീകരണത്തിന്‌ നന്ദി പറയവെ ഒരു നിമിഷം കോടിയേരി സ്‌മരണയിലേക്ക്‌ ജാഥാ ലീഡറും മനസ്സുചേർത്തു.   ‘‘തലശേരിയെക്കുറിച്ചുള്ള ഓർമയിൽ ആദ്യമെത്തുക കോടിയേരിയാണ്‌. അതിന്‌ മുമ്പ്‌ സി എച്ച്‌ ഉണ്ടായിരുന്നു. ഇവിടെ കോടിയേരി ഇല്ല എന്നത്‌ പ്രയാസകരമായ ഓർമയാണ്‌. ഈ പട്ടണത്തിൽ സഖാവിന്റെ സ്‌മരണ നിറഞ്ഞുനിൽക്കുന്നുണ്ട്‌. എത്രയോ പതിറ്റാണ്ടുകൾ ഈ നാടിന്റെ സ്‌പന്ദനത്തിനൊപ്പം കോടിയേരിയുണ്ടായി’’–-എം വി ഗോവിന്ദൻ പറഞ്ഞുനിർത്തുമ്പോഴും  കോടിയേരിയുടെ ചെറുകട്ടൗട്ടുകൾ മാറോട്‌ ചേർത്ത്‌ നിൽക്കുകയായിരുന്നു സദസ്സ്. സ്വീകരണ നഗറിലെ എൽഇഡി വാളിലും ഇടതും വലതുമായി കോടിയേരിയും സി എച്ച്‌ കണാരനും വഴികാട്ടികളായി ജ്വലിച്ചുനിൽക്കുന്നുണ്ടായിരുന്നു. ശിൽപ്പി ഉണ്ണി കാനായി നിർമിച്ച സി എച്ചിന്റെ പ്രതിമയുമായാണ്‌ ജാഥയെ വരവേറ്റത്‌. Read on deshabhimani.com

Related News