പ്രതിസന്ധിയിൽ തളരാത്ത ജനനേതാവ്



തിരുവനന്തപുരം സിപിഐ എമ്മിനെ കരുത്തോടെ നയിച്ച സാരഥികളിൽ അപൂർവ നേട്ടങ്ങൾ അടയാളപ്പെടുത്തിയാണ്‌ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി  സ്ഥാനമൊഴിയുന്നത്‌. പ്രതിസന്ധിയുടെ കാലത്ത്‌ സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ചു. എൽഡിഎഫിന്‌ തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്‌. ആറരവർഷം പാർടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും  സൗമ്യമായ ഇടപെടലുംകൊണ്ട്‌ രാഷ്‌ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റി. ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പംനിന്ന്‌ കോടിയേരി നയിച്ചു.   ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാർടി കാര്യങ്ങൾക്ക്‌ മുൻഗണന നൽകി. വാർത്താസമ്മേളനങ്ങളിൽ അരോചകമായ ചോദ്യങ്ങളോടുപോലും സൗമ്യമായാണ്‌ കോടിയേരി മറുപടി പറഞ്ഞത്‌.   വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ എത്തിയത്‌. 1973ൽ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി 1990–-95ൽ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമായ കോടിയേരി 2002ൽ ഹൈദരാബാദിലെ 17–-ാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19–-ാം പാർടി കോൺഗ്രസിൽ പൊളിറ്റ്‌ ബ്യൂറോ അംഗമായി.  1982ൽ തലശേരിയിൽനിന്നാണ്‌ ആദ്യമായി നിയമസഭാംഗമായത്‌. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്‌തു. 2006–-11ൽ ആഭ്യന്തര, ടൂറിസം മന്ത്രിയായി.  2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായിരുന്നു. 2015ലെ ആലപ്പുഴ  സംസ്ഥാന സമ്മേളനത്തിലാണ്‌ കോടിയേരി ആദ്യം സെക്രട്ടറിയായത്‌. 2018ൽ തൃശൂരിൽ നടന്ന സമ്മേളനത്തിലും സെക്രട്ടറിയായി. 2020 നവംബർമുതൽ ഒരു വർഷക്കാലം ചികിത്സയ്ക്കായി സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. 2022 മാർച്ചിൽ എറണാകുളത്ത്‌ നടന്ന സമ്മേളനത്തിൽ മൂന്നാംതവണയും സെക്രട്ടറിയായി. ആരോഗ്യപരമായ കാരണങ്ങളാൽ വീണ്ടും സെക്രട്ടറി സ്ഥാനം ഒഴിഞ്ഞെങ്കിലും ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത്‌ സംഘടനാരംഗത്ത്‌ കൂടുതൽ സജീവമാകുമെന്നാണ്‌ പ്രതീക്ഷ. Read on deshabhimani.com

Related News