അങ്ങനെ മഴ നനഞ്ഞ് ഷറഫുദീൻ കോടിപതിയായി



വിൽക്കാനായി വാങ്ങിയ ലോട്ടറി ടിക്കറ്റ്, മഴ വന്നതിനാൽ കൈയിൽബാക്കിയായി. ബൈക്കിൽ മഴ നനഞ്ഞ് വീട്ടിലെത്തി, പനി പിടിച്ച് കിടന്ന് എഴുന്നേറ്റപ്പോൾ കോടിപതിയായി. തമിഴ്നാട് ചെങ്കോട്ട താലൂക്കിൽ പുളിയറ ഇരവിധർമപുരത്ത് താമസിക്കുന്ന അഞ്ചൽ ആയൂർ സ്വദേശി ഷറഫുദീന് (46) ക്രിസ്‌മസ്‌–-പുതുവത്സര ബംബർ 12 കോടി അടിച്ച കഥയിങ്ങനെ. താമസിക്കുന്ന പുളിയറയിൽനിന്ന്‌ എന്നും ബൈക്കിൽ ആര്യങ്കാവിൽ എത്തി, ടിക്കറ്റുകൾ വാങ്ങി പുനലൂർ വരെ ബൈക്കിൽ സഞ്ചരിച്ച്‌  ടിക്കറ്റ്‌ വിൽക്കലാണ് ഷറഫുദീന്റെ ജോലി. വിൽപന കഴിഞ്ഞ് വൈകിട്ട്‌ ചെങ്കോട്ടയ്‌ക്ക്‌ മടങ്ങും. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട്‌ തിരിച്ചുപോകുന്നതിനിടെയിലാണ്‌ ആര്യങ്കാവിലെ സുഹൃത്തായ വെങ്കിടേശന്റെ ഭരണി ഏജൻസിയിൽനിന്ന്‌ ഒരുബംബർ ടിക്കറ്റ്‌ വാങ്ങിയത്‌. ‘സുഹൃത്തുക്കൾ ആരെങ്കിലും ചോദിച്ചാൽ കൊടുക്കാമെന്നുവച്ചു. പോകുമ്പോൾ മഴയായതിനാൽ ടിക്കറ്റ്‌ ആർക്കും കൊടുക്കാനായില്ല. മഴ നനഞ്ഞ്‌ പനിയും പിടിച്ചു. അതിനാൽ തിങ്കളാഴ്‌ച ആര്യങ്കാവിലേക്ക്‌ പോയില്ല. അതുകൊണ്ട്‌ ഫലം അറിയാനും വൈകി’–-ഷറഫുദീൻ, താൻ കോടിപതിയായ കഥ പറഞ്ഞു.  ടിക്കറ്റ്‌ ചൊവ്വാഴ്‌ച രാവിലെ തിരുവനന്തപുരം ട്രഷറിയിൽ ഏൽപ്പിച്ചു. കോടിപതിയായെങ്കിലും ലോട്ടറി വിൽപ്പന ഉപേക്ഷിക്കില്ല. വീട് നിർമിക്കണം എന്നാണ്‌ ആഗ്രഹം.  ഒമ്പതുവർഷം സൗദി അറേബ്യയിലായിരുന്നു. നാലുവർഷംമുമ്പാണ്‌ നാട്ടിൽ തിരിച്ചെത്തിയത്‌. ബാക്കിയുണ്ടായിരുന്നത് വെറും 1500 രൂപ മാത്രം.  അതുപയോഗിച്ചാണ്‌ ലോട്ടറി വിൽപ്പന തുടങ്ങിയത്. ആയൂർ സ്വദേശിയാണെങ്കിലും മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബം ഷറഫുദീന്റെ കുട്ടിക്കാലത്തുതന്നെ ചെങ്കോട്ടയിലേക്ക്‌ താമസം മാറിയതാണ്. ഭാര്യ നബീസ്യും ഓയൂരിലാണ്. മകൻ പർവേസ് മുഷറഫ് പത്താം ക്ലാസ്‌ വിദ്യാർഥി. Read on deshabhimani.com

Related News