ആഫ്രിക്കയും സിംഗപ്പുർ നോട്ടും ; ലഹരിക്കൈമാറ്റം പുറംകടലിൽ



തിരുവനന്തപുരം    ആഫ്രിക്കയിൽ "പൂക്കുന്ന' ലഹരി ഇന്ത്യയിൽ എത്തിക്കാൻ കടത്തുകാർ പയറ്റുന്നത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ന്യൂജെൻ തന്ത്രം. കടൽ മാർ​ഗമാണ് പ്രധാനമായും ഇവ എത്തിക്കുന്നത്‌. പുറംകടലിൽവച്ച് ഇവ ഇടനിലക്കാരിൽ എത്താൻ രഹസ്യകോഡ് കൈമാറണം. പ്രത്യേക കോഡ് ഭാഷയോ, വസ്തുക്കളോ കൃത്യമായി കൈമാറിയാലേ കപ്പലിൽനിന്ന് "പാഴ്സൽ' നൽകൂ. മേയിൽ ലക്ഷദ്വീപ് തീരത്ത് രണ്ട് മത്സ്യബന്ധനബോട്ടിൽ കടത്തിയ 1500 കോടിയുടെ ഹെറോയിൻ ഡിആർഐയും തീരസംരക്ഷണസേനയും ചേർന്നു പിടികൂടിയിരുന്നു. 26 പേരെ അന്ന് അറസ്റ്റുചെയ്തു. ഇറാനിയൻ കപ്പലിൽനിന്നാണ് ഇത്‌ കൈമാറിയതെന്നാണ്  പിടിയിലായവർ പറഞ്ഞത്. അന്ന് രഹസ്യകോഡായി ഉപയോ​ഗിച്ചത് ഒരു സിംഗപ്പുർ ഡോളർ നോട്ടാണ്.  പലപ്പോഴും എവിടേക്കാണ് ലഹരി കൊണ്ടുപോകുന്നതെന്നോ എവിടെനിന്നാണ് കൊണ്ടുവരുന്നതെന്നോ കടത്തു സംഘത്തിനു വ്യക്തതയുണ്ടാകാറില്ല. ഇവ തീരത്ത് എത്തിക്കുക മാത്രമാണ് ജോലി.  ഇതിന്‌ തുച്ഛമായ തുക നൽകി കരുവാക്കുന്നതാകട്ടെ പാവം മത്സ്യത്തൊഴിലാളികളെയും. മയക്കുമരുന്നാണ് കടത്തുന്നതെന്നുപോലും പിടികൂടുമ്പോഴാണ് ഇവർ അറിയുന്നത്‌. കപ്പൽ നങ്കൂരമിടുന്ന സ്ഥലത്തിന്റെ ജിപിഎസ് ലൊക്കേഷൻ മാത്രമേ ഇവർക്ക്‌ നൽകൂ. തീരത്ത്‌ എത്തിയാൽ പാഴ്സൽ കൊണ്ടുപോകാൻ വേറെ സംഘമുണ്ടാകും. അതിനാൽ കടത്തുകാരെ പിടിച്ചാലും വമ്പൻ സ്രാവുകൾ രക്ഷപ്പെടും. അടച്ചിടലിനുശേഷം പിടിവിട്ടു കോവിഡ് വ്യാപനത്തിനുശേഷം  ദക്ഷിണാഫ്രിക്ക, ഉഗാണ്ട,  കെനിയ, സിംബാബ്‍വെ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ലഹരിക്കടത്ത് വർധിച്ചു. അഫ്ഗാനിസ്ഥാനിൽനിന്നും ഇറാനിൽനിന്നും പാകിസ്ഥാന്റെ സഹായത്തോടെ ലഹരിവസ്തുക്കൾ വ്യാപകമായി രാജ്യത്ത് എത്തിക്കുന്നുണ്ട്. കഴിഞ്ഞ സെപ്തംബറിൽ ബാലരാമപുരത്തുനിന്ന്‌ പിടികൂടിയ  158 കോടി രൂപയുടെ 22.5 കിലോ ഹെറോയിൻ സിം​ബാ​ബ്‌വെയിൽനിന്ന് മുംബൈയിൽ വിമാനമാർ​ഗം എത്തിച്ചതാണ്.   Read on deshabhimani.com

Related News