നൂറ്റാണ്ടുമുമ്പേ മാർക്‌സ്‌ കണ്ട സ്വപ്‌നം



കാൾ മാർക്‌സ്‌ ഇന്ത്യ കണ്ടിട്ടില്ല. മാർക്‌സിന്റെ കാലത്ത്‌ പാശ്ചാത്യരിൽ ഒരു ശതമാനം ആളുകൾ പോലും ഇന്ത്യയെക്കുറിച്ച്‌ കാര്യമായി അറിഞ്ഞിട്ടുമുണ്ടാകില്ല. എന്നാൽ, അക്കാലത്ത്‌ ഇന്ത്യയിൽ എത്തി ഇവിടത്തെ പൗരാണിക സംസ്‌കൃതിയെക്കുറിച്ച്‌ പഠിച്ച പലരേക്കാൾ ആഴത്തിൽ മാർക്‌സ്‌ ഇന്ത്യയെ അറിഞ്ഞു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ പിറവിക്കും കാൽനൂറ്റാണ്ടുമുമ്പേ മാർക്‌സ്‌ ഇന്ത്യയുടെ ഭാവി വരച്ചുകാട്ടി. ലോകത്തിനാകെ വിമോചനത്തിന്റെ പ്രത്യയശാസ്‌ത്രം പകർന്ന ആ ദാർശനികൻ അന്നേ എഴുതി ഇന്ത്യയുടെ മോചനം. പിന്നെയും ഒരു നൂറ്റാണ്ടോളം കഴിഞ്ഞാണ്‌ ഇന്ത്യ സ്വതന്ത്രമായത്‌. ഇന്ത്യയെ ഏഷ്യയിലെ ഇറ്റലിയെന്നാണ്‌ മാർക്‌സ്‌ വിശേഷിപ്പിച്ചത്‌. ഹിമാലയത്തെ ആൽപ്‌സിനോടും ബംഗാൾ സമതലത്തെ ലൊംബാർഡിയോടും ഡെക്കാൻ പീഠഭൂമിയെ അപ്പിനൈൻസിനോടുമാണ്‌ ഉപമിച്ചത്‌. ന്യൂയോർക്ക്‌ ഡെയിലി ട്രിബ്യൂണിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണം’ എന്ന ലേഖനത്തിൽ ഇന്ത്യയോട്‌ അടുത്തുകിടക്കുന്ന സിലോണിനെ (ശ്രീലങ്ക) സിസിലി ദ്വീപിനോടും ഉപമിച്ചു. എന്നാൽ, സാമൂഹ്യമായി ഇന്ത്യക്ക്‌ അയർലൻഡിനോടാണ്‌ സാമ്യമെന്നാണ്‌ മാർക്‌സ്‌ വിശേഷിപ്പിച്ചത്‌. അങ്ങനെ ഇറ്റലിയുടെ സൗന്ദര്യവും അയർലൻഡിന്റെ കലുഷതയും അസാധാരണമായി സമന്വയിച്ച ഒരു നാടായാണ്‌ മാർക്‌സ്‌ ഇന്ത്യയെ കണ്ടത്‌. ഇന്ത്യയിലെ ഏറ്റവും കഴിവുകുറഞ്ഞവർ പോലും ഇറ്റലിക്കാരേക്കാൾ സമർഥരും ബുദ്ധിയുള്ളവരുമാണെന്ന്‌ എ ഡി സോൾട്ടികോവിനെ ഉദ്ധരിച്ച്‌ മാർക്‌സ്‌ മറ്റൊരു കുറിപ്പിൽ എഴുതിയിട്ടുണ്ട്‌ (റഷ്യൻ പ്രഭു കുടുംബാംഗമായിരുന്ന അലെക്‌സി സോർട്ടികോവ്‌ 19–-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ രണ്ടുതവണ ഇന്ത്യയിൽ വരികയും ഒരിക്കൽ കേരളത്തിൽ എത്തി സ്വാതി തിരുനാളുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു). എങ്കിലും ജാതി വിഭജനങ്ങളാലും അടിമത്തത്താലും ദുഷിക്കപ്പെട്ട ഇന്ത്യൻസമൂഹം മനുഷ്യനെ സാമൂഹ്യസാഹചര്യങ്ങളുടെ അധിപനാക്കുന്നതിനു പകരം അതിന്റെ അടിമയാക്കിയെന്നും മാർക്‌സ്‌ കണ്ടു. അതിന്റെ ഫലമായി ഇന്ത്യക്കാർ ഹനുമാൻ എന്ന വാനരന്റെയും ശബല (ശബള–-കാമധേനു) എന്ന പശുവിന്റെയും മുന്നിൽ മുട്ടുകുത്തുന്നവരായി മാറിയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്‌. ഇങ്ങനെയൊരു ഇന്ത്യയിലേക്കാണ്‌ ബ്രിട്ടീഷുകാർ എത്തിയത്‌. ‘ആഭ്യന്തര യുദ്ധങ്ങളും ആക്രമണങ്ങളും വിപ്ലവങ്ങളും കീഴടക്കലുകളും ക്ഷാമങ്ങളും ഇന്ത്യയെ ഉപരിതലത്തിൽ മാത്രമേ സ്‌പർശിച്ചിരുന്നുള്ളൂ. എന്നാൽ, ഇംഗ്ലണ്ട്‌ ഇന്ത്യൻ സാമൂഹ്യഘടനയുടെ ചട്ടക്കൂട്‌ തന്നെ തകർത്തു’ എന്ന്‌ മാർക്‌സ്‌ എഴുതി. കൃഷിയും ഉൽപ്പാദനവ്യവസായവുമായി ഇന്ത്യയിൽ നിലനിന്ന ഐക്യം ബ്രിട്ടീഷുകാരുടെ ആവിയന്ത്രവും ശാസ്‌ത്രവും കീഴ്‌മേൽ മറിച്ചു. ഇന്ത്യൻ പരുത്തിയുൽപ്പന്നങ്ങളെ യൂറോപ്യൻ കമ്പോളങ്ങളിൽനിന്ന്‌ തുരത്തിയ ബ്രിട്ടൻ അവരുടെ പരുത്തിയുൽപ്പന്നങ്ങൾകൊണ്ട്‌ പരുത്തിയുടെ മാതൃഭൂമിയായ ഇന്ത്യ നിറച്ചതും മാർക്‌സ്‌ വിവരിച്ചു. 1853ൽ എഴുതിയ ആദ്യ ലേഖനങ്ങൾക്കുശേഷം ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്തും (1857-58) മാർക്‌സ്‌ നിരവധി ലേഖനം അമേരിക്കൻ പത്രത്തിൽ എഴുതി. തിരക്കേറിയ രാഷ്‌ട്രീയ ജീവിതത്തിനിടയിൽ നൂറുകണക്കിന്‌ ഗ്രന്ഥങ്ങളും ദി ടൈംസ്‌, മോണിങ് അഡ്‌വർടൈസർ, മിലിറ്റി സ്‌പെക്‌ടേറ്റർ, ബോംബെ ടൈംസ്‌, ബോംബെ കൊറിയർ, ബോംബെ ഗസറ്റ്‌, ഗ്ലോബ്‌ ആൻഡ്‌ ട്രാവലർ, ഫീനിക്‌സ്‌, മോണിങ്‌ പോസ്റ്റ്‌ തുടങ്ങി അന്ന്‌ യൂറോപ്പിൽ ലഭ്യമായിരുന്ന പത്രമാസികകളുമെല്ലാം അരിച്ചുപെറുക്കിയാണ്‌ മാർക്‌സ്‌ ഇന്ത്യയെ മനസ്സിലാക്കിയത്‌. ഉറ്റസഖാവായ എംഗൽസും അക്കാലത്തെ ഇന്ത്യൻസ്ഥിതി വിവരിച്ച്‌ പത്രലേഖനങ്ങൾ എഴുതി. ‘ബ്രിട്ടനിലെ വ്യവസായ തൊഴിലാളിവർഗം അവിടത്തെ ഭരണവർഗത്തെ തൂത്തെറിഞ്ഞ്‌ അധികാരത്തിലെത്തുകയോ ഇന്ത്യക്കാർ ഇംഗ്ലീഷ്‌ നുകം കുടഞ്ഞെറിയാൻ കരുത്താർജിക്കുകയോ ചെയ്യുന്നതുവരെ ഇന്ത്യക്കാർക്ക്‌ ബ്രിട്ടീഷ്‌ ബൂർഷ്വാസി അവർക്കിടയിൽ വിതറിയ പുതിയ സാമൂഹ്യബീജങ്ങളുടെ ഫലം അനുഭവിക്കാനാകില്ല. അത്‌ എന്തായാലും ഇന്നല്ലെങ്കിൽ നാളെ മഹത്തും കൗതുകമുണർത്തുന്നതുമായ ആ രാജ്യം ഉയിർത്തെഴുന്നേൽക്കുന്നത്‌ കാണാനാകും’ എന്നും മാർക്‌സ്‌ അസാമാന്യ ഉൾക്കാഴ്‌ചയോടെ എഴുതി. Read on deshabhimani.com

Related News