എതിർസ്വരങ്ങളെ അടിച്ചമർത്തിയ കാലം



കണ്ണൂർ ജനാധിപത്യാവകാശങ്ങൾ കവരുന്നതിനെതിരെ പ്രതികരിച്ചവരെ ജയിലിലടച്ച്‌ നിശബ്ദരാക്കാൻ നോക്കിയ കാലത്തിന്റെ ഇരയാണ്‌ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ. അടിയന്തരാവസ്ഥക്കാലത്ത്‌ മെയിന്റനൻസ്‌ ഓഫ്‌ ഇന്റേണൽ സെക്യൂരിറ്റി ആക്ട്‌ (മിസ) പ്രകാരം  ഇരുപതുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ഇദ്ദേഹത്തിന്റെ അനുഭവം അധികാരത്തിനായി എന്തും ചെയ്യുന്നവരെ വരച്ചുകാട്ടുന്നതാണ്‌.  അന്നത്തെ കണ്ണൂർ എസ്‌പി ജോസഫ് തോമസ്,  ടൗൺ എസ്ഐ പുലിക്കോടൻ നാരായണൻ എന്നിവർ നടത്തിയ ഭീകരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റതിന്റെ  പാടുകൾ ഉണങ്ങുംമുമ്പാണ്‌ സിപിഐ എം കണ്ണൂർ ജില്ലാകമ്മിറ്റി ഓഫീസിൽനിന്ന്‌ സഹദേവനെ അറസ്‌റ്റുചെയ്യുന്നത്‌. പാർടി മുനിസിപ്പൽ ലോക്കൽ സെക്രട്ടറിയായ സഹദേവനെ ടൗൺ സ്‌റ്റേഷനിലേക്കാണ്‌ കൊണ്ടുപോയത്‌. ഭീകര മർദനത്തിനിരയായ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്‌ണനെയും സ്‌റ്റേഷനിൽ എത്തിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ മിസ തടവുകാരനാണെന്ന്‌ മനസ്സിലായത്‌. കെ ചന്ദ്രശേഖരൻ, എം പി വീരേന്ദ്രകുമാർ, കെ ജി മാരാർ, സയ്യിദ്‌ ഉമ്മർ ബാഫക്കി തങ്ങൾ എന്നിവർ സഹതടവുകാരായിരുന്നു. ജോസഫ്‌  തോമസിനും പുലിക്കോടൻ നാരായണനുമെതിരെ കെ പി സഹദേവൻ നൽകിയ കേസിൽ ഹാജരായ തലശേരി കോടതിയിലെ എം കെ ദാമോദരൻ ഉൾപ്പെടെ ഏഴ്‌ അഭിഭാഷകരെയും മിസ തടവുകാരാക്കി. ചികിത്സ കിട്ടാതെ ജയിലിൽ മരിച്ച സഹപ്രവർത്തകൻ  എൻ അബ്ദുള്ളയുടെ വേർപാട്‌ നടുക്കുന്ന ഓർമയാണ്‌. ജയിലിലെ എട്ടാം ബ്ലോക്കിലെ രാഷ്‌ട്രീയ തടവുകാരെ തൊട്ടടുത്ത ബ്ലോക്കിലെ നക്‌സൽ തടവുകാർ ആക്രമിക്കാൻ പദ്ധതിയിട്ടതും സഹദേവൻ അനുസ്‌മരിക്കുന്നു. പ്രമുഖ രാഷ്‌ട്രീയ നേതാക്കളെ ആക്രമിച്ച്‌ വലിയ വാർത്തയാക്കുകയായിരുന്നു നക്‌സലുകളുടെ ലക്ഷ്യം. എട്ടാം ബ്ലോക്കിന്‌ പൊലീസ്‌ കാവൽ ഏർപ്പെടുത്തിയപ്പോഴാണ്‌  ഇവിടെക്കഴിയുന്ന രാഷ്‌ട്രീയ  തടവുകാർ  വിവരം അറിയുന്നത്‌. ഇതിനെത്തുടർന്നാണ്‌ കെ ജി മാരാർ, നക്‌സൽ നേതാവ്‌ കുന്നിക്കൽ നാരായണൻ  തുടങ്ങിയവരെ ഈ ബ്ലോക്കിൽനിന്ന്‌ മാറ്റുന്നത്‌. മിസ തടവ്‌ ആറുമാസം  കൂടുമ്പോൾ പുതുക്കും. കോടതിയിൽ ഹാജരാക്കില്ല. ആഴ്‌ചയിലൊരിക്കൽ കുടുംബത്തിലൊരാളെ കാണാമെന്നതാണ്‌ ഏക ആശ്വാസം–- സഹദേവൻ ഓർമിക്കുന്നു. Read on deshabhimani.com

Related News