ജഡ്‌ജിസ്ഥാനം രാജിവച്ച അഭിഭാഷകൻ



കൊച്ചി ജഡ്‌ജിസ്ഥാനം വേണ്ടെന്നുവച്ച്‌ അഭിഭാഷകവൃത്തിയിൽ തിരിച്ചെത്തിയ ആളായിരുന്നു അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറൽ കെ പി ദണ്ഡപാണി. 1996 ഏപ്രിൽ 11ന്‌ ഹൈക്കോടതി ജഡ്ജിയായെങ്കിലും ഗുജറാത്തിലേക്ക് സ്ഥലംമാറ്റമായപ്പോൾ മാസങ്ങൾക്കകം പദവി ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷകനായി തുടർന്നു. പലരും അഡ്വക്കറ്റ്‌ ജനറലായശേഷം ജഡ്‌ജിയായപ്പോൾ അദ്ദേഹം ജഡ്‌ജിയായശേഷമാണ്‌ എജിയായത്‌. നിരവധി വിവാദങ്ങളിൽ അടിപതറിയ ഉമ്മൻചാണ്ടി സർക്കാരിന്‌ കോടതികളിൽ രക്ഷാകവചമൊരുക്കിയത്‌ ദണ്ഡപാണിയായിരുന്നു. സർക്കാരിനെതിരെ സിംഗിൾ ബെഞ്ചിൽനിന്ന്‌ പ്രതികൂല വിധിയുണ്ടായാൽ കഴിവതും അന്നുതന്നെ ഡിവിഷൻ ബെഞ്ചിൽനിന്ന്‌ സ്‌റ്റേ വാങ്ങുന്നതിന്‌ അദ്ദേഹം ശ്രമിച്ചു. കേസുകളുടെ നിർണായകഘട്ടത്തിൽ യഥാസമയം സുപ്രീംകോടതിയെ സമീപിച്ചു. കേസിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്‌തു. ഏജിയായിരിക്കെ മുല്ലപ്പെരിയാർ വിഷയത്തിൽ ഹൈക്കോടതിയിൽ അദ്ദേഹം സ്വീകരിച്ച നിലപാട്‌ വിവാദമായിരുന്നു. തമിഴ്‌നാടിന്‌ അനുകൂലമായ പരാമർശം നടത്തിയെന്നായിരുന്നു ആക്ഷേപം.  സിവിൽ, ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിയമവിദ്‌ഗനായിരുന്നു. സീനിയർ അഭിഭാഷകൻ, ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌, ഹൈക്കോടതി ജഡ്‌ജി, അഡ്വക്കറ്റ്‌ ജനറൽ എന്നീ പദവികൾ വഹിച്ചു. അഭിഭാഷകരുടെ മുദ്രയുടെ ആശയവും ദണ്ഡപാണിയുടേതായിരുന്നു. പരേതരായ പത്മനാഭന്റെയും നാരായണിയുടെയും മകനാണ്‌. Read on deshabhimani.com

Related News