ഗുജറാത്തില്‍ സംഭവിച്ചത് - കെ ഇ എൻ കുഞ്ഞഹമ്മദ് എഴുതുന്നു



അവന്‍ മൈക്കിനു മുന്നില്‍. ദെറിദ, ഫൂക്കോ, ലക്കാന്‍' ഉത്തരാധുനികത തകര്‍ത്തു പെയ്യുകയാണ് ടൗണ്‍ ഹാളില്‍. ഒരു ഉറുമ്പ് വന്ന് അവന്റെ കണ്ണിന് താഴെ ഒരു കടി. അവന്റെ കാഴ്ചപ്പാട് മാറുകയാണ്. 'സാര്‍ത്ര്, കുന്ദേര, ഉബര്‍ട്ടോ എക്കോ' - വാക്കുകളുടെ വയറിളക്കം. ഒരു കൂറ വന്ന് കണങ്കാലിലൂടെ പാന്റ്സിന്റെ ഉളളിലേക്ക്. അവന്റെ കാലിടറുകയാണ്. ഒരു പുഴു അവന്റെ മൂക്കിനുമേല്‍. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും മേലെനിന്ന് ഒരു പല്ലി അവന്റെ മൂര്‍ദ്ധാവിലേക്ക്. ദെറിദയെ ഉറുമ്പിന്‍കൂട്ടം മാളത്തിലേക്ക് വലിച്ചിഴച്ചു. ഫൂക്കോവിനെയും ലകാനിനെയും പാറ്റ തിന്നു. കുന്ദേരയുടെയും സാര്‍ത്രിന്റെയും മേലെ പുഴു അരിച്ചുനടന്നു. ഉമ്പര്‍ട്ടോ എക്കോവിനെ പല്ലി വിഴുങ്ങി. അവനെ തള്ളിമാറ്റി ഇപ്പോള്‍ മൈക്കിനുമുമ്പില്‍ ഉറുമ്പ്, കൂറ, പുഴു, പല്ലി. അവ അവനോട് പറഞ്ഞു: ''എടോ കഴുവേറിയുടെ മോനേ, നേരെ ഗുജറാത്തിലേക്ക് ചെല്ല്. നരേന്ദ്രമോദിയുടെ ഗുജറാത്തിലേക്ക്. എന്നിട്ട് ഇന്ത്യന്‍ അവസ്ഥയെപ്പറ്റി പറ'' (പി.കെ പാറക്കടവ്). ഗുജറാത്ത് അനുസ്മരണം ഓരോ മതനിരപേക്ഷ ഇന്ത്യക്കാരനും നിര്‍ബന്ധപൂര്‍വം ബഹുതലങ്ങളില്‍ നിരന്തരം നിര്‍വഹിക്കേണ്ട ദീര്‍ഘവും ക്ലേശകരവുമായ ഒരു മഹാസമരത്തിന്റെ ആമുഖം മാത്രമാണ്. ഹിന്ദുസ്ഥാന്‍, 'ജന്തുസ്ഥാനായി മാറിയതില്‍ അസ്വസ്ഥനായി, 'ഇനി ഞാനെങ്ങനെ, 'സാരെ ജഗാം സെ പാടും' എന്ന് ചോദിച്ച് ജോലി ഉപേക്ഷിച്ച ഐഎഎസ്സുകാരന്‍ ഹര്‍ഷ്‌മന്ദിര്‍, ഗുജറാത്തിന്റെ ചിരി, ഭസ്മമായി എന്ന് ഉല്‍ക്കണ്ഠപ്പെടുന്ന ദിഗന്ദ്ഓഷ, ഗുജറാത്തിന്റെ ആത്മാവില്‍ ഇരുമ്പ് കയറിയോ എന്ന് സെമിനാര്‍ മുഖപ്രസംഗം. ജന്മനാട്ടില്‍ സര്‍വതും നഷ്ടപ്പെട്ട് അഭയാര്‍ഥികളായ ഒരു ജനതയുടെ മുമ്പില്‍ നിന്നപ്പോള്‍, അതിശയോക്തി കലര്‍ന്നതാവും എന്ന് കരുതിയ ഈ പ്രസ്താവനകള്‍ മുഴുവന്‍ സങ്കടപ്പെടുന്ന ഗുജറാത്തിന്റെ വര്‍ത്തമാന സത്യത്തെ അഭിസംബോധന ചെയ്യാന്‍ അശക്തമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. പുരോഗമന കലാസാഹിത്യസംഘത്തിന്റെ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഞാനടക്കമുള്ള സംഘം, പുകസയുടെ പ്രസിഡന്റുകൂടിയായ മലയാളത്തിന്റെ പ്രിയകവി കടമ്മനിട്ടയുടെയും ജനറല്‍ സെക്രട്ടറിയായിരുന്ന വി എന്‍ മുരളി മാഷിന്റെയും നേതൃത്വത്തില്‍ വംശഹത്യ നടന്ന ഗുജറാത്തിലേക്ക് പുറപ്പെട്ടത്. നെഞ്ചിടിപ്പോടെയാണ്, അശരണരായൊരു ജനതയുടെ രക്തം കുതിര്‍ന്ന മണ്ണില്‍ ഞങ്ങള്‍ കാല്‍ കുത്തിയത്. ഏതോ വിദൂരതയില്‍നിന്ന് മഹാത്മാഗാന്ധിയുടെ നിലവിളികളെ നിശ്ശബ്ദമാക്കുംവിധം ഗോഡ്സെയുടെ കൊലവിളികള്‍ ഉയരുന്നുണ്ടായിരുന്നു. സര്‍വ്വത്ര കനത്തുനില്‍ക്കുന്ന പ്രഛന്ന ഭീകരതയുടെ ചാരനിഴലില്‍നിന്ന് ഗുജറാത്ത് അപ്പോഴും മോചനം നേടിക്കഴിഞ്ഞിരുന്നില്ല. അഭയാര്‍ഥി ക്യാമ്പുകളെ ഭരിച്ചത് ഭയമായിരുന്നു. കണ്ണുനീരൊക്കെയും കണ്ടെടുക്കാനാവാത്തവിധം വറ്റിക്കഴിഞ്ഞിരുന്നു. അവര്‍ക്ക് പറയാനുള്ളതെല്ലാം എളുപ്പം പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തതായിരുന്നു. അവര്‍ക്ക് ഓര്‍ത്തെടുക്കേണ്ടിയിരുന്നത് അവര്‍ എന്നെന്നേക്കുമായി മറക്കാനാഗ്രഹിച്ച കാര്യങ്ങളായിരുന്നു. പീഡനങ്ങളുടെ കരളലിയിക്കുന്ന കഥകള്‍. എത്ര നിര്‍വികാരമായിട്ടാണവര്‍ അതു വിവരിച്ചതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു. സങ്കടങ്ങള്‍ ഒരു വിധം പറഞ്ഞു തീര്‍ന്നപ്പോള്‍, പറയാനാവാത്തതൊക്കെയും നെടുവീര്‍പ്പുകളിലൊതുക്കി, ഒരു പഞ്ഞിക്കെട്ട് കണക്കെ, ഒരു യുവാവ് കടമ്മനിട്ടയുടെ ശരീരത്തിലേക്ക് വീണതും, അദ്ദേഹമവനെ മാറോടടക്കിപ്പിടിച്ച്, ആശ്വസിപ്പിച്ചതും ഇപ്പോഴും ഓര്‍മയില്‍ ഒരു നീറ്റലോടെ നിറയുന്നു. വംശഹത്യയുടെ ജീവിക്കുന്ന സമര സ്രോതസ്സായിമാറിയ ബില്‍ക്കീസ് ബാനുവിന്റെ പങ്കാളിയും നീതിനിഷേധത്തിനെതിരായ പ്രക്ഷോഭത്തില്‍ അവള്‍ക്കൊപ്പം നിന്ന് പോരാളിയായും മാറിയ യാക്കൂബ് റസൂല്‍ ആയിരുന്നു ആ യുവാവ്! കൂട്ടക്കൊല നടന്ന് ശ്മശാനമായി മാറിയ ഒരു സ്ഥലത്തുനിന്നും കിട്ടിയ നാല് വയസ്സുകാരനായ ഒരു കുഞ്ഞിനെയുമെടുത്ത് സമസ്ത സങ്കടങ്ങളും ഉള്ളിലൊതുക്കി നടക്കുകയായിരുന്ന ഹിന്ദുമത വിശ്വാസിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന് ഫാസിസ്റ്റുകളില്‍ നിന്നുണ്ടായ ഒരനുഭവം ഗുജറാത്ത് കൂട്ടക്കൊലകളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ വേണ്ടത്ര അറിയപ്പെടാതെപോയ നിരവധി സംഭവങ്ങളില്‍ ഒന്നാണ്. വംശഹത്യാ നാളുകളില്‍, ചില വാക്കുകള്‍പോലും ഗുജറാത്തില്‍ മരണകാരണമായി!. അതിലൊന്ന് അച്ഛന്‍, അമ്മ എന്നര്‍ഥമുള്ള പൊതുവില്‍ മുസ്ലീങ്ങള്‍ ഉപയോഗിക്കുന്ന 'അബ്ബയും' 'അമ്മി'യുമാണ്. മുമ്പേ പരാമര്‍ശിച്ച ആ സാമൂഹ്യപ്രവര്‍ത്തകന്‍ ഒരു കുഞ്ഞിനെയെങ്കിലും രക്ഷിക്കാനായല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെ നടക്കുമ്പോഴാണ് കൊലയാളികളുടെ പിടിയില്‍പെട്ടത് . ഇതെന്റെ കുഞ്ഞാണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതിലുള്ള സന്തോഷത്തോടെ മുന്നോട്ടുനടക്കുമ്പോഴാണ്, തോളില്‍ കിടക്കുന്ന ഇതൊന്നുമറിയാത്ത കുഞ്ഞ്, 'അബ്ബാ' എന്ന് വിളിച്ച് കരഞ്ഞത്. പിന്നെ താമസമുണ്ടായില്ല, കൊലയാളികള്‍ ഓടിവന്ന് കുഞ്ഞിനെ ബലാല്‍ക്കാരമായി പിടിച്ചുവാങ്ങി പിച്ചിച്ചീന്തി. ആ കുഞ്ഞ് മരിച്ചു, അല്ല ക്രൂരമാംവിധം കൊല്ലപ്പെട്ടു. ഒരു നാല് വയസ്സുകാരന്‍ കുഞ്ഞ് ഒരബ്ബ വിളി കൊണ്ട് മാത്രം കൊല്ലപ്പെട്ടെങ്കില്‍, അമ്മി, എന്നതിനു പകരം 'മമ്മി' എന്ന് വിളിച്ചതുകൊണ്ട് രക്ഷപ്പെട്ട സോഫിയഖാന്‍ എന്നൊരു യുവതിയും ഗുജറാത്തിലുണ്ട്. ഗോധ്ര പ്ലാറ്റ്ഫോമില്‍, സ്വന്തം ഉമ്മക്കൊപ്പം നില്‍ക്കുകയായിരുന്ന സോഫിയഖാന്‍ എന്ന യുവതിയെ കടന്നുപിടിച്ച് ബലാല്‍ക്കാരമായി തീവണ്ടിയിലേക്ക് തള്ളിക്കയറ്റാന്‍ സംഘപരിവാറുകാര്‍ ശ്രമിക്കുമ്പോഴാണ്, മമ്മീ എന്ന് വിളിച്ച് അവള്‍ ഒച്ചവച്ചത്. 'മമ്മി' നിമിത്തം ഒരു സോഫിയ രക്ഷപ്പെട്ടു. അബ്ബ നിമിത്തം മറ്റൊരു കുട്ടികൊല്ലപ്പെട്ടു. നമ്മള്‍ ഏതു യുഗത്തിലാണ് ജീവിക്കുന്നത്. ആധുനികയുഗത്തിലാണ് മറ്റുള്ള മനുഷ്യരെപ്പോലെ ഫാസിസ്റ്റുകളും ജീവിക്കുന്നതെന്നത് ആരോ വെറുതെ പറഞ്ഞ ചോര മണക്കുന്ന ഒരു നുണയായിരിക്കുമോ? ഗുജറാത്തിനെക്കുറിച്ച് സംസാരിക്കാതെ, ഒഴിഞ്ഞുമാറിപ്പോകാനുള്ള പ്രവണത പൊതുവില്‍ വളര്‍ന്നുവരുന്നതിന്റെ കാരണം ഫാസിസ്റ്റ് പ്രചാരണവിജയത്തെയാണ് ഓര്‍മിപ്പിക്കുന്നത്. പാട്യാലയില്‍ ആര്‍എസ്എസ് വളണ്ടിയറായി സേവനമനുഷ്ഠിച്ച ഒരു പ്രൊഫസര്‍ തന്റെ വാര്‍ധക്യകാലത്ത്, കഴിഞ്ഞുപോയ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത്, ''നിശ്ശബ്ദതയുടെ മറുപുറം'' എന്ന ഉര്‍വ്വശി ബൂട്ടാലയുടെ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. പാട്യാലയില്‍ ഒരു ആര്‍എസ്എസ് വളണ്ടിയര്‍ ആയിരുന്നപ്പോള്‍ അയാളൊരു ബലാത്സംഗത്തിന് സാക്ഷിയായിരുന്നു. പീഡിതയായ സ്ത്രീ പിടയുന്നത് നിസ്സംഗമായി കണ്ടുനില്‍ക്കാന്‍ അന്നയാള്‍ക്ക് കഴിഞ്ഞു. കാരണം അന്നയാള്‍ ഒരുറച്ച ഫാസിസ്റ്റ് വളണ്ടിയറായിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്നയാള്‍ അന്നത്തെ സംഭവമോര്‍ത്ത് വിതുമ്പുന്നു. ആ സ്ത്രീയെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്നു. കാരണം ഇന്നയാള്‍ ആര്‍എസ്എസ് വളണ്ടിയറല്ല! ബിബിസിയല്ല, ബിബിസിയുടെ മുത്തച്ഛന്‍ വന്ന്, സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് വംശഹത്യാ കാലത്ത് ഗുജറാത്തില്‍ സംഭവിച്ചതെന്ന് എത്ര കൃത്യമായി കാണിച്ചുകൊടുത്താലും, ഫാസിസ്റ്റുകള്‍ ഫാസിസ്റ്റുകള്‍തന്നെയായിരിക്കുന്നിടത്തോളംകാലം അവരുടെ കണ്ണില്‍നിന്ന് കുറ്റബോധത്തിന്റെ ഒരു തുള്ളിക്കണ്ണീര്‍പോലും ഇറ്റുവീഴില്ല. അമ്പരന്നിട്ടൊരു കാര്യവുമില്ല, അതാണ് ഫാസിസം. കുഴിമാടങ്ങള്‍ക്കു മുകളില്‍ കയറി നിന്നവര്‍ കാലിടറാതെ നൃത്തം ചവിട്ടും. എട്ട് മാസം ഗര്‍ഭിണിയായ കൗസര്‍ ഭാനുവിന്റെ വയറ് പിളര്‍ത്തി ഭ്രൂണത്തെ വെളിയിലെടുത്ത്, രണ്ടുപേരെയും കത്തിച്ച് ചാരമാക്കിയ നരാധമനായ ബാബു ബജ്രംഗി പറഞ്ഞത്, ''ഞാനത് ആസ്വദിക്കുന്നു സുഹൃത്തേ എന്നായിരുന്നു!'' ഒരു ഭീകര 'ഗുജറാത്തു'ണ്ടാവുന്നതും അതോടൊപ്പം വംശഹത്യയില്‍ ജീവിതവും സമ്പത്തും മൂല്യങ്ങളും വെന്തെരിയുന്നത്, പ്രത്യക്ഷത്തില്‍ കരുതപ്പെടുന്നതുപോലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചോ മറ്റൊരു ബസ് സ്റ്റോപ്പില്‍ വച്ചോ അല്ല. വംശഹത്യ വിശകലന വിധേയമാക്കപ്പെടേണ്ടത്, ദീര്‍ഘകാലത്തെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ അനിവാര്യമായ അനന്തരഫലമെന്ന നിലയിലാണ്. 2002ല്‍ ഗുജറാത്തിലും 2008 ഒഡീഷയിലെ കന്ധമാലിലും 2013ല്‍ യുപിയിലെ മുസഫര്‍ നഗറിലും പിന്നീട് ഡല്‍ഹിയിലും സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളെ നിരന്തരം ഓര്‍മിപ്പിക്കുന്നത്, പ്രസ്തുത ഭീകരതകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സഹിക്കുകയില്ല. അതു തടയാന്‍വേണ്ടി, വേണ്ടിവന്നാല്‍, അവര്‍ സാമ്രാജ്യത്വ വിരുദ്ധര്‍ പോലുമാകും. ''ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍'' എന്ന ബിബിസി ഡോക്യുമെന്ററിക്കെതിരായ ഫാസിസ്റ്റ് പ്രചാരണം, ആ അര്‍ഥത്തില്‍ ഒരു 'കോമഡി ഷോ' മാത്രമാണ്! കോര്‍പറേറ്റ് താല്‍പ്പര്യങ്ങളുടെ ഏറ്റവും മികച്ച നടത്തിപ്പുകാര്‍ സ്വന്തം ഭീകരതകള്‍ മറച്ചുപിടിക്കാന്‍ വേണ്ടിയെങ്കിലും 'കൊളോണിയല്‍ മാനസികാവസ്ഥ'ക്കെതിരെ സംസാരിക്കുന്നത് അത്ര മോശം കാര്യമല്ലെങ്കിലും! ചരിത്രം തിരുത്തി സവര്‍ക്കറെ, മഹാത്മാഗാന്ധിയുടെ സ്ഥാനത്തേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതില്‍ ഫാസിസ്റ്റുകള്‍ പൂര്‍ണമായും വിജയിച്ചാല്‍, വംശഹത്യകള്‍പോലും സാമ്രാജ്യത്വ വിരുദ്ധസമരമായി പ്രകീര്‍ത്തിക്കപ്പെടും. 'നമ്മുടെ സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെട്ടു. എന്നാലും നമ്മുടെ ചരിത്രം നഷ്ടപ്പെടാന്‍ നാം അനുവദിക്കരുത്. കാരണം ചരിത്രം നശിക്കാതെ നിന്നാല്‍ സ്വാതന്ത്ര്യം വീണ്ടെടുക്കാം. എന്നാല്‍ ചരിത്രം തകര്‍ക്കപ്പെട്ടാല്‍ സ്വാതന്ത്ര്യം തിരികെ നേടുന്നതിന് നിരവധി തട ങ്ങള്‍ തട്ടി മാറ്റേണ്ടിവരും എന്ന് മഹാവീര്‍ പ്രസാദ് ദ്വിവേദി പറഞ്ഞത്, നമ്മുടെ സ്വാതന്ത്ര്യസമരം കത്തിനിന്ന 1930 കളിലാണ്. അത് ഇന്നത്തെ അവസ്ഥയിലും വലിയൊരു ഭേദഗതി ആവശ്യമില്ലാത്തവിധം പ്രസക്തമാണ്. ''സ്നേഹത്തിന്‍ സ്പര്‍ശനം ഇല്ലാതായാല്‍ ജീവിതമെത്ര മേല്‍ ഭാരമാകും?'' എന്ന് പാടി, മനുഷ്യസൗഹൃദങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന വാലിഗുജറാത്തിയുടെ ശവകുടീരമടക്കം, വംശഹത്യാനാളുകളില്‍ ഇടിച്ചു പൊളിക്കപ്പെട്ടു. 'ഫാസിസ്റ്റുകള്‍ ജയിച്ചാല്‍ മരിച്ചവര്‍ക്കുപോലും രക്ഷയുണ്ടാവില്ലെന്ന് ജര്‍മന്‍ ക്ലാസിക്കല്‍ ഫാസിസ്റ്റ് പശ്ചാത്തലത്തില്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറഞ്ഞത്, ഇന്ന് ഇന്ത്യനവസ്ഥയിലും ഒരു ഭേദഗതിയും കൂടാതെ പ്രസക്തമാണ്. ജന്മംകൊണ്ട് മഹാരാഷ്ട്രക്കാരനായിരുന്ന 'വാലി ഡക്കാനി, വാലി ഔറംഗാബാദി എന്നിങ്ങനെ 17þാം നൂറ്റാണ്ടില്‍ പ്രശസ്തനായ, ഉറുദു ഭാഷയുടെ പിതാവും കവിയും സൂഫിയുമായ വാലി സ്വയം ഗുജറാത്തിയെന്ന പേര് ആ പ്രദേശത്തോടുള്ള സ്നേഹം കാരണം ആരും ആവശ്യപ്പെടാതെ സ്വയം സ്വീകരിക്കുകയായിരുന്നു. അഹമ്മദാബാദ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനുമുമ്പിലായിട്ടാണ് സര്‍വമതസംഗമ സൗഹൃദവേദിയായ ആ ദര്‍ഗ സമീപകാലം മുതല്‍ നിലനിന്നുപോന്നത്. എന്നിട്ടുപോലും, വംശഹത്യാ നാളുകളില്‍ അത് തകര്‍ക്കപ്പെട്ടു. തല്‍സ്ഥാനത്ത് ഇപ്പോഴുള്ളത് ടാറിട്ടൊരു റോഡാണ്. ജാതിമത വ്യത്യാസമില്ലാതെ ഇപ്പോഴും മനുഷ്യര്‍ ആ ടാറിട്ട റോഡ്, വാലി ഗുജറാത്തിയുടെ ദര്‍ഗയാണെന്ന് മനസ്സില്‍ സങ്കല്‍പിച്ച് പൂക്കള്‍ സമര്‍പ്പിക്കുന്നു; പിറകെ വരുന്ന വാഹനം അതിന്റെ മുകളിലൂടെ അടുത്ത നിമിഷം കയറിയിറങ്ങുമെന്നറിഞ്ഞുകൊണ്ട്! അരഞ്ഞ് കുഴമ്പു പാകത്തിലായ ആ പൂക്കള്‍ വര്‍ത്തമാനകാല ഇന്ത്യനവസ്ഥയെ അടയാളപ്പെടുത്തുന്ന ഒരസ്വസ്ഥ രൂപകമാണ്. സാക്ഷികളാവാന്‍ പോലും കഴിയാതെ പോവുന്ന നിസ്സഹാരായ 'മനുഷ്യര്‍' എന്നും പറയാം. വരാനിരിക്കുന്ന ഏതോ വിപത്ത് മുന്‍കൂട്ടി മനസ്സിലാക്കി സ്വന്തം സ്ഥാപനങ്ങള്‍, ''തുളസി'', ''അഭിലാഷ്'' എന്നീ പ്രകാരമുള്ള പെട്ടെന്ന് മുസ്ലീം ഹോട്ടലുകളാണെന്ന് തിരിച്ചറിയാത്ത വിധമുള്ള പേരുകള്‍ കൊടുത്തിട്ടും, 'ശുദ്ധ വെജിറ്റേറിയന്‍' (!) ആയിരുന്നിട്ടും, ആ കടകളും ആക്രമിക്കപ്പെട്ടു. അവര്‍ക്കെന്തെങ്കിലും നഷ്ടപരിഹാരം കിട്ടുമോ എന്നറിയില്ല. എന്നാല്‍ ആ വിധമുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും അവസരം കിട്ടാതെ, അവസാനിച്ചുപോയവരില്‍, ആരുടെയും ചങ്കു പിളര്‍ക്കുന്ന, വേണ്ടത്ര അറിയപ്പെടാതെ പോയ ഒരു തെരുവ് കച്ചവടക്കാരന്‍ കുട്ടിയുടെ സങ്കടകഥയുണ്ട്. ചരിത്രത്തില്‍ ഇടംപിടിക്കാതെ പോയ ആ കുട്ടിക്ക്, മലയാള ഭാഷയില്‍, ഒരു സ്മാരകം ഉയര്‍ന്നു. അതാണ് കടമ്മനിട്ടയുടെ 'അശ്വത്ഥം' എന്ന, അത്രമാത്രം അവതരിപ്പിക്കപ്പെടാതെപോയ എന്നാല്‍ ഏറെ അവതരിപ്പിക്കപ്പെടേണ്ട കവിത. സ്കൂളില്‍ മറ്റ് കൂട്ടുകാര്‍ക്കൊപ്പം പഠിച്ചും കളിച്ചും തിമര്‍ക്കേണ്ടൊരു പ്രായത്തില്‍ ബീഹാറില്‍നിന്നും കളിപ്പാട്ട വില്‍പനക്കാരനായി ഗുജറാത്തിലെത്തിയ കമ്രേത്തലം എന്ന പതിനാലു വയ സ്സുകാരനെ, വംശഹത്യാ ഭീകരര്‍ ചുട്ടുകരിച്ച ദാരുണസംഭവമാണ്, 'കടമ്മനിട്ട', 'അശ്വത്ഥം' എന്ന കവിതയില്‍, കണ്ണീരും ചോരയും കലര്‍ന്ന വാക്കുകളില്‍ കുറിച്ചിട്ടത്. 'ഇത് ബാപ്പുജി നഗര്‍, അപ്പുറം അതിര്‍ത്തിയാണ് എന്ന് യാത്രക്കിടയില്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞപ്പോള്‍, 'അതിര്‍ത്തിയോ', നമ്മുടെ സ്വന്തം രാജ്യത്തിനകത്തോ എന്ന് ഞങ്ങള്‍ അന്ധാളിച്ചു നില്‍ക്കെ; കത്തിക്കരിച്ച  ചെറിയൊരു ആല്‍മരത്തിന്റെ കുറ്റി ഇനിയും പറയാനേറെയുണ്ടെന്നറിയിച്ച്, ബാപ്പുജി നഗറിലെ വഴിയോരത്ത് പകച്ചുനില്‍ക്കുന്നുണ്ടായിരുന്നു. തണലേകുന്ന ആ മരത്തില്‍ വരിഞ്ഞു കെട്ടിയതിനുശേഷമാണവര്‍, ആ കുട്ടിയോടൊപ്പം, ആ മരത്തെയും, അവശിഷ്ടങ്ങളൊന്നും ബാക്കിയാവരുതെന്ന ദുരാഗ്രഹത്തോടെ ചുട്ടുകരിച്ചത്. എന്നിട്ടും കരിഞ്ഞ് ബാക്കിയായ ആ, ആല്‍മരക്കുറ്റി സ്മരണകള്‍ക്ക് കാവലായി വലിയൊരു ചരിത്ര ദൗത്യം നിര്‍വ്വഹിച്ചു. എന്നെങ്കിലും അവന്‍ വരാതിരിക്കില്ലെന്നു കരുതി ഒരുപക്ഷേ ഇപ്പോഴും ബീഹാറിലെ ഏതോ ഗ്രാമത്തില്‍ കമ്രേത്തലത്തിന്റെ കുടുംബം ആ കുട്ടിയെ കാത്തിരിക്കുന്നുണ്ടാവും! കടമ്മനിട്ടയുടെ പ്രശസ്തമായ ''ക്യാ'' എന്ന കവിതയും, അതുപോലെതന്നെ പ്രശസ്തമാകേണ്ടിയിരുന്ന, ''ബാപ്പുജി നഗറിലെ അശ്വത്ഥ'വും എഴുതപ്പെട്ടത്, ഒരു ദൃശ്യാവിഷ്കാരത്തിലും പതിയാനിടയില്ലാത്ത വംശഹത്യയുടെ ഇരുട്ടിടങ്ങളില്‍വെച്ചാണ്. ഭഗവദ്ഗീതയിലെ 'വിഭൂതിയോഗ'ത്തിലെ വിഷ്ണുവിന്റെ വൃക്ഷ രൂപമായ അശ്വത്ഥത്തിന്, വംശഹത്യക്കാലത്ത് സംഭവിച്ച ഭാവപ്പകര്‍ച്ചയുടെ നടുക്കമാണ് ആ കവിത പങ്കുവെക്കുന്നത്. ''ബാപ്പുജി നഗറിലെ വഴിയോരത്ത്/വിഭൂതിയോഗത്തിലെ വിഷ്ണുവിന്റെ/ വൃക്ഷരൂപമായ അശ്വത്ഥം/ അനാഥനായ കപ്രേത്തലം എന്ന പതിനാലുകാരന്‍/ ബീഹാറി മുസ്ലീമിന് അഭയമായിരുന്നു/ കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥന് അഭയം നല്‍കി/ ശ്രീ ബുദ്ധനാക്കിയത് ബീഹാറിലെ ഒരശ്വത്ഥം/ആലിത്തിന്നിയതറിയാമായിരുന്നോ എന്തോ?/ അരയാലിന്‍ ചുവട്ടില്‍ അഭയം ലഭിച്ചതില്‍/ കമ്രേത്തലത്തിന് ആശ്വാസം തോന്നിയോ? നട്ടുച്ചക്ക് ഒരു കൂട്ടം വൈഷ്ണവര്‍/ ആഘോഷാരവങ്ങളോടെ ആലിന്‍ചുവട്ടിലെത്തി/ ആലത്തിന് പെട്രോള്‍ കൊണ്ടഭിഷേകം/അഗ്നിപൂജ, അഗ്നി രൂപം ധരിച്ച കമ്രേത്തലം/ ഒരു ഗോളമായ് വിഷ്ണുപദം പ്രാപിച്ചു/അശ്വത്ഥവുമാളിക്കത്തി ആര്‍പ്പുവിളിച്ചു/ എന്നാല്‍ ആലത്തിന്റെ ചാരം പോലും/അശ്വത്ഥത്തിനു വളമായില്ല/ കത്തിക്കരിഞ്ഞ വിഷ്ണുവിഗ്രഹം'' (ബാപ്പുജി നഗറിലെ അശ്വത്ഥം). കൊല്ലപ്പെട്ടവര്‍ കൊല്ലപ്പെട്ടവരാണ്. ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരിക്കുന്നവരും! അതുകൊണ്ടുതന്നെ നാം കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി കൂടി ജീവിക്കണം. കമ്രേത്തലം അടക്കമുള്ള പേരറിയാവുന്നവരും പേരറിയാത്തവരുമായ നി ഹായരും നിരപരാധികളുമായ അനേകം മനുഷ്യര്‍ പാട്ടായും കവിതയും കഥയും ദൃശ്യാവിഷ്കാരങ്ങളായും, നമുക്കിടയില്‍ സമരോത്സുകമായ സ്മരണകളായി പടരണം. അവര്‍, ഫാസിസ്റ്റുകള്‍ ചരിത്രം മാച്ചുകളയുമ്പോള്‍, കൊല്ലപ്പെട്ടിട്ടും മരിക്കാത്ത ജീവിതങ്ങള്‍ക്ക് നമ്മള്‍ മതനിരപേക്ഷ മനുഷ്യര്‍ കാവല്‍നില്‍ക്കണം. `you write injustice on earth/we will write revolution in the sky/Everything will be remembered/Everything recorded'. (Amir Aziz) (ചിന്ത വാരികയിൽ നിന്ന്) Read on deshabhimani.com

Related News