മനോരമയ്‌ക്ക്‌ അന്ന്‌ ഗർജനം; ഇന്ന്‌ ‘ആക്‌ഷൻ’



തിരുവനന്തപുരം വഴിയടച്ച ഉപരോധത്തിനെതിരെ വീട്ടമ്മ പൊട്ടിത്തെറിച്ചു; നേതാക്കൾ വിയർത്തു, പൊറുതിമുട്ടി ഈ ഗർജനം, പ്രതികരണത്തിന്റെ ഉഷസ്സ്‌... 2013ൽ ക്ലിഫ്‌ ഹൗസിന്‌ മുമ്പിൽ എൽഡിഎഫ്‌ സമരത്തിനെതിരെ കോൺഗ്രസ്‌ പ്രവർത്തക സന്ധ്യ നടത്തിയ രാഷ്‌ട്രീയ നാടകത്തിന്‌ മനോരമ നൽകിയ തലക്കെട്ടുകളായിരുന്നു ഇത്‌. എന്നാൽ, കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരെ നടൻ ജോജു ജോർജ്‌ നടത്തിയ പ്രതികരണം ഇതേ പത്രത്തിന്‌ വെറും ‘ആക്‌ഷൻ’ മാത്രമായി.  2013 ഡിസംബർ 12ന്‌ ക്ലിഫ്‌ ഹൗസിന്‌ മുമ്പിൽ എൽഡിഎഫ്‌ സമരം നേരിടാൻ പൊലീസ്‌ ബാരിക്കേഡ്‌ കെട്ടി വഴിയടച്ചിരുന്നു. അതുവഴി വന്ന സന്ധ്യ സമരക്കാരോട്‌ കയർത്തു. ഇത്‌ ദിവസങ്ങളോളം മനോരമ ആഘോഷിച്ചു. ‘വാക്കാണെൻ സമരായുധം’ എന്ന പ്രത്യേക അഭിമുഖം, സന്ധ്യക്കൊപ്പം പതിനായിരങ്ങൾ  എന്നിങ്ങനെ പോയി ആഘോഷം. ‘നാടിനുവേണ്ടി ഉയർന്ന സ്‌ത്രീ സ്വരം’ എന്ന തലക്കെട്ടിൽ മുഖപ്രസംഗവും എഴുതി. എല്ലാത്തിലും സന്ധ്യ കോൺഗ്രസ്‌ പ്രവർത്തകയാണെന്നത്‌ മറച്ചുവച്ചു. മാസങ്ങൾ കഴിഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ സന്ധ്യക്ക്‌ ജോലിയും നൽകി. കൊച്ചിയിൽ അർബുദ ചികിത്സയ്‌ക്ക്‌ അടക്കം പോകുന്നവരെ ബന്ദിയാക്കിയാണ്‌ കോൺഗ്രസ്‌ സമരം നടന്നത്‌. 45 മിനിറ്റോളം കാത്തുനിന്നു. ഈ സമയം ജോജു കാറിൽനിന്നിറങ്ങി പ്രതികരിക്കുകയായിരുന്നു. ജോജുവിനെ ആക്രമിച്ചിട്ടും ഒരു തരത്തിലും കോൺഗ്രസിനെ നോവിക്കാതെയാണ്‌ മനോരമ വാർത്ത അവതരിപ്പിച്ചത്‌.  കണ്ണീർ കഥയില്ല, മുഖപ്രസംഗമില്ല, ആത്മരോഷമില്ല. സംഭവംമാത്രം പറഞ്ഞ്‌ കോൺഗ്രസ്‌ വിധേയത്വം പരസ്യമാക്കി. മനോരമയുടെ ഇരട്ടത്താപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോളാണ്‌. Read on deshabhimani.com

Related News