ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ 
സൗമ്യസുപരിചിത മുഖം



തിരുവനന്തപുരം മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ സൗമ്യസുപരിചിത മുഖമാണ്‌ രാജ്യസഭയിലേക്ക്‌ എത്തുന്ന ജോൺ ബ്രിട്ടാസ്‌. ഇരുപത്തിരണ്ടാം വയസ്സിൽ ദേശാഭിമാനി ലേഖകനായി ഡൽഹിയിലെത്തിയ ബ്രിട്ടാസ് ആദ്യം റിപ്പോർട്ട്‌ ചെയ്തത് രാജ്യസഭയാണ്. 1988 നവംബറിൽ ഡൽഹിയിൽ കാലുകുത്തിയതിന്റെ പിറ്റേന്ന്  മുഖ്യമന്ത്രി ഇ കെ നായനാരോടൊപ്പം പഞ്ചാബിലേക്ക് യാത്രചെയ്താണ് ഡൽഹി ഇന്നിങ്‌സ്‌ ആരംഭിച്ചത്. ബോഫേഴ്സ് കുംഭകോണംമുതൽ ബാബ്‌റി മസ്ജിദ് തകർക്കൽവരെയുള്ള സുപ്രധാന രാഷ്ട്രീയ ഏടുകൾ മലയാളികൾക്കായി അദ്ദേഹം എഴുതിയെത്തിച്ചു. ഒരു വ്യാഴവട്ടം പത്രത്തിൽ പ്രവർത്തിച്ചശേഷമാണ് ദൃശ്യമാധ്യമരംഗത്തേക്ക് തിരിയുന്നത്. കൈരളിയുടെ ഡൽഹി ബ്യൂറോചീഫായ  ബ്രിട്ടാസ് 2003 സെപ്തംബർ 11ന്‌ മാനേജിങ് ഡയറക്ടറായി നിയമിതനായി. അക്കാലത്ത് മാധ്യമ മാനേജ്മെന്റ് തലപ്പത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ബ്രിട്ടാസ്. സങ്കീർണമായ സാഹചര്യത്തിൽ മാനേജിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത ബ്രിട്ടാസിന്റെ നേതൃത്വത്തിൽ കൈരളി ശ്രദ്ധേയമായ മാധ്യമ സംരംഭമായി വളർന്നു. ഇറാഖ്‌ യുദ്ധപശ്ചാത്തലത്തിൽ ബാഗ്ദാദിന്റെ മണ്ണിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ മാധ്യമപ്രവർത്തകൻ ബ്രിട്ടാസായിരുന്നു. ഇറാഖ് യുദ്ധത്തെ ഭീകരതയ്‌ക്കെതിരെയുള്ള ആക്രമണമായി ഒട്ടുമിക്കവാറും മാധ്യമങ്ങൾ വിശേഷിപ്പിച്ചപ്പോൾ ‘അധിനിവേശം’ എന്ന തലക്കെട്ടിലാണ് ജോൺ ബ്രിട്ടാസിന്റെ ബാഗ്‌ദാദ് ഡയറി കൈരളി സംപ്രേഷണം ചെയ്തത്. ബാബ്‌റി മസ്ജിദ്‌ തകർക്കൽ, ഗുജറാത്ത് വംശഹത്യ, നേപ്പാൾ തെരഞ്ഞെടുപ്പ്, പാകിസ്ഥാൻ രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്‌തു. മിനാരങ്ങൾ ധൂളികളായപ്പോൾ എന്ന ബാബ്‌റി മസ്ജിദിന്റെ പതനത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ട് ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ചു. പ്രധാനമന്ത്രിയുടെ മാധ്യമസംഘത്തിൽ അംഗമായി അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. നിരവധി സംവാദ പരിപാടികൾക്ക് നായകത്വം വഹിച്ച ബ്രിട്ടാസ്, അഞ്ചു തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്കാരത്തിന്‌ അർഹനായി. കൈരള‍ി ടിവിയുടെ ചീഫ് എഡിറ്റർകൂടിയായ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. പാർലമെന്റിന്റെ പ്രസ് ഗ്യാലറിയിൽനിന്ന് സഭാതലത്തിലേക്ക് ഇറങ്ങുന്ന രണ്ടാമത്തെ മലയാളി മാധ്യമപ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്. മാതൃഭൂമി ഡൽഹി ബ്യൂറോയിലുണ്ടായിരുന്ന കെ പി ഉണ്ണിക്കൃഷ്ണനാണ് ആദ്യത്തെ ആൾ. പാർലമെന്റ് പ്രസ് പാസും സെൻട്രൽഹാൾ പാസും  ലോങ് ആൻഡ് ഡിസ്റ്റിംഗ്വിഷ് പാസുമുള്ളയാളാണ്‌ രാജ്യസഭാംഗമാകുന്നത്. Read on deshabhimani.com

Related News