നാടിന്റെ ഈണത്തിന്‌ 
റെഡ്‌ സല്യൂട്ട്‌

കായംകുളത്തെ സ്വീകരണത്തിൽ മുഹമ്മദ്‌ യാസീൻ ജാഥാ ക്യാപ്റ്റൻ 
എം വി ഗോവിന്ദന് റോസാപ്പൂ നൽകുന്നു ഫോട്ടോ: കെ എസ് ആനന്ദ്


കായംകുളം   കീബോർഡിനുമുന്നിൽ മുഹമ്മദ് യാസീനിരുന്നാൽ മതി നാദശലഭങ്ങൾ സ്വരമാം ചിറകിൽ പാറിവരും.. മാന്ത്രിക ‘വിരലുകൾ’ പാട്ടിന്‌ താളമിടും... ഇടത്‌ കൈയില്ല, വലത്‌ കൈയാവട്ടെ മടക്കുവരെ. ആ വലതു കൈമുട്ടിനാൽ നാദവിസ്മയം തീർത്താണ്‌ മുഹമ്മദ്‌ യാസീൻ ജനകീയ പ്രതിരോധ ജാഥയെ വരവേറ്റത്‌.  ഭിന്നശേഷിക്കാരനായ യാസീൻ കോവിഡ്‌ അടച്ചുപൂട്ടലിൽ കളിപ്പാട്ടത്തിന്റെ കീ ബോർഡിലാണ്‌ ഈണമിട്ടു തുടങ്ങിയത്‌. അമ്മ ഷൈലയെ പ്ലസ്ടുവിന്‌ പഠിപ്പിച്ച അധ്യാപകർ കീ ബോർഡ് വാങ്ങി നൽകി. പിന്നീടങ്ങോട്ട്‌ ഉത്സവാഘോഷങ്ങളിലുൾപ്പെടെ അറുപതോളം വേദികളിൽ നിറഞ്ഞു.  ഒരുമണിക്കൂറിൽ ഇരുപത്തഞ്ചോളം പാട്ടുകൾ വായിക്കും, കെഎൻഎം ഗവ. യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഈ പത്തുവയസുകാരൻ. ചാനലുകളിലും പരിപാടി അവതരിപ്പിച്ചു. സംഗീതസംവിധായകൻ രതീഷ് വേഗക്കൊപ്പം മ്യൂസിക് ആൽബത്തിനുള്ള തയാറെടുപ്പിലാണ്. ചിത്രരചനയിലും പാട്ടിലും നൃത്തത്തിലും തിളങ്ങുന്നു. കാൽവിരലുകൾ ഉപയോഗിച്ചായിരുന്നു  ആദ്യം ചിത്രരചനയെങ്കിൽ ഇപ്പോൾ കഴുത്തിൽ വച്ചാണ്‌ വരയ്ക്കുന്നത്.    കായംകുളം പുതുപ്പള്ളി പ്രയാർ വടക്ക് എസ്എസ് മൻസിലിൽ ഷാനവാസാണ്‌  അച്ഛൻ. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ മുടങ്ങാതെ നൽകുന്ന സംസ്ഥാന സർക്കാരിനോടുള്ള നന്ദി അറിയിക്കാൻ കൂടിയാണ്‌ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ കാണാൻ യാസീനെത്തിയത്‌. ചുവപ്പ് റോസാപ്പൂ നൽകി  അവൻ ജനനായകനെ സ്വീകരിച്ചു. തിങ്കളാഴ്‌ച കായംകുളം എൽമെക്സ്‌ മൈതാനം,  ചാരുംമൂട്‌ ജങ്‌ഷൻ, ചെങ്ങന്നൂർ ബിസിനസ്‌ ഇന്ത്യാ ഗ്രൗണ്ട്‌ പത്തനംതിട്ട ജില്ലയിലെ  തിരുവല്ല,  റാന്നി എന്നിവിടങ്ങളിൽ ജാഥയ്‌ക്ക്‌ സ്വീകരണം നൽകി. ജാഥ ഇന്ന്‌ രാവിലെ 10ന്‌ പത്തനംതിട്ട, 11ന്‌ കോന്നി, മൂന്നിന്‌ അടൂർ. വൈകിട്ട്‌ നാലിന്‌ കൊല്ലം ജില്ലയിലെ പത്തനാപുരം, അഞ്ചിന്‌ അഞ്ചൽ. Read on deshabhimani.com

Related News