ചെങ്കൊടിയുമേന്തി നിലയ്‌ക്കാത്ത ജനപ്രവാഹം

ജനകീയ പ്രതിരോധ ജാഥയ്ക്ക് കൂറ്റനാട്ട് നൽകിയ സ്വീകരണം ഫോട്ടോ : ജഗത് ലാൽ


കൂറ്റനാട്‌ തൊണ്ണൂറ്റി ഒന്ന്‌ വയസ്സിലും ഓമല അമ്മയുടെ കണ്ണുകളിൽ തീയുണ്ട്. ചെങ്കൊടി പിടിച്ചാൽ കൈയ്‌ക്ക്‌ വിറയലില്ല, പ്രായാധിക്യമില്ല, അവശതയില്ല. ജനകീയ പ്രതിരോധ ജാഥയുടെ കൂറ്റനാട് ന്യൂ ബസാറിലെ സ്വീകരണ കേന്ദ്രത്തിൽ ചെങ്കൊടിയുമേന്തി ചെറുപ്പക്കാരെ വെല്ലും ആവേശവുമായി ഈ വൃദ്ധയെത്തി. ‘വീട്ടിൽ മുടങ്ങാതെ പെൻഷൻ എത്തുന്നു. എന്ത് ചെയ്തും ഞങ്ങൾക്ക്  പെൻഷൻ തരാമെന്ന് സർക്കാർ ഉറപ്പും തന്നിട്ടുണ്ട്. ഈ നാടിനെ പട്ടിണിക്കിടാതെ നോക്കുന്നു, വീടു വച്ചു കൊടുക്കുന്നു, ആശുപത്രിയിൽ മരുന്നുണ്ട്–- എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് പിന്നെയെന്ത് വേണം’. - ചാലിശേരി ചൗച്ചേരി  ഓമല അമ്മയുടെ വാക്കുകളിലുണ്ട്‌ സർക്കാരിലുള്ള വിശ്വാസവും പ്രതീക്ഷയും. പാലക്കാട്ടെ സ്വീകരണ കേന്ദ്രങ്ങളിൽ തിങ്ങിനിറയുന്ന ജനസഞ്ചയത്തിന്റെ ചെറിയൊരു പ്രതിനിധി മാത്രമാണ് ഓമല അമ്മ. കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലുറപ്പുകാർ, ആദിവാസി വിഭാഗങ്ങൾ, അങ്ങനെ വരികയാണ്‌ പുഴയൊഴുകും പോൽ. പാലക്കാടൻ ചൂടിനോ ചുരം കടന്നെത്തുന്ന വരണ്ട കാറ്റിനോ പിന്തിരിപ്പൻ ശക്തികൾക്കോ ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്ന്‌ ഇവരുടെ മുഖം വിളിച്ചു പറയുന്നു. വർഗീയതയ്‌ക്കും കേന്ദ്രസർക്കാരിന്റെ ജനദ്രോഹത്തിനുമെതിരെ സിപിഐ എം തീർക്കുന്ന ജനകീയ കോട്ടയുടെ കരുത്തുറ്റ ചുവരുകളാവുകയാണിവർ.പൂരങ്ങളുടെയും വേലകളുടെയും ആവേശം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണ്‌ ജനകീയ ജാഥയെ പാലക്കാട്‌ വരവേറ്റത്‌. എ കെ ജിയുടെ കർമ മണ്ഡലമായ ക്യാപ്‌റ്റൻ ലക്ഷ്‌മിയുടെ പെരുമയുള്ള തൃത്താലയിലെ കൂറ്റനാട്‌ ന്യൂ ബസാറിൽ ആദ്യ സ്വീകരണം. തുടർന്ന്‌ കലയുടെയും വേലയുടെയും നാടായ ചെർപ്പുളശേരിയിൽ ക്യാപ്‌റ്റന്‌ കാളകളെ സമ്മാനിച്ച്‌ ഉത്സവലഹരിയിൽ സ്വീകരണം. ഒപ്പം വെള്ളിനേഴിയുടെ സ്‌നേഹ സമ്മാനമായി കഥകളി രൂപവും കാർഷികപ്പെരുമയുടെ ഓർമപ്പെടുത്തലുമായി കതിർക്കൂടും ക്യാപ്റ്റന്‌ സമ്മാനിച്ചു. കടുക്കെ ചുവന്ന വിപ്ലവ നാടായ ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന്റെ ആഘോഷത്തിലാണ്‌ ജാഥയെ വരവേറ്റത്‌. തലയ്‌ക്ക്‌മുകളിൽ വെയിൽ കത്തുന്ന പകൽ മൂന്നിന്‌  ജനസഞ്ചയം സ്വീകരണ കേന്ദ്രത്തിലേക്കെത്തി. അട്ടപ്പാടിയിൽനിന്ന്‌ ക്യാപ്‌റ്റനെ കാണാൻ നൂറുകണക്കിന്‌ ആദിവാസി ജനവിഭാഗങ്ങളാണ്‌ ചുരമിറങ്ങി മണ്ണാർക്കാട്ടെ സ്വീകരണ കേന്ദ്രത്തിലെത്തിയത്‌.  മണ്ണാർക്കാട്‌ പൂരത്തിനെ വെല്ലുന്ന ആവേശമായിരുന്നു സ്വീകരണ കേന്ദ്രത്തിൽ. ജില്ലകണ്ട ഏറ്റവും വലിയ ജനസഞ്ചയമാണ്‌ കോങ്ങാട്ടെ അവസാന സ്വീകരണ കേന്ദ്രത്തിലെത്തിയത്‌. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറു റാലികളായി ചെങ്കൊടിയുമേന്തി നിലയ്‌ക്കാത്ത ജനപ്രവാഹം പല വീഥികളിലൂടെ ഒഴുകി കോങ്ങാട്‌ ബസ്‌ സ്‌റ്റാൻഡ്‌ എന്ന ലക്ഷ്യത്തിലെത്തി. ലക്ഷ്യം ഒന്നു മാത്രം, ചെങ്കൊടിയുടെ പ്രതിരോധത്തണലിൽ സുരക്ഷിതരാവുക. ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ, മാനേജർ പി കെ ബിജു, ജാഥാംഗങ്ങളായ സി എസ്‌ സുജാത, എം സ്വരാജ്‌, ജെയ്‌ക്‌ സി തോമസ്‌, കെ ടി ജലീൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്‌, കെ എസ്‌ സലീഖ എന്നിവർ ജാഥയ്‌ക്കൊപ്പമുണ്ടായി. Read on deshabhimani.com

Related News