ഒറ്റയ്‌ക്കിരിക്കാൻ കൊതി തോന്നും ഈ മെനു കണ്ടാൽ



കൊച്ചി ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് രുചികരമായ ഭക്ഷണമൊരുക്കി എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌. ബെഡ്‌ കോഫിമുതൽ അത്താഴവും ഇടവേളകളിലെ ആരോഗ്യപാനീയങ്ങളും ഉൾപ്പെട്ടതാണ്‌ ഏകാന്തവാസകാലത്തെ ഭക്ഷണ മെനു. ജ്യൂസും മീൻ പൊരിച്ചതടക്കമുള്ള വിഭവങ്ങൾ നാട്ടുകാർക്കുള്ള മെനുവിലുണ്ട്‌. വിദേശികൾക്ക്‌ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളിൽ എത്തും. കുട്ടികളാണെങ്കിൽ പാലും ഇടയ്‌ക്കിടെ ലഘുഭക്ഷണവുമുണ്ട്‌. ഇവ സൂക്ഷിക്കാൻ പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ഇഷ്ടവും ചോദിച്ചറിയും. മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേർക്കുവരെയുള്ള ഭക്ഷണം തയ്യാറാക്കും. രോഗബാധയുള്ളവർക്ക്‌ പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യണമെന്ന മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നിർദേശപ്രകാരമാണ്‌ മെനു തയ്യാറാക്കിയത്. നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, അസി. നോഡൽ ഓഫീസർ ഡോ. ഗണേഷ് മോഹൻ, ഫുഡ്‌ ഇൻചാർജ് ഡോ. ദീപ, സീനിയർ നേഴ്‌സ്‌ അമൃത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ മെനു തയ്യാറാക്കിയത്.   Read on deshabhimani.com

Related News