മത രാഷ്ട്രീയം വിമർശിക്കപ്പെടണം... സംവിധായകൻ സുജിത്‌ ലാൽ സംസാരിക്കുന്നു



മതരാഷ്‌ട്രീയം നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭീഷണമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ്‌ രണ്ട്‌ എന്ന സിനിമയുടെ പിറവി രാഷ്‌ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങൾ കൂടി അടയാളപ്പെടുത്തിയ സിനിമാ മേഖലയാണ്‌ മലയാളത്തിന്റേത്‌. അവയിൽ ചിലത്‌ എക്കാലവും ചർച്ച ചെയ്യപ്പെടുന്നവയാണ്‌. ആ നിരയിലേക്ക്‌ എത്തുകയാണ്‌ വെള്ളിയാഴ്‌ച റിലീസ്‌ ചെയ്‌ത രണ്ട്‌ എന്ന സിനിമ. ബിനുലാൽ തിരക്കഥയൊരുക്കി സുജിത്‌ ലാൽ സംവിധാനംചെയ്‌ത ചിത്രത്തിന്റെ പശ്ചാത്തലം മതരാഷ്‌ട്രീയം സൃഷ്ടിക്കുന്ന അപകടങ്ങളാണ്‌.  ഈ വിഷയത്തെ വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ്‌. തിരുവനന്തപുരം കല്ലറ സ്വദേശിയായ സംവിധായകൻ സുജിത്‌ ലാൽ സംസാരിക്കുന്നു: പറയുന്നത്‌ മതരാഷ്‌ട്രീയമാണ്‌ ആറേഴ്‌ വർഷത്തിനുള്ളിൽ  ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഉണ്ടായിട്ടുള്ള മാറ്റമാണ്‌ സിനിമയുടെ പശ്ചാത്തലം. ഇന്ത്യൻ രാഷ്‌ട്രീയം പെട്ടെന്ന്‌ നമുക്ക്‌ അത്ര പരിചിതമല്ലാത്ത തലത്തിലേക്കു മാറി. വർഗീയതയും  മതം ജനാധിപത്യത്തിൽ ഇടപെടുന്ന രാഷ്‌ട്രീയവുമെല്ലാം ഭീഷണമായ ഒരു അവസ്ഥ സൃഷ്ടിച്ചു. ഇത്‌ തുറന്നുകാണിക്കാനാണ്‌ ശ്രമം.വിഷ്‌ണു ഉണ്ണികൃഷ്‌ണൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ്‌ സിനിമയിലേത്‌. അന്ന രേഷ്‌മ രാജൻ, സുധി കോപ്പ, മറീന മൈക്കിൾ, ഗോകുലൻ തുടങ്ങിയവരാണ്‌ മറ്റ്‌  അഭിനേതാക്കൾ. വിമർശത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല സിനിമ എടുത്തത്‌ അതിനുമേൽ ഉണ്ടാകാവുന്ന വിമർശങ്ങൾ മുൻകൂട്ടി കണ്ടിട്ടല്ല.  സിനിമ എടുക്കാൻ സ്വാതന്ത്ര്യമുണ്ട്‌.  മറ്റുള്ളവർക്ക്‌ വിമർശിക്കാനും സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്‌. കാണുന്നവർക്ക്‌ ഇഷ്ടപ്പെടാം. വിമർശിക്കാം അതെല്ലാം പ്രേക്ഷകരുടെ സ്വാതന്ത്ര്യം.  മതം മുൻനിർത്തിയുള്ള രാഷ്‌ട്രീയം വിശ്വാസികളെ  ചൂഷണം ചെയ്യാനാണ്‌.  യുക്തിബോധമില്ലാത്തവരെ പെട്ടെന്ന്‌ ഇരകളാക്കാം. അതിന്‌ അവർക്ക്‌ കൃത്യമായ അജൻഡയുമുണ്ട്‌. അവനവന്റെ ജാതിയും മതവുമൊക്കെ തൊട്ടാൽ പൊള്ളും.  മതവിമർശം ഒഴിവാക്കേണ്ട കാര്യമല്ല. മതരാഷ്‌ട്രീയത്തെ വിമർശിക്കുന്നവരോട്‌ പുലർത്തുന്ന അസഹിഷ്‌ണുത തുറന്നുകാണിക്കുകകൂടിയാണ്‌ സിനിമ.  അരാഷ്‌ട്രീയമല്ല രാഷ്‌ട്രീയ അക്ഷേപഹാസ്യ സിനിമയാണെന്നു പറയുമ്പോഴും ഇതൊരിക്കലും ഒരു അരാഷ്‌ട്രീയ സിനിമയല്ല.  പ്രേക്ഷകർക്ക്‌ അവരുടെ ജീവിതത്തോട്‌ ബന്ധപ്പെടുത്താൻ കഴിയും. നമ്മൾ നമ്മുടെ പരിസരങ്ങളിൽ കാണുന്ന കാര്യങ്ങൾ തന്നെയാണ്‌ സിനിമയിലുള്ളത്‌.  ഒരിക്കലും ആരെയും അധിക്ഷേപിക്കുന്നില്ല. ഇതിലെ കഥാപാത്രങ്ങളെ പോലെയുള്ളവർ സമൂഹത്തിലുണ്ട്‌. അവർ  മുറിവേൽക്കും. തിരക്കഥാകൃത്ത്‌ ബിനുലാൽ കാസർകോട്ട്‌ ജോലി ചെയ്‌തിട്ടുണ്ട്‌. ആ പരിചയംകൂടി ഉപയോഗിച്ചാണ്‌  കഥാപരിസരം ഒരുക്കിയിട്ടുള്ളത്‌. ‘നോട്ടീസ്‌ വണ്ടി’ വഴി സിനിമയിൽ രണ്ട്‌ ആദ്യ സിനിമയാണ്‌. മൂന്ന് ഹ്രസ്വചിത്രം ഒരുക്കിയിട്ടുണ്ട്‌. അവസാനം ചെയ്‌ത നോട്ടീസ് വണ്ടിയെന്ന ഹ്രസ്വചിത്രത്തിന്‌ സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു. അതാണ്‌ സിനിമയിലേക്ക്‌ വഴിയൊരുക്കിയത്‌. ജി കെ പിള്ള, മധു തുടങ്ങിയവർ ഭാഗമായിരുന്നു. ചെറു ചിത്രങ്ങൾ ചെയ്‌തുനേടിയ അനുഭവവും ആത്മവിശ്വാസവുമാണ്‌ രണ്ട്‌ ചെയ്യാൻ കരുത്തുനൽകിയത്‌. ഇഷ്ടം തിയറ്റർ സിനിമ ചെയ്യാൻ ചിന്തിച്ചതുമുതൽ കുറേ കഥ കേട്ടിരുന്നു. അങ്ങനെയാണ്‌ രണ്ടിലെത്തിയത്‌. രണ്ടിൽ പ്രേക്ഷകന്‌ വ്യത്യസ്‌തമായ  അനുഭവം നൽകാൻ കഴിയുമെന്ന വിശ്വാസമുണ്ട്‌.  2017ലാണ്‌ കഥ കേട്ടത്‌.  നാലു വർഷമെടുത്താണ്‌ പൂർത്തിയാക്കിയത്‌. സിനിമ തിയറ്ററിൽ കാണിക്കണമെന്നു തന്നെയാണ്‌ ആഗ്രഹിച്ചത്‌.  നിർമാതാവിന്റെ തീരുമാനമാണ്‌ എങ്ങനെ റിലീസ്‌ വേണമെന്നത്‌. നിർമാതാവ്‌ പ്രജീവ് സത്യവ്രതൻ തിയറ്ററിൽ എത്തിക്കാമെന്നു തന്നെ തീരുമാനിക്കുകയായിരുന്നു.   Read on deshabhimani.com

Related News