‘ചേട്ടൻ വീഴില്ല, ഞാനില്ലേ കൂടെ '



മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്തെങ്കിലും എത്താൻ എന്നെപ്പോലുള്ളവർ ശ്രമിക്കും. അഭിനയിക്കുമ്പോൾ അദ്ദേഹം ഒരു പാഠപുസ്‌തകമാണ്‌. നമുക്ക്‌ കൃത്യമായ നിർദേശം തരും. ഒരുമിച്ച്‌ നടന്നുവരുന്ന രംഗമാണെങ്കിൽ തോളിലൊന്ന്‌ പിടിക്കാൻ പറയും. ആ സീൻ നന്നാകണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണത്‌. ചില അപകടകരമായ ഷോട്ടുകളിലൊക്കെ അദ്ദേഹത്തിന്റെ കരുതൽ അനുഭവിച്ചയാളാണ്‌ ഞാൻ. സ്വയം ശ്രദ്ധിക്കുന്നതിനേക്കാൾ കൂടെയുള്ളവരെ ശ്രദ്ധിക്കാനാണ്‌ ലാൽ ശ്രമിക്കുക. ‘ചേട്ടൻ വീഴില്ല, ഞാനില്ലേ കൂടെ ’ എന്നൊക്കെ പറഞ്ഞ്‌ ഒപ്പം നിൽക്കും.  നൃത്തം ചെറുപ്പത്തിൽ പഠിച്ചയാളൊന്നുമല്ല ലാൽ. ഡാൻസ്‌ മാസ്റ്റർ നർത്തകിമാരെ പഠിപ്പിക്കുമ്പോൾ ലൊക്കേഷന്റെ ഒരു വശത്തുനിന്ന്‌ ലാൽ അത്‌ നോക്കിനിൽക്കുന്നത്‌ കണ്ടിട്ടുണ്ട്‌. അവർക്കൊപ്പം ലാൽ പരിശീലിക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ നമുക്ക്‌ തോന്നും. പക്ഷേ, ടേക്‌ റെഡിയായാൽ നൃത്തം പഠിച്ചവരെപ്പോലെതന്നെ അവർക്കൊപ്പം നൃത്തംചെയ്യുന്നത്‌ കണ്ട്‌ അന്തംവിട്ടിരുന്നിട്ടുണ്ട്‌. ലാലിനെക്കുറിച്ച്‌ പല തമാശക്കഥകളും ഞാൻ സെറ്റിൽ പടച്ചുവിടാറുണ്ട്‌. കളിയാക്കലിനെ എത്ര രസകരമായാണ്‌ ലാൽ ആസ്വദിക്കാറുള്ളത്‌. തമാശ പറയുമ്പോൾ മറ്റുള്ളവർക്കൊപ്പം ലാൽ അത്‌ കേട്ട്‌ ഊറിച്ചിരിക്കും. സ്വയം ചമ്മാനുള്ള ലാലിന്റെ സന്നദ്ധത സമ്മതിക്കണം. തന്നെപ്പറ്റിയുള്ള ഏതു തമാശയും നേരമ്പോക്കും മനസ്സിലാക്കാനും അത്‌ അതിന്റെ സ്‌പിരിറ്റിൽ ഉൾക്കൊള്ളാനുമുള്ള ലാലിന്റെ കഴിവ്‌ അപാരമാണ്‌. Read on deshabhimani.com

Related News