ഇൻക്വിലാബ് പിറന്ന തൂലിക



ജനകോടികള്‍ ഏറ്റെടുത്ത ഇൻക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രവാക്യം പിറന്നത്‌ ഉറുദ്ദു കവി ഹസ്റത്ത് മൊഹാനിയുടെ തൂലികയിൽനിന്നാണ്‌. പൂർണ സ്വാതന്ത്ര്യം എന്ന നിർണായക മുദ്രാവാക്യം കോൺഗ്രസ്‌ സമ്മേളനത്തിൽ ആദ്യം ഉയർന്നതും  മൊഹാനിയിലൂടെ. 1920ൽ താഷ് കെന്റിൽ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരിച്ചതിന്റെ തൊട്ടുപിന്നാലെ ഇന്ത്യക്ക് പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം പാർടി ഉയർത്തി. 1921ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിലാണ്‌ കമ്യൂണിസ്റ്റുകാരായ - മൗലാനാ ഹസ്‌റത്ത് മൊഹാനിയും സ്വാമി കുമാരാനന്ദയും പൂർണ സ്വരാജ് എന്ന പ്രമേയം അവതരിപ്പിച്ചത്‌. പ്രമേയത്തെ മഹാത്മാഗാന്ധി എതിർത്തു. റഷ്യൻ വിപ്ലവം ആഴത്തിൽ സ്വാധീനിച്ച വ്യക്തിയായിരുന്നു മൊഹാനി. കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന മൊഹാനി കമ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യകാല സംഘാടകരിൽ  ഒരാളുമാണ്‌. കമ്യൂണിസ്റ്റ് പാർടിയുടെ കാൺപുരിലെ ആദ്യ സമ്മേളനത്തിന്റെ സ്വീകരണ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. പുരോഗമന എഴുത്തുകാരുടെ സംഘടനയുടെ ആദ്യപഥികരിൽ ഒരാൾ.   ഇന്ത്യൻ ജനതയുടെ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ മുന്നണിപ്പോരാളിയായ മൊഹാനി സ്വയം അടയാളപ്പെടുത്തിയിരുന്നത്‌ കമ്യൂണിസ്റ്റ് മുസ്ലിം എന്നാണ്‌. അലിഗഢ്‌ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെയാണ്‌ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക് അടുക്കുന്നത്. മൗലാനാ മുഹമ്മദലി ജൗഹർ, മൗലാനാ ശൗക്കത്തലി എന്നിവർ അലിഗഢിൽ സഹപാഠികളായിരുന്നു. മുസ്ലിംലീഗിന്റെ പല നിലപാടിനോടും യോജിച്ച്‌ പ്രവർത്തിച്ചപ്പോഴും ഇന്ത്യ വിഭജനത്തെ എതിർത്തു. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ ഇന്ത്യ, പാകിസ്ഥാൻ എന്നിങ്ങനെ രണ്ട്‌ രാജ്യത്തിനു പകരം സോവിയറ്റ്‌ യൂണിയൻ മാതൃകയിൽ കൂട്ടായ്‌മ രൂപീകരിക്കണമെന്നായിരുന്നു മൊഹാനിയുടെ ആഗ്രഹം. ‘സയ്യിദ് ഫദ്വ്ൽ ഹസൻ' എന്നായിരുന്നു യഥാർഥ പേര്‌. കവിതകൾ രചിച്ചിരുന്നത് ഹസ്രത്ത് എന്ന തൂലികാനാമത്തില്‍. അതിനൊപ്പം തന്റെ ജന്മദേശവും ചേർന്നാണ് ഹസ്രത്ത് മൊഹാനി എന്ന പേര്‌ സ്വീകരിച്ചത്‌. ‘ഉർദു-എ- മുഅല്ല’ എന്ന പത്രം ബ്രിട്ടീഷുകാർ നിരോധിക്കുകയും പത്രാധിപരായ മോഹാനിയെ ജയിലിൽ അയക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രധാന രചനകളിൽ പലതും ജയിലിൽ എഴുതിയവയാണ്‌. ഗുലാം അലിമുതലുള്ള ഗായകർ പാടി അനശ്വരമാക്കിയ "ചുപ് കേ ചുപ് കേ രാത് ദിൻ' അടക്കം നിരവധി ഗസലുകളുടെ രചയിതാവ്. ഭരണഘടനാ സമിതിയിലെ ഒറ്റയാൻ പ്രതിഷേധം ഭരണഘടനാ നിർമാണ സമിതിയിൽ അംഗമായിരുന്ന മൊഹാനി ഏകനായി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിൽ തയ്യാറാക്കിയ കേന്ദ്രീകരണത്തിൽ അധിഷ്ഠിതമായ ഭരണഘടന ന്യൂനപക്ഷങ്ങൾക്കെതിരായി ഉപയോഗിക്കപ്പെടുമെന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. സമിതിയിൽ സർദാർ പട്ടേലിന്റെ വാദങ്ങൾക്കെതിരെ മുസ്ലിങ്ങൾ അനാഥരല്ലെന്നും അവരുടെ അവകാശങ്ങൾക്കായി മരണംവരെ പൊരുതുമെന്നുമാണ്‌ പ്രതികരിച്ചത്‌. Read on deshabhimani.com

Related News