നഷ്‌ടമായത്‌ പ്രളയത്തിലും താങ്ങായ സൈനികനെ



ന്യൂഡൽഹി > സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ കൊല്ലപ്പെട്ട മലയാളി ഓഫീസർ എ പ്രദീപ്‌ പ്രളയത്തിൽ കേരളത്തിന്‌ താങ്ങായവരിലൊരാൾ. 2018ലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേനാ താവളത്തിൽനിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂവിൽ അംഗമായിരുന്നു പ്രദീപ്‌. സ്വമേധയാ ജോലി ഏറ്റെടുത്ത അദ്ദേഹം ഒട്ടേറെ ജീവൻ രക്ഷിച്ചിരുന്നു. പ്രദീപ് ഉൾപ്പെട്ട ദൗത്യ സംഘം ഇന്ത്യൻ പ്രസിഡന്റിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടിയിരുന്നു. ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്റെ  ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു വാറന്റ്‌ ഓഫീസർ പ്രദീപ്.   2004 ൽ വ്യോമസേനയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചശേഷം എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ട്‌ ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിച്ചു. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷനുകൾ, ഉത്തരാഖണ്ഡിലേതടക്കം പ്രളയ രക്ഷാപ്രവർത്തനത്തിലും പങ്കാളിയായി. ഏതാനും ദിവസം മുമ്പ്‌ മകന്റെ ജന്മദിനവും അച്‌ഛന്റെ  ചികിത്സാ ആവശ്യങ്ങൾക്കുമായി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസം ആണ് അപകടം. അപകടം അറിഞ്ഞ്‌ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക്‌ പോയിട്ടുണ്ട്‌. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുള്ള കുട്ടികളും കോയമ്പത്തൂരിലെ ക്വാർട്ടേഴ്‌സിൽ ആണുള്ളത്‌. പ്രദിപിന്റെ മൃതദേഹം ഇന്ന്‌ ഡൽഹിയിൽ എത്തിക്കും.  Read on deshabhimani.com

Related News