ബി പോസിറ്റീവ്‌ ഹാറൂൺ, ഇത്‌ ഫുൾ എ പ്ലസ്‌



കൊച്ചി തളർത്തിക്കിടത്താൻ നോക്കിയ ജീവിതത്തോട്‌ തോറ്റിട്ടില്ല, പിന്നെയാണോ... അക്കൗണ്ടൻസി. പത്താംക്ലാസിൽ നേടിയ ഒമ്പത് എ പ്ലസിനെ അക്കൗണ്ടൻസിയിൽ മുഴുവൻ മാർക്കോടെയുളള ഫുൾ എ പ്ലസിലൂടെ കടത്തിവെട്ടിയിരിക്കയാണ്‌ മസ്കുലർ ഡിസ്ട്രോഫി ബാധിതനായ മുഹമ്മദ് ​ഹാറൂൺ ഉബൈദ്. 12–-ാംവയസ്സിലാണ് പഠനം തുടങ്ങിയതുതന്നെ. ആറുവർഷത്തിനിടെ  സ്കൂളിൽ പോയത് പരീക്ഷയെഴുതാൻമാത്രവും. എങ്കിലും സ്‌കൂളും പഠനവും ഹാറൂണിൽ നിറഞ്ഞിരിക്കുന്നു ഈ സമാനതകളില്ലാത്ത നേട്ടത്തിലൂടെ. ആറുവർഷംമുമ്പ് സമ​ഗ്രശിക്ഷാ കേരളം എറണാകുളം യുആർസിയുടെ കീഴിലെ റിസോഴ്സ് അധ്യാപിക നിഷയാണ് സ്കൂളിൽ പോകാനാകാത്ത ഹാറൂണിനെക്കുറിച്ച്‌ അറിഞ്ഞത്. ​ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഹാറൂണിന് ചേരാനല്ലൂർ അൽ ഫാറൂഖ്യ ഹയർ സെക്കൻഡറി സ്‌കൂളിൽ ആറിൽ പ്രവേശനം നൽകി.   നിഷ ആഴ്ചയിൽ നാലുമണിക്കൂർ വീട്ടിലെത്തി പഠനത്തിന്‌ കൂട്ടിരുന്നു. മുന്നോട്ടുപോകാൻ ആത്മവിശ്വാസം നൽകി. അൽ ഫാറൂഖ്യയിൽത്തന്നെ പ്ലസ്ടുവിന് കൊമേഴ്സ്‌ എടുത്തു. വിക്ടേഴ്സ്സിലെ ഫസ്റ്റ് ബെൽ പാഠങ്ങൾ മുടങ്ങാതെ കണ്ടു. സ്കൂളിലെ വാട്സാപ്‌, സൂം ക്ലാസുകളിലും സജീവമായി. കുടുംബവും അധ്യാപകരും പൂർണപിന്തുണയേകി. വേദന കാരണം കാറിൽപ്പോലും സഞ്ചരിക്കാനാകാത്ത അവസ്ഥയിലാണ് ഹാറൂൺ. അതുകൊണ്ട് ഇലക്ട്രിക് വീൽചെയറിലെത്തിയാണ് പരീക്ഷയെഴുതിയത്. ഉപരിപഠനത്തിന്‌ ബിസിഎയ്‌ക്ക്‌ ചേരാനാണ്‌ താൽപര്യം. എല്ലാറ്റിനും പൂർണപിന്തുണ നൽകുമെന്ന് ബാപ്പ ഉബൈദുള്ളയും ഉമ്മ താജുന്നിസയും സഹോദരിമാരായ ഫാത്തിമയും സൽമയും പറയുന്നു. ചേരാനല്ലൂർ തൈക്കാവിലാണ്‌ താമസം.   Read on deshabhimani.com

Related News