ഇന്ത്യൻ 
സംഗീതത്തിന്റെ ആശ്ചര്യചൂഡാമണി - ഹരീഷ്‌ ശിവരാമകൃഷ്‌ണൻ എഴുതുന്നു



ഇന്ത്യൻ സംഗീതത്തിന്‌ അതിൽത്തന്നെ ഫോക്‌ മ്യൂസിക്കിന്‌ നാട്ടു നാട്ടുവിലൂടെ ഒരു പുരസ്‌കാരം തേടിയെത്തുന്നു, അതും ഓസ്‌കർ. വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നു. വർഷങ്ങളായി സംഗീതലോകത്ത്‌ അതികായനായി നിൽക്കുന്ന കീരവാണിക്ക്‌ കിട്ടിയ പുരസ്‌കാരത്തിലും അതിലേറെ സന്തോഷം. മൂന്നു പതിറ്റാണ്ട്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ നിറസാന്നിധ്യമായിട്ടും കീരവാണിയെന്ന വ്യക്തിയെ തേടി അംഗീകാരങ്ങൾ  എത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ ഈണത്തിൽ പിറന്ന പാട്ടുകൾ നവമാധ്യമലോകത്തുൾപ്പെടെ റീലുകളായും ഗാനശകലങ്ങളായും നിറഞ്ഞുനിൽക്കുമ്പോഴും എത്തിപ്പെടേണ്ട കാതുകളിൽ കീരവാണിയെന്ന പേര്‌ പതിയാതെ പോയി. എങ്കിലും അതിനുള്ള ഇരട്ടി മധുരംപോലെ ഇതാ. ലോകം കാതോർത്തിരുന്ന ഒരു പുരസ്‌കാരനിറവിൽ ഇന്ത്യൻ സംഗീതത്തിന്റെ ആശ്ചര്യചൂഡാമണിയായി കീരവാണി നിൽക്കുന്നു. അനവധി ഗാനങ്ങൾ മനോഹരമായി അണിയിച്ചൊരുക്കിയ കീരവാണിക്ക്‌ അംഗീകാരത്തിനുള്ള ഒരു നിമിത്തം മാത്രമായിരുന്നു ‘നാട്ടു നാട്ടു’പാട്ട്‌. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അതികായനാണ്‌ അദ്ദേഹം. ഓരോ പാട്ടിലും ആവർത്തനങ്ങളില്ലാത്ത വ്യത്യസ്‌തമായ ഈണങ്ങളുടെ ചേരുവയാണ്‌ കീരവാണിയുടെ ഗാനങ്ങളുടെ പ്രത്യേകത. അതിപ്പോൾ ബാഹുബലിയിലായാലും ദേവരാഗത്തിലായാലും സൂര്യമാനസത്തിലായാലും നീലഗിരിയിലായാലും വ്യത്യസ്‌തമായി അവതരിപ്പിക്കുന്ന ഒരു പാറ്റേണാണ്‌ കീരവാണിയുടെ ശൈലി. പാട്ടിന്റെ, വരികളുടെ പൾസ്‌ അറിഞ്ഞുള്ള ഈണങ്ങൾ കാലാതീതമായി നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ ഈണങ്ങൾ ഇനി സംഗീതലോകം ആവർത്തിച്ച്‌ കേട്ടുകൊണ്ടേയിരിക്കും. അങ്ങനെ അവ വീണ്ടും ലോകശ്രദ്ധയാകർഷിക്കും. Read on deshabhimani.com

Related News