പോരാട്ടത്തിന് ഒരു വയസ്സ്; മണ്ണിന്റെ ഉത്സവം! ഭാവി സമരപരിപാടി തീരുമാനിക്കാന്‍ ഇന്ന് സിൻഘുവിൽ യോഗം

കർഷക പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികത്തിൽ ഡൽഹിയിലെ ഗാസിപ്പുർ അതിർത്തിയിൽ നടന്ന പ്രകടനം ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി ചരിത്രംകുറിച്ച പോരാട്ടത്തിന്റെ ഒന്നാംവാർഷികം ആവേശപൂർവം ആചരിച്ച്‌ രാജ്യത്തെ കർഷകർ. കാർഷികനിയമങ്ങൾ പിൻവലിച്ച്‌ പ്രധാനമന്ത്രി ഖേദംപ്രകടിപ്പിച്ചെങ്കിലും മിനിമം താങ്ങുവിലയ്ക്ക്‌ (എംഎസ്‌പി) നിയമപരിരക്ഷ ഉൾപ്പെടെ ഉന്നയിച്ച്‌ പോരാട്ടം ശക്തിപ്പെടുത്തുമെന്ന്‌ കർഷകർ പ്രഖ്യാപിച്ചു. മുദ്രാവാക്യം മുഴക്കിയും കൊടികൾ വീശിയും ട്രാക്‌റ്ററുകളില്‍ സിൻഘു, ഗാസിപ്പുർ, ടിക്രി സമരകേന്ദ്രങ്ങളിലേക്ക്‌ കർഷക പ്രവാഹമുണ്ടായി. പഞ്ചാബ്‌, ഉത്തർപ്രദേശ്‌, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ ആയിരങ്ങള്‍ എത്തി. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽസെക്രട്ടറി ഹന്നൻമൊള്ള, ഭാരതീയ കിസാൻ യൂണിയൻ നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌, ജൻ കിസാൻ ആന്ദോളൻ നേതാവ്‌ യോഗേന്ദ്രയാദവ്‌, മേധാപട്‌കർ തുടങ്ങിയവർ പങ്കെടുത്തു.   ശനിയാഴ്‌ച സിൻഘുവില്‍ ചേരുന്ന യോഗം ഭാവിസമരപരിപാടി തീരുമാനിക്കുമെന്ന് അശോക്‌ ധാവ്‌ളെ അറിയിച്ചു. സിൻഘു അതിർത്തിയിൽ പ്രശസ്‌ത മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്‌, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽസെക്രട്ടറി മറിയം ധാവ്‌ളെ, കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ തുടങ്ങിയവർ പങ്കെടുത്തു.  ഗാസിപ്പുരിൽ വി ശിവദാസൻ എംപി പങ്കെടുത്തു. ടിക്രിയിലും ആയിരങ്ങൾ എത്തി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലും ഒന്നാം വാർഷികം ആചരിച്ചു. Read on deshabhimani.com

Related News