ഇത്‌ ഇവരുടെകൂടി വിജയം



ന്യൂഡൽഹി മഞ്ഞും മഴയും ചൂടുമൊന്നും വകവയ്‌ക്കാതെ ഒരു വർഷം നീണ്ട സഹനസമരം വിജയം കാണുമ്പോൾ ആഹ്ലാദിക്കുന്നവരിൽ സിൻഘുവിലും ടിക്രിയിലും മറ്റും ദീർഘനാൾ സമരത്തിലുള്ള ചെറിയ കുട്ടികൾമുതൽ വയോജനങ്ങൾവരെ.  മുഖമറിയാത്ത അനേകായിരങ്ങളുടെ ത്യാഗത്തിന്റെ വിജയംകൂടിയാണിത്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള എൺപത്തഞ്ചുകാരനായ കിസാൻസഭ പ്രവർത്തകൻ നിശന്തർ സിങ്‌ ഗ്രെവാൾ സിൻഘുവിലെ സമരഭൂമിയിൽ ഒരു വർഷത്തോളമായി തുടരുന്നു. അഞ്ചേക്കർ കൃഷിഭൂമിയുള്ള ഗ്രെവാൾ സമരത്തിനിടയിലും കാർഷികവൃത്തി തുടർന്നു. വിത്ത്‌ വിതയ്‌ക്കലിന്റെയും കൊയ്‌ത്തിന്റെയും മറ്റും സമയമാകുമ്പോൾ സമരഭൂമിയിൽനിന്ന്‌ ഊഴമിട്ട്‌ ഓരോ സംഘമായി പോയിവന്നു. രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള എൺപത്തഞ്ചുകാരി പാരോ ദേവി കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകർ സമരമിരുന്ന ഷാജഹാൻപ്പുരിലെ ആവേശക്കാഴ്‌ചയായിരുന്നു.  സിൻഘുവിലെ സമരകേന്ദ്രത്തിൽ പഞ്ചാബിലെ മാൻസയിൽ നിന്നെത്തിയ എൺപത്താറുകാരി ബൽജീത്‌ കൗർ ചെറുപ്പക്കാർക്കൊപ്പം  മാസങ്ങളോളം സമരകേന്ദ്രത്തിൽ തുടർന്നു. രാജസ്ഥാനിലെ ദൗസയിൽനിന്ന്‌ രാജേശ്വരിയെന്ന യുവതി ഷാജഹാൻപ്പുരിലെ സമരകേന്ദ്രത്തിൽ എത്തിയത്‌ മൂന്നുമാസംമാത്രം പ്രായമായ കൈക്കുഞ്ഞുമായാണ്‌.  സമരകേന്ദ്രത്തിൽ ഭക്ഷണം പാകം ചെയ്യുന്നതടക്കം തിരക്കുകളിൽ രാജേശ്വരി മുഴുകിയപ്പോൾ കുഞ്ഞിന്റെ ഉത്തരവാദിത്വം മറ്റ്‌ വളന്റിയർമാർ ഏറ്റെടുത്തു. Read on deshabhimani.com

Related News