തൃത്താലയുടെ ചരിത്രം തിരുത്തിയ നേതാവ്‌



കൂറ്റനാട് ഇ ശങ്കരന്റെ വേർപാടിലൂടെ തൃത്താലയ്‌ക്ക്‌ നഷ്‌ടമായത്‌ 1991ലെ നിയമസഭാതെരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച നേതാവിനെ. 1980 ൽ തൃത്താല മണ്ഡലം നിലവിൽവന്ന ശേഷം വിജയിക്കുന്ന ആദ്യ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു ഇ ശങ്കരൻ. അതിനുമുമ്പ്  എൽഡിഎഫ് സ്ഥാനാർഥികൾ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്താകെ യുഡിഎഫിന്‌ അനുകൂല സഹതാപതരംഗം  ഉണ്ടായപ്പോഴായിരുന്നു എൽഡിഎഫിന്റെ ഈ മിന്നുന്ന വിജയം. 5585 വോട്ടിന്‌ മുസ്ലിംലീഗിലെ കെ പി രാമനെയാണ്‌ പരാജയപ്പെടുത്തിയത്‌. സർക്കാർ ജീവനക്കാരനായിരുന്ന ഇ ശങ്കരൻ പാർടി തീരുമാനപ്രകാരം ജോലി രാജിവച്ച് മത്സരിച്ചാണ് എൽഡിഎഫിന് ചരിത്ര വിജയം നേടിക്കൊടുത്തത്. മികച്ച ബഹുജനബന്ധവും ജനസ്വീകാര്യതയുമാണ് ഇ ശങ്കരന്റെ വിജയത്തിന് അടിസ്ഥാനമായത്. 1991 മുതൽ 96 വരെയുള്ള അഞ്ചുവർഷം എംഎൽഎ എന്ന നിലയിൽ നടത്തിയ മികവാർന്ന പ്രവർത്തനം തൃത്താലയിലെ ജനങ്ങൾക്കിടയിൽ എൽഡിഎഫിന് നല്ല സ്വീകാര്യത നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പെരുമാറ്റവും ലാളിത്യവും എതിരാളികൾക്കിടയിലും മതിപ്പുളവാക്കി. തുടർന്ന് മുന്ന്‌ തെരഞ്ഞെടുപ്പുകളിലും തൃത്താല എൽഡിഎഫിനൊപ്പം നിന്നു. സിപിഐ എം തൃത്താല ഏരിയ കമ്മിറ്റിയംഗമായും കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയംഗമായും ദീർഘകാലം പ്രവർത്തിച്ചു. പികെഎസ് രൂപീകരിച്ചപ്പോൾ പ്രഥമ ജില്ലാ കമ്മിറ്റിയംഗമായി. കോടതി, റവന്യു വകുപ്പുകളിൽ ജീവനക്കാരനായിരിക്കുമ്പോൾ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചു. ബാലസംഘം ഏരിയ കൺവീനറായും പ്രവർത്തിച്ചു. Read on deshabhimani.com

Related News