യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവൽ ; സംവാദതീക്ഷ്ണതയിൽ 
സാഹിത്യോത്സവത്തിന്‌ തുടക്കം

യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് യുവധാര പബ്ലിഷർ വി കെ സനോജ് പുസ്തകങ്ങൾ സമ്മാനിക്കുന്നു


ഫോർട്ട്‌ കൊച്ചി> തിരതുള്ളുന്ന കടലിന്‌ അഭിമുഖമായി മൂന്ന്‌ വേദികൾ, വിഷയവൈവിധ്യത്താൽ സമ്പന്നമായ സംവാദസദസ്സുകൾ, പ്രമുഖ എഴുത്തുകാർമുതൽ സാഹിത്യ വിദ്യാർഥികൾവരെ സന്നിഹിതരായ നിറഞ്ഞ സദസ്സ്‌. ഫോർട്ട്‌ കൊച്ചിയിൽ കൊടിയേറിയ യുവധാര യൂത്ത്‌ ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്റെ ആദ്യദിനം സാഹിത്യ–-രാഷ്‌ട്രീയ സംവാദങ്ങളുടെ യൗവനതീക്ഷ്ണതയാൽ ജ്വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്‌റ്റിവൽ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യൻ രാഷ്‌ട്രീയാവസ്ഥകൾമുതൽ സമൂഹമാധ്യമങ്ങളിലെ സാഹിത്യമെഴുത്തുകളിലേക്കും പുസ്‌തക കൗതുകങ്ങളിലേക്കുവരെ നീളുന്ന ആഴവും പരപ്പുമുള്ള വിഷയങ്ങളിലാണ്‌ ചർച്ചയും സംവാദവും. വേദികളിൽ വിചാരങ്ങൾക്ക്‌ തീപിടിപ്പിച്ച്‌ രാഷ്‌ട്രീയ–-ഭരണ നേതൃത്വംമുതൽ തലയെടുപ്പുള്ള എഴുത്തുകാരും എഴുത്തിലെ പുത്തൻകൂറ്റുകാരുംവരെ. അവരുടെ അഭിപ്രായങ്ങളോട്‌ യോജിച്ചും കലഹിച്ചും സദസ്സിന്റെ സർഗാത്മക ഇടപെടലുകൾ. ഇംഗ്ലീഷ്‌, മലയാളം പുസ്‌തകങ്ങളുടെ വിപുലമായ പ്രദർശന–-വിൽപ്പന ശാലയും വേദിക്കുസമീപമുണ്ട്‌.    പെരിയാർ, മുസിരിസ്‌, കൊച്ചി എന്നിങ്ങനെ മൂന്നുവേദികളിലായി 24 വ്യത്യസ്‌ത സെഷനുകളാണ്‌ ആദ്യനാൾ അരങ്ങേറിയത്‌. ‘ഒളിച്ചുകടത്തുന്ന വിദ്വേഷം: ഇന്ത്യൻ അവസ്ഥകൾ’ സമകാല രാഷ്‌ട്രീയ ചർച്ചയോടെയാണ്‌ ഒന്നാംവേദി ഉണർന്നത്‌. എ എ റഹിം എംപിയും സംവിധായകൻ ആഷിഖ്‌ അബുവും ചർച്ചകളെ ചൂടുപിടിപ്പിച്ചു. ബുക്കർ പ്രൈസ്‌ ജേത്രി ഗീതാഞ്ജലി ശ്രീ എഴുത്തിന്റെ പിന്നാമ്പുറങ്ങളിലെ ജീവിതാനുഭവങ്ങളിലൂടെയാണ്‌ സഞ്ചരിച്ചത്‌. ‘ആർക്കറിയാം കരുണൻ പൂച്ചയെ’ ചർച്ചയിൽ സക്കറിയ തന്റെ പൂച്ചക്കഥകളിൽനിന്ന്‌ പുറത്തുചാടുന്ന രാഷ്‌ട്രീയത്തെ തുറന്നുകാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അപകടങ്ങളെ ചൂണ്ടിക്കാണിച്ചുള്ള ചർച്ചയിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ഡോ. വി ശിവദാസൻ എംപി എന്നിവർ നിരന്നു. എഴുത്തുകാരൻ ജി ആർ ഇന്ദുഗോപനും നാട്ടുകാരനായ കഥാപാത്രം മണിയൻപിള്ളയും വേദിയിൽ ഒന്നിച്ചത്‌ പുതുമയായി. സമൂഹമാധ്യമകാലത്തെ നിരൂപണം, മലയാള നോവൽ, കഥ, കവിത എന്നിവയുടെ സമകാലാവസ്ഥകളിലേക്കും ചർച്ചകൾ നീണ്ടു. കെ എൻ ഗണേഷ്‌, ടി ഡി രാമകൃഷ്‌ണൻ, പി എൻ ഗോപീകൃഷ്‌ണൻ, കെ പി രാമനുണ്ണി, അൻവർ അലി, ചിന്ത ജെറോം, മറാത്തി എഴുത്തുകാരൻ ലക്ഷ്‌മൺ ഗെയ്‌ക്‌വാദ്‌ തുടങ്ങിയ പ്രമുഖർ വിവിധ ചർച്ചകളിൽ പങ്കെടുത്തു. എഴുത്തുകാരൻ ബെന്യാമിനാണ്‌ ഫെസ്‌റ്റിവൽ ഡയറക്‌ടർ. Read on deshabhimani.com

Related News