ഗ്രാമത്തലവന്റെ മകൾ



ന്യൂഡൽഹി പല പദവികളും ദ്രൗപദി മുർമുവിനെ തേടിയെത്തിയത്‌ സവിശേഷമായാണ്‌. മുഖ്യധാരയിൽനിന്ന്‌ പിന്തള്ളപ്പെട്ട ജനവിഭാഗത്തിൽനിന്നുള്ള ദ്രൗപദിക്ക് ജീവിതം പോരാട്ടമായിരുന്നു. ദുരിതപർവം പിന്നിട്ട്‌ ഉന്നതവിദ്യാഭ്യാസം നേടി. പിന്നീട്‌ അധ്യാപികയും ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറുമായി. ഒഡിഷയിൽനിന്ന്‌ ഗവർണറായ ആദ്യ ആദിവാസി വനിത. ഇപ്പോൾ ആദിവാസി വിഭാഗത്തിൽനിന്നുള്ള പ്രഥമ രാഷ്‌ട്രപതി. ഒഡിഷ മയൂർഭഞ്ചിലെ  ഉപർബേദ ഗ്രാമത്തിൽ സാന്താൾ ആദിവാസിഗോത്ര കുടുംബത്തിൽ 1958 ജൂൺ 2നാണ്‌ ജനനം. അച്ഛൻ ബിരഞ്ചി നാരായൺ ടുട്ടുവും  മുത്തച്ഛനും ഗ്രാമത്തലവന്മാരായിരുന്നു. ഭുവനേശ്വർ രമാദേവി സർവകലാശാലയിലും റായിറങ്‌പുർ അരബിന്ദോ ഇൻസ്‌റ്റിറ്റ്യൂട്ടിലും ഉന്നത പഠനം. ഇതിനിടയിൽ സ്‌കൂൾ അധ്യാപികയായി. കുറച്ചുകാലം ഒഡിഷ ജലസേചനവകുപ്പിൽ ജീവനക്കാരി. 1997ലാണ്‌ ബിജെപിയിലെത്തിയത്‌. റായിറങ്‌പുർ പഞ്ചായത്ത്‌ അംഗം, നഗർ പഞ്ചായത്ത്‌ അധ്യക്ഷ തുടങ്ങിയ സ്ഥാനം വഹിച്ചു. ആദിവാസി മോർച്ചയുടെ ദേശീയ വൈസ്‌ പ്രസിഡന്റായിരുന്നു. ഒഡിഷയിൽ ബിജെഡി–-ബിജെപി സഖ്യസർക്കാരിൽ 2000–04ൽ മത്സ്യബന്ധനം, ഗതാഗത വകുപ്പുകളുടെ മന്ത്രിയായി. 2009 വരെ എംഎൽഎയായിരുന്നു. 2015 മെയ്‌ 18ന്‌ ജാർഖണ്ഡ്‌ ഗവർണറായി. 2021വരെ തുടർന്നു. ഛോട്ടാനാഗ്‌പുർ കുടിയാന്മ നിയമം, സാന്താൾ പർഗാന കുടിയാന്മ നിയമം എന്നിവ ഭേദഗതി ചെയ്‌ത് ജാർഖണ്ഡിലെ ബിജെപി സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഒപ്പിടാതെ മടക്കി. കോർപറേറ്റുകൾ വനഭൂമി തട്ടിയെടുക്കാൻ വഴിയൊരുക്കുന്ന ഈ നിയമനിർമാണത്തിനെതിരേ സംസ്ഥാനത്ത്‌ ആദിവാസികൾ അതിശക്തമായ പോരാട്ടം നടത്തി. ഒടുവിൽ ബിൽ പിൻവലിച്ചു. ഭർത്താവ്‌, ബാങ്ക്‌ ഉദ്യോഗസ്ഥനായിരുന്ന ശ്യാംചരൺ മുർമു 2014ൽ അന്തരിച്ചു. 2009ലും 2015നും ഇടയിലായി ഭർത്താവും  രണ്ട്‌ ആൺമക്കളും അമ്മയും സഹോദരനുമടക്കംഅടുത്ത ബന്ധുക്കളായ ആറ് പേരെ ദ്രൗപദിക്ക് നഷ്ടമായി. മകൾ ഇതിശ്രീ മുർമു ബാങ്ക്‌ ഉദ്യോഗസ്ഥ.         Read on deshabhimani.com

Related News