‘കീമോയും വഴിമാറി’, ശരിക്കും ഞങ്ങളെ വിസ്‌മയിപ്പിച്ച നേതാവ്‌



തിരുവനന്തപുരം "പാൻക്രിയാസിലെ അർബുദം ഗുരുതരമാണ്‌. കൂടിയത്‌ നാലുമാസമാണ്‌ അതിജീവിക്കുക. എന്നാൽ, അസാമാന്യ ധൈര്യത്തോടെയാണ്‌ കോടിയേരി ഇത്രകാലം രോഗത്തോട്‌ പൊരുതിയത്‌. ശരിക്കും ഞങ്ങളെ വിസ്‌മയിപ്പിച്ച നേതാവ്‌'–കോടിയേരിയിൽ അർബുദസാധ്യത ആദ്യമായി കണ്ടെത്തിയ പ്രമേഹചികിത്സകൻ ഡോ. ജ്യോതിദേവിന്റെ വാക്കുകൾ. 20 വർഷമായി കോടിയേരിയുടെ പ്രമേഹചികിത്സകനാണ്‌ എഴുത്തുകാരൻ പി കേശവദേവിന്റെ മകൻകൂടിയായ ഡോ. ജ്യോതിദേവ്‌. യാദൃച്ഛികമായി നടത്തിയ പരിശോധനയിലാണ്‌ അർബുദസാധ്യത കണ്ടെത്തിയത്‌. "2019ലെ വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പിന്റെ പിറ്റേദിവസമായിരുന്നു അത്‌. തിരക്കുകൾ ഒഴിഞ്ഞശേഷം സാധാരണപോലെ അദ്ദേഹം ഭാര്യ വിനോദിനിക്കൊപ്പം എത്തി. സാധാരണ പരിശോധനയ്‌ക്കൊപ്പം അർബുദപരിശോധനകൂടി നടത്തിയാലോയെന്ന ചോദ്യത്തിന്‌ "ആയിക്കോട്ടെ' എന്ന്‌ മറുപടി. പരിശോധനയ്ക്കുള്ള രക്തസാമ്പിൾ നൽകി അദ്ദേഹം കണ്ണൂരിലേക്ക്‌ മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. രക്തപരിശോധനയുടെ ഫലം ഞെട്ടലോടെയാണ്‌ ലാബ്‌ ടെക്‌നീഷ്യൻ വിളിച്ചുപറഞ്ഞത്‌. എന്നാൽ, അദ്ദേഹത്തോട്‌ പറയുംമുമ്പ്‌ വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചു. വീണ്ടും രക്തസാമ്പിൾ നൽകി അദ്ദേഹം മടങ്ങി. ആദ്യത്തേതിന്‌ സമാനമായ ഫലം. അപ്പോഴേക്കും അദ്ദേഹം കണ്ണൂരിലെത്തിയിരുന്നു. കാര്യം അറിയിച്ചതോടെ അവിടെത്തന്നെ സ്കാൻ  ചെയ്തു. ശേഷമാണ്‌ അമേരിക്കയിലേക്ക്‌ പോകുന്നത്‌. ശസ്‌ത്രക്രിയക്കുശേഷം കീമോതെറാപ്പി ജീവിതകാലം എടുക്കണമെന്നായിരുന്നു നിർദേശം. ചികിത്സയ്‌ക്കൊപ്പം പാർടി പരിപാടികളിലും അദ്ദേഹം സജീവമായി. ഞങ്ങൾ ഡോക്ടർമാർക്ക്‌ അത്ഭുതമായിരുന്നു കോടിയേരി’–-ജ്യോതിദേവ്‌ പറഞ്ഞു. പൊരുതി,രോഗത്തോടും അർബുദത്തോട്‌ അസാമാന്യ പോരാട്ടം നടത്തിയാണ്‌ കോടിയേരി ബാലകൃഷ്‌ണൻ മരണത്തിന്‌ കീഴടങ്ങിയതെന്ന്‌ അദ്ദേഹത്തെ ചികിത്സിച്ച അർബുദ വിദഗ്ധൻ ഡോ. ബോബൻ തോമസ്‌. രണ്ടുവർഷം പൂർണമായും കോടിയേരിയുടെ ചികിത്സച്ചുമതല  ഡോ. ബോബനായിരുന്നു. ‘ഓരോ തവണ കീമോ ചെയ്തശേഷവും അദ്ദേഹം ചടങ്ങുകൾക്കും യോഗങ്ങൾക്കും പോകുമായിരുന്നു. യോഗങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം കീമോയ്‌ക്കുള്ള തീയതി മാറ്റിനൽകിയിട്ടുപോലുമുണ്ട്‌. എല്ലാ സാഹചര്യങ്ങളിലും ഒരു സാധാരണ അർബുദബാധിതനേക്കാൾ ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഞാൻ എഴുതിയ -‘അർബുദം അറിഞ്ഞതിനപ്പുറം’- പുസ്തകം കഴിഞ്ഞ ഡിസംബറിൽ അദ്ദേഹമാണ്‌ പ്രകാശനം ചെയ്തത്‌. അന്നും രാവിലെ കീമോയെടുത്തശേഷം വൈകിട്ട്‌ ചടങ്ങിനെത്തുകയായിരുന്നു. മാനുഷികമായി ഉണ്ടാകുന്ന ക്ഷീണത്തെപ്പോലും മാറ്റിവച്ച്‌ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌–- ഡോ. ബോബൻ ഓർമ പങ്കുവച്ചു.  അമേരിക്കയിലെ ക്ലിനിക്കിൽനിന്നുള്ള നിർദേശമനുസരിച്ചായിരുന്നു ചികിത്സ. ചെന്നൈയിൽ പോകുംമുമ്പ്‌ സ്ഥിതി ഗുരുതരമായപ്പോഴും അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യ ധൈര്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. " പാൻക്രിയാസ് അർബുദം ഗുരുതരാവസ്ഥയിൽ ആയിരുന്നിട്ടുകൂടി പാർടി പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം ആർജവം കാണിച്ചു.ഐസിയുവിൽ അഡ്മിറ്റായി ആരോഗ്യസ്ഥിതിയിൽ അൽപ്പം പുരോഗതി കാണുമ്പോൾ പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കുമായിരുന്നു. പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടർ എന്ന നിലയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും പുഞ്ചിരിച്ചുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി'–-ഡോക്ടർ പറയുന്നു. ഏറ്റവും അവസാനം ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിക്കാനും എയർ ഷിഫ്‌റ്റ്‌ ചെയ്യാനും മുൻപന്തിയിൽ ഡോക്ടറുണ്ടായിരുന്നു.   Read on deshabhimani.com

Related News