പുത്തന്‍ ഐഡിയകളുമായി 
എന്നും ഞെട്ടിക്കുന്ന ജോ

എ ജെ വിത്സണും ഭാര്യ ധന്യയും


കൊച്ചി ‘‘ഡോക്ടർ ഫുൾ പോസിറ്റീവ്‌ എനർജിയാണ്‌. ഇത്രമാത്രം ഊർജം എവിടെനിന്ന്‌ സംഭരിക്കുന്നുവെന്ന്‌ നമ്മൾ അതിശയിക്കും. പുതിയ പുതിയ ഐഡിയകളുമായി എന്നും സഹപ്രവർത്തകരെ ഞെട്ടിക്കാറുണ്ട്‌’’–ഡോ. ജോ ജോസഫനെക്കുറിച്ച് പറയുമ്പോൾ ലിസി ആശുപത്രിയിലെ   കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ എ ജെ വിൽസന്റെ വാക്കുകളിലും വല്ലാത്ത ഊർജം. 20 വർഷമായി ഡോ. ജോയോടൊപ്പമാണ് വിൽസന്റെ പ്രവർത്തനം. ‘മികച്ച സംഘാടകനാണ് ഡോ. ജോ.  സഹപ്രവർത്തകരെ എല്ലാവരെയും പേരെടുത്ത്‌ വിളിക്കാനും സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കരുതാനും ഡോക്ടർക്ക് കഴിയുന്നു.  സഹപ്രവർത്തകരുടെ വീട്ടിൽ കല്യാണമായാലും മരണമായാലും   ഓടിയെത്തും. സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം ഉണ്ടാകും.   രോഗികളുടെ കൂട്ടിരുപ്പുകാരുടെ ആരോഗ്യംപോലും ഡോക്ടർ നിരീക്ഷിക്കും. അവർക്കുവേണ്ട വൈദ്യസഹായം നൽകാനും മടികാണിക്കില്ല.’ ‘കോവിഡ്‌ കാലമാണ്‌ ഡോക്ടറിലെ മികച്ച സംഘാടകനെ മനസ്സിലാക്കിത്തന്നത്‌. കോവിഡ്‌ രോഗികൾ ഒറ്റപ്പെടുന്നതും ബന്ധുക്കൾക്ക്‌ വിവരങ്ങൾ ലഭ്യമാകാത്തതുമായ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട ഡോ. ജോ, ചികിത്സാരീതികളെ ആകെ ഉടച്ചുവാർത്തു. എല്ലാവരും ഭയന്ന്‌ മാറിനിന്നപ്പോൾ പിപിഇ കിറ്റിട്ട്‌ രോഗികളുടെ അടുത്തുപോയി ക്ഷേമാന്വേഷണങ്ങൾ നടത്തി, ബന്ധുക്കളുമായി വിവരങ്ങൾ പങ്കുവച്ചു. ‘സഹപ്രവർത്തകരുടെ വീടുകളിലും ഡോക്ടർ ക്ഷേമാന്വേഷണങ്ങളുമായി എത്താറുണ്ട്‌. വാഴക്കാലയിൽനിന്ന്‌ സൈക്കിൾ ചവിട്ടി പലപ്പോഴും തൃപ്പൂണിത്തുറയിലെ എന്റെ വീട്ടിൽ വരും. 98 വയസ്സുള്ള എന്റെ അച്ഛനും ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഡോ. ജോയാണ്‌.’ മണ്ഡലം വേറെയാണെങ്കിലും സൗഹൃദങ്ങളിലൂടെ തൃക്കാക്കരയിലെ വോട്ടുകൾ ഡോക്ടർ ജോയ്‌ക്ക്‌ നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്‌ വിൽസൻ. ഭാര്യ ധന്യയും രണ്ടുമക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം തൃപ്പൂണിത്തുറയിലാണ്‌ താമസം. Read on deshabhimani.com

Related News