ചരിത്രം തിളങ്ങുന്ന പാലോറാൻ വീട്‌

മുരിങ്ങോടിയിലെ പാലോറാൻ വീട്ടിൽ പാലോറ മാതയുടെ ചെറുമകൻ രാജൻ ദേശാഭിമാനി വായനയിൽ.


പേരാവൂർ> കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത്‌ മുരിങ്ങോടി റോഡരികിലെ ഈ വീടിന്‌ നിസ്വവർഗത്തിൻെറ ജിഹ്വ ‘ദേശാഭിമാനി’യോളം പഴക്കമുള്ള ത്രസിപ്പിക്കുന്ന ചരിത്രമുണ്ട്‌. ഇത്‌ പാലോറാൻ വീട്‌. ഓമനിച്ച് വളർത്തിയ പശുക്കിടാവിനെ ദേശാഭിമാനിക്കുവേണ്ടി പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക്‌ കൈമാറിയ പാലോറ മാതയുടെ വീട്‌. സെപ്‌തംബർ 23ന്‌ വീണ്ടും ദേശാഭിമാനി പ്രചാരണത്തിന്‌ തുടക്കമാകുമ്പോൾ ഈ വീടും വീട്ടുകാരും ഇന്നും വഴികാട്ടിയാകുന്നു.  1946ൽ ദേശാഭിമാനി ദിനപത്രം കോഴിക്കോട്ടുനിന്ന്‌ പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ ഫണ്ട് ശേഖരിക്കുന്നതിന്‌ പാർടി തീരുമാനിച്ചു. ഓമനിച്ചുവളർത്തിയ പശുക്കിടാവിനെ സംഭാവനയായി നൽകി മാത പാർടിയോടും പത്രത്തോടുമുള്ള കൂറ് പ്രഖ്യാപിച്ചു. ഏഴരപ്പതിറ്റാണ്ടിനിപ്പുറം മാതയുടെ പിൻമുറക്കാരെല്ലാം ദേശാഭിമാനിയെ നെഞ്ചോടുചേർക്കുന്നു. അവരെല്ലാം ദേശാഭിമാനി വരിക്കാരും വായനക്കാരുമാണ്. മാത ജീവിച്ച പാലോറാൻ വീട്ടിൽ താമസിക്കുന്നത്‌ ചെറുമക്കളായ രാജൻ, രമേശൻ, ലത എന്നിവർ കുടുംബസമേതം. ദേശാഭിമാനിയുടെയും നാടിന്റെയും ചരിത്രത്തിന്റെ ഭാഗമാകാൻ പൂർവികർക്ക് സാധിച്ചതിൽആഹ്ലാദവും അഭിമാനവുമുണ്ടെന്ന് രാജൻ പറഞ്ഞു. ചെറുപ്പത്തിലേ തുടങ്ങിയ ദേശാഭിമാനി വായനയ്ക്ക് ഇതുവരെ മുടക്കംവന്നിട്ടില്ലെന്നും  ഗ്രാമീൺ ബാങ്ക് അസി. മാനേജരായി വിരമിച്ച രാജൻ പറഞ്ഞു. പാലോറ മാത പശുക്കിടാവിനെ നൽകിയത്‌ സാധാരണക്കാർ പാർടിയേയും പത്രത്തെയും എങ്ങനെ മാറോടു ചേർക്കുന്നുവെന്നതിന്റെ തെളിവാണ്‌.  മാതയുടെ സംഭാവനയിൽ പ്രചോദിതരായി സ്ത്രീകൾ ദേശാഭിമാനിക്കായി കെട്ടുതാലിവരെ നൽകി.  മാതയുടെ മകൻ ബാപ്പു കമ്യൂണിസ്റ്റ് പാർടിയുടെ സജീവ പ്രവർത്തകനായിരുന്നു. ജന്മി– മാടമ്പിമാരുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കുനേരെ നെഞ്ചുവിരിച്ച് പോരാടിയ ധീരൻ. പ്രമാണിവർഗവും പൊലീസും ചേർന്ന ശത്രുനിരയ്ക്കെതിരെ ബാപ്പു നടത്തിയ പോരാട്ടങ്ങൾക്ക് പാലോറ മാത പൂർണ പിന്തുണ നൽകി. 1949ൽ ആ അമ്മ വിടപറഞ്ഞെങ്കിലും ഇന്നും ജനമനസ്സിൽ ജീവിക്കുന്നു.     Read on deshabhimani.com

Related News