ദേശാഭിമാനികളുടെ ദേശാഭിമാനി

ദേശാഭിമാനി ദിനപത്രത്തിന്റെ ആദ്യകോപ്പി


കോഴിക്കോട്‌ ‘രാജ്യദ്രോഹികളുടെ സംഘമെന്നാണ്‌ കമ്യൂണിസ്‌റ്റുകാർക്കെതിരെ ശത്രുവിന്റെ പ്രചാരണം. അതിനുള്ള മറുപടി പത്രത്തിന്റെ പേരിൽ വേണം. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ വിപ്ലവകരമായ പത്രപ്രവർത്തന പാരമ്പര്യം സ്‌മരിച്ചു. ‘സ്വ’ കളഞ്ഞു. ദേശാഭിമാനി എന്ന പേര് മുന്നോട്ടുവച്ചു’’-. തൊഴിലാളിവർഗത്തിന്റെ പത്രത്തിന്‌ ദേശാഭിമാനി എന്ന പേരിട്ടതിനെക്കുറിച്ച്‌ ആദ്യ പത്രാധിപസമിതി അംഗം സി ഉണ്ണിരാജയുടെ വാക്കുകൾ. സ്വാതന്ത്ര്യസമരം മൂർധന്യത്തിലെത്തിയ സന്ദർഭം. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ  ഊർജപ്രവാഹമായ നേതാക്കളേറെയും ജയിലിലാണ്‌. നിയമവിധേയമായി പാർടി പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ പത്രം തുടങ്ങാൻ ആലോചിച്ചു. അതുപ്രകാരമാണ്‌ 1942 സെപ്‌തംബർ ആറിന്‌ കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ മുഖപത്രമായ ‘ദേശാഭിമാനി’ വാരികയായി കോഴിക്കോട്ടുനിന്ന്‌ അച്ചടി മഷിപുരണ്ടത്‌.  ‘പീപ്പിൾസ്‌ വാർ’ ആയിരുന്നു പാർടിയുടെ കേന്ദ്ര മുഖപത്രം. അതേ അർഥംവരുന്ന വാക്കാണ്‌ ഹിന്ദി, ഉറുദു, മറാഠി, ഗുജറാത്തി ഭാഷയിൽ പാർടി മുഖപത്രങ്ങൾ പേരായി സ്വീകരിച്ചത്‌. കേരളത്തിലെ പത്രത്തിന്‌  ‘ജനകീയ യുദ്ധം’ എന്നർഥം വരുന്ന പേരിട്ടാലോ എന്ന ചർച്ച ഉയർന്നു. അത്‌ തെറ്റായ സന്ദേശം നൽകുമെന്നും വർഗശത്രുക്കൾ എതിരായി ഉപയോഗിക്കുമെന്നുമുള്ള വാദമുയർന്നു. നാൽപ്പതുകൾ പാർടിയെ സംബന്ധിച്ചിടത്തോളം വിഷമ ഘട്ടമായിരുന്നു. മിക്ക നേതാക്കളും ജയിലിലും ഒളിവിലുമായി. 1942നു ശേഷമാണ്‌ അയവുവന്നത്‌. ദേശീയവാദികളായ കോൺഗ്രസുകാരിൽനിന്ന്‌ പാർടി ഒറ്റപ്പെട്ടു. കോൺഗ്രസുകാരിൽ ഒരുവിഭാഗം കമ്യൂണിസ്‌റ്റുകാരെ ഒറ്റുകാരായി കരുതി. അവരെ ശകാരിക്കാനും യോഗങ്ങളിൽ കൂവിവിളിച്ചും മറ്റും കുഴപ്പമുണ്ടാക്കാനും ശ്രമിച്ചു. ഈ സാഹചര്യത്തിലാണ്‌ പാർടി നിലപാട്‌ ജനങ്ങളോട്‌ വിശദീകരിക്കാൻ സ്വന്തം പത്രംവേണമെന്ന ആവശ്യം ശക്തമായത്‌.   Read on deshabhimani.com

Related News